
ചെന്നൈ: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ പാകിസ്ഥാന് ഓള് റൗണ്ടര്‍ ഷദാബ് ഖാന് പരിക്ക് അഭിനയിക്കുകയായിരുന്നവെന്ന് ആരോപിച്ച് മുന്‍ താരം ഉമര്‍ ഗുല്‍. ദക്ഷിണാഫ്രിക്കക്കെതിരെ ഫീല്‍ഡിംഗിനിടെ പന്ത് തലയില്‍ കൊണ്ട് പരിക്കേറ്റ ഷദാബ് പിന്നീട് ഗ്രൗണ്ട് വിട്ടിരുന്നു. തുടര്‍ന്ന് കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി ഉസാമ മിര്‍ ആണ് പാകിസ്ഥാനുവേണ്ടി ഗ്രൗണ്ടിലിറങ്ങിയത്. ഉസാമ മിര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി ബൗളിംഗില്‍ തിളങ്ങുകയും ചെയ്തു.
എന്നാല്‍ ഫീല്‍ഡിംഗിനിടെ പന്ത് തലയില്‍ കൊണ്ട ഷദാബിന് ഗുരുതരമായി പരിക്കേറ്റുവെന്ന് താന്‍ കരുതുന്നില്ലെന്ന് ഉമര്‍ ഗുല്‍ പറഞ്ഞു. ദക്ഷിണാഫ്രിക്ക തോല്‍ക്കുമെന്ന ഘട്ടമായപ്പോള്‍ ഷദാബ് ഡഗ് ഔട്ടില്‍ ക്യാമറക്ക് മുന്നില്‍ വന്ന് കൈയടിക്കുന്നത് കാണാമായിരുന്നു. നിങ്ങള്‍ പാകിസ്ഥാനിലെ 24 കോടി ജനതയുടെ വികാരം വെച്ചാണ് കളിക്കുന്നതെന്ന് മനസിലാക്കണം. അതുകൊണ്ടുതന്നെ ഷദാബിന്റെ ആവേശപ്രകടനം തനിക്ക് അത്ര ആവേശകരമായി തോന്നിയില്ലെന്നും ഉമര്‍ ഗുല്‍ പാക് ടെലിവിഷനോട് പറഞ്ഞു.
ഫീല്‍ഡിംഗിനിടെ ഷദാബിനേറ്റ പരിക്കിന് കണ്‍കഷന്‍ സബ്സറ്റിറ്റ്യൂട്ടിനെ ഇറക്കേണ്ട ആവശ്യമുണ്ടായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഗ്രൗണ്ടില്‍ നിന്ന് കയറിപ്പോയ ഷദാബ് കുറച്ചു സമയത്തിനുശേഷം ഡഗ് ഔട്ടില്‍ തിരിച്ചെത്തി. ഷദാബിന്റെ സ്കാനിംഗില്‍ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഷദാബ് മത്സര സമ്മര്‍ദ്ദത്തില്‍ നിന്ന് ഒളിച്ചോടാനുള്ള വഴിതേടിയതാണെന്നാണ് താന്‍ കരുതുന്നതെന്നും ഉമര്‍ ഗുല്‍ പറഞ്ഞു.
ചെന്നൈയിലെ ആരാധകര്‍ പാക് ടീമിന് മികച്ച പിന്തുണയാണ് നല്‍കിയതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ പാക് താരം സൊഹൈല്‍ തന്‍വീര്‍ പറഞ്ഞു. ഷദാബ് ഖാനെതിരെ ഉമര്‍ ഗുല്‍ ഉന്നയിച്ച ആരോപണങ്ങളെ തന്‍വറും പിന്തുണച്ചു. ഷദാബിന്റെ പരിക്ക് എത്രമാത്രം ഗുരുതരമാണെന്ന് നമുക്ക് അറിയില്ലെങ്കിലും ഗ്രൗണ്ട് വിട്ടശേഷം അധികം വൈകാതെ ഡഗ് ഔട്ടില്‍ തിരിച്ചെത്തിയത് കാണുമ്പോള്‍ കണ്‍കഷന്‍ ആവശ്യമായിരുന്നോ എന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ലെന്നും കൈവിരല്‍ പൊട്ടിയിട്ടും ടീമിന് ആവശ്യമാണെന്ന് കണ്ട് ബാറ്റു ചെയ്യുന്നവരെ താന്‍ കണ്ടിട്ടുണ്ടെന്നും തന്‍വീര്‍ പറഞ്ഞു.
Last Updated Oct 29, 2023, 2:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]