കോഴിക്കോട്: പറമ്പിൽ ബസാറിൽ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണാഭരണം കവർന്ന കേസിൽ പ്രതിയായ പാറക്കുളം സ്വദേശി അഖിൽ പോലീസിൻ്റെ പിടിയിലായി. മോഷണശ്രമത്തിനിടെ നാട്ടുകാരിൽ നിന്ന് രക്ഷപ്പെട്ട
ഇയാളെ ഇന്ന് പുലർച്ചെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കാക്കൂർ, എലത്തൂർ മേഖലകളിൽ ഉൾപ്പെടെ 14 മോഷണങ്ങൾ താൻ നടത്തിയതായി അഖിൽ പോലീസിനോട് സമ്മതിച്ചു.
കുടുങ്ങിയത് കക്കോടിയിലെ മോഷണശ്രമത്തിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് പറമ്പിൽ ബസാറിലെ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നത്. പ്രദേശത്ത് ചെറുതും വലുതുമായ മോഷണങ്ങൾ തുടർച്ചയായതോടെ പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.
ഇതിനിടെ, ഇന്നലെ രാത്രി കക്കോടിയിലെ ഒരു വീട്ടിൽ മോഷണ ശ്രമം നടത്തിയതാണ് പ്രതി കുടുങ്ങാൻ കാരണം. മോഷണശ്രമം അറിഞ്ഞ് നാട്ടുകാർ സംഘടിച്ചപ്പോൾ, സ്വന്തം സ്കൂട്ടർ ഉപേക്ഷിച്ച് അഖിൽ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമം സ്കൂട്ടർ കസ്റ്റഡിയിലെടുത്ത ശേഷം ക്രൈം സ്ക്വാഡും ചേവായൂർ പോലീസും സ്പെഷ്യൽ സ്ക്വാഡും ചേർന്ന് അഖിലിനായി തിരച്ചിൽ തുടങ്ങി. ഈ സമയത്താണ് മറ്റൊരു വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെടാൻ അഖിൽ ശ്രമിച്ചത്.
എന്നാൽ, മോഷ്ടിച്ച ബൈക്കുമായി അഖിൽ എത്തിയത് പോലീസിൻ്റെ മുന്നിലേക്കായിരുന്നു. ഇതോടെ ഇയാൾ പിടിയിലാവുകയും ചെയ്തു.
സാമ്പത്തിക ബാധ്യതയെ തുടർന്നാണ് മോഷണം പതിവാക്കിയതെന്നാണ് ഇയാൾ പോലീസിനോട് മൊഴി നൽകിയത്. കവർച്ച നടത്തിയ സ്വർണം വീണ്ടെടുക്കാൻ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതേസമയം, ചേവരമ്പലത്ത് ഡോക്ടറുടെ വീട്ടിൽ കയറി 40 പവൻ സ്വർണം കവർന്ന കേസിലെ പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]