ഒട്ടാവ: ദക്ഷിണ കൊറിയൻ വിമാന ദുരന്തം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കാനഡയിലും വിമാനം അപകടത്തിൽപ്പെട്ടു. നോവ സ്കോട്ടിയയിലെ ഹാലിഫാക്സ് വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ എയർ കാനഡ വിമാനത്തിന് തീപിടിക്കുകയായിരുന്നു. ആളപായമില്ല. വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ തകർന്നതാണ് അപകടകാരണം. തകർന്ന ലാൻഡിംഗ് ഗിയർ റൺവേയിൽ തൊട്ടതോടെ തീപിടിച്ചു. അപകട ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുന്നുണ്ട്. അപകടത്തെ തുടർന്ന് വിമാനത്താവളത്തിലെ എല്ലാ സർവീസുകളും താത്കാലികമായി നിറുത്തിവച്ചു. ലാൻഡിംഗ് ഗിയർ തകരാറിലായതിന്റെ കാരണം അന്വേഷിക്കുകയാണെന്ന് ഏവിയേഷൻ അധികൃതർ അറിയിച്ചു.