
തിരുവനന്തപുരം: പുതുവത്സരാഘോഷത്തിന് തിരുവനന്തപുരം ജില്ലയിൽ ഡിജെ പാർട്ടികൾ സംഘടിപ്പിക്കുന്നതിന് പൊലീസിൽ നിന്ന് അനുമതി വാങ്ങണമെന്ന് സിറ്റി പൊലീസ് കമീഷണർ നാഗരാജു ചകിലം അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്താൽ ഉത്തരവാദിത്തം ഇത്തരം സ്ഥലങ്ങളിലെ മാനേജ്മെന്റുകൾക്കായിരിക്കും എന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
മാനേജ്മെന്റോ സംഘാടകരോ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എത്തുന്നവർക്ക് എൻട്രി രജിസ്റ്റർ സൂക്ഷിക്കണം. പുതുവത്സരാഘോഷം നടക്കുന്ന സ്ഥലങ്ങളിലെ സി സി ടി വി പ്രവർത്തന ക്ഷമമായിരിക്കണമെന്നും പൊലീസിന്റെ നിര്‍ദേശമുണ്ട്.
ആഘോഷ പരിപാടികൾ നടക്കുന്ന വേദികളിലും പൊതുസ്ഥലങ്ങളിലും ബീച്ചുകളിലുമായി 1500 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷക്കായി നിയോഗിക്കും. സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യുന്നവരെ നിരീക്ഷിക്കാനും പിടികൂടാനുമായി പുരുഷ / വനിത മഫ്തി പൊലീസ് ടീമുകളുണ്ടാകും. തീരദേശ മേഖലകളിൽ മത്സ്യബന്ധന ബോട്ടുകളിലും വള്ളങ്ങളിലും മറ്റും കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുമായി മതിയായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ കടലിലേക്ക് പോകുന്നത് പതിവുള്ളതിനാൽ കടലുകൾ കേന്ദ്രീകരിച്ച് കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ് എന്നിവരുടെ പട്രോളിങ് ശക്തമാക്കുമെന്നും കമ്മീഷണർ അറിയിച്ചു.
അതിനിടെ ഫോർട്ടുകൊച്ചിയിലെ പുതുവർഷാഘോഷത്തിന്റെ ഭാഗമായി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നതിന് വിലക്ക്. ഫോർട്ടുകൊച്ചി ആർഡിഒയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. കാർണിവലിനോടനുബന്ധിച്ച് പരേഡ് മൈതാനത്താണ് ഔദ്യോഗികമായി പാപ്പാഞ്ഞിയെ കത്തിക്കുന്നതെന്നും വെളി മൈതാനത്തെ പാപ്പാഞ്ഞിയെ പൊളിച്ചുമാറ്റണമെന്നുമാണ് നിർദേശം. സുരക്ഷയൊരുക്കാനുളള ബുദ്ധിമുട്ട് കണക്കിലെടുത്താണ് വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നത് വിലക്കിയത്.
കൊച്ചിൻ കാർണിവലിനോടനുബന്ധിച്ച് നടത്തുന്ന നാടകത്തിന്റെ പേരിൽ നിന്ന് ഗവർണർ എന്നത് മാറ്റണമെന്ന് ഉത്തരവും പുറത്തുവന്നു. ഗവർണറും തൊപ്പിയും എന്ന നാടകമാണ് പുതുവത്സരാഘോഷത്തിന്റെ ഭാഗമായുളള കൊച്ചിൻ കാർണിവലിൽ ഉൾപ്പെടുത്തിയിരുന്നത്. ഭരണഘടനാ പദവിയിലിരിക്കുന്നവരെ അവഹേളിക്കുന്നതാണ് നാടകത്തിന്റെ പേരെന്ന പരാതിയിലാണ് ഫോർട്ടുകൊച്ചി ആർഡിഒയുടെ നടപടി. പേര് മാറ്റി നാടകം അവതരിപ്പിക്കാമെന്നാണ് നിർദേശം. ബിജെപി നല്കിയ പരാതിയിലാണ് നടപടി. അതേസമയം നാടകത്തില്‍ രാഷ്ട്രീയമില്ലെന്ന് കൊച്ചി നാടക് മേഖല സമിതി അറിയിച്ചു. ഇന്ന് നാടകം അവതരിപ്പിക്കില്ലെന്നും അവര്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]