
ന്യൂദല്‍ഹി- ഖത്തറില്‍ വധശിക്ഷ ഇളവ് ചെയ്ത ഇന്ത്യന്‍ മുന്‍ നാവിക സേനാ ഉദ്യോഗസ്ഥര്‍ക്ക് തടവ് ശിക്ഷ വിധിച്ചു. മൂന്ന് മുതല്‍ 25 വര്‍ഷം വരെയാണ് ഖത്തര്‍ കോടതി ശിക്ഷ വിധിച്ചത്.
മലയാളി നാവികന് മൂന്ന് വര്‍ഷമാണ് ശിക്ഷയെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിധിക്കെതിരെ ഖത്തര്‍ ഉന്നത കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
അതിനിടെ, ഇവര്‍ക്ക് ശിഷ്ടകാലം തടവ് ശിക്ഷ അനുഭവിച്ചാല്‍ മതിയെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും തടവുകാരെ കൈമാറുന്നതിന് ഖത്തറുമായുള്ള കരാര്‍ പ്രാബല്യത്തില്‍ വന്നിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഖത്തറില്‍ ചാരവൃത്തിക്ക് അറസ്റ്റിലായ മുന്‍ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ കഴിഞ്ഞ ദിവസമാണ് ഖത്തര്‍ കോടതി ഇളവു ചെയ്ത് പകരം തടവുശിക്ഷ നല്‍കിയത്.
നാവികര്‍ക്ക് ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്ന തടവു ശിക്ഷയുടെ കാലാവധി വ്യത്യസ്തമാണ്. ഈ സാഹചര്യത്തില്‍ ഖത്തറിലെ ഉന്നത കോടതിയെ സമീപിക്കുക എന്ന പോംവഴിയാണ് കുടുംബം പരിശോധിക്കുന്നത്. എല്ലാവരുടെയും അപ്പീല്‍ ഒന്നിച്ചാകും നല്‍കുക. സാധാരണ ഗതിയില്‍ അപ്പീല്‍ നല്കാന് രണ്ടു മാസം വേണം. വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെ അപ്പീല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനാണ് നീക്കം. ഉന്നത കോടതിയില്‍ നിന്ന് ഇളവു കിട്ടിയില്ലെങ്കില്‍ ഖത്തര്‍ അമീറിന് മാപ്പപേക്ഷ സമര്‍പ്പിക്കാം. സാധാരണ റമദാന് സമയത്താണ് അമീര്‍ മാപ്പപേക്ഷ അംഗീകരിക്കാറുള്ളത്. തടവുകാരെ പരസ്പരം കൈമാറുന്നതിനുള്ള കരാര്‍ ഇരുരാജ്യങ്ങള്‍ക്കുമുണ്ട്. എന്നാല്‍ ഈ കരാറിന് ഇന്ത്യ അംഗീകാരം നല്‍കിയെങ്കിലും ഖത്തര്‍ അന്തിമ അനുമതി നല്‍കിയിട്ടില്ല. വിധിയുടെ വിശദാംശം ഇതുവരെ കിട്ടിയിട്ടില്ലെന്ന് വിദേശകാര്യവക്താവ് അറിയിച്ചു. കോടതിയിലെ അപ്പീല്‍ നടപടി പൂര്‍ത്തിയായ ശേഷമേ അടുത്ത വഴി ആലോചിക്കൂ. ആവശ്യമെങ്കില്‍ ഖത്തര്‍ അമീറുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൂടുതൽ വാർത്തകൾ വായിക്കാം