ഗുവാഹത്തി: ലോകകപ്പ് സന്നാഹ മത്സരത്തില്‍ ശ്രീലങ്കയെ ഞെട്ടിച്ച് ബംഗ്ലാദേശ് തുടങ്ങി. ഗുവാഹത്തി ബര്‍സപാര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ശ്രീലങ്ക 49.1 ഓവറില്‍ 263ന് എല്ലാവരും പുറത്തായി. 68 റണ്‍സ് നേടിയ പതും നിസ്സങ്കയാണ് അവരുടെ ടോപ് സ്കോറര്‍. മെഹദി ഹസന് മൂന്ന് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 42 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. തന്‍സിദ് ഹസന് (84), മെഹിദി ഹസന് മിറാസ് (67), ലിറ്റണ്‍ ദാസ് (61) എന്നിവര്‍ തിളങ്ങി.
ഗംഭീര തുടക്കമാണ് ദാസ് – തന്‍സിദ് സഖ്യം ബംഗ്ലാദേശിന് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 131 റണ്‍സ് കൂട്ടിചേര്‍ത്തു. 21-ാം ഓവറില്‍ ദാസിനെ മടക്കി ദുഷന്‍ ഹേമന്ത ബംഗ്ലാദേശിന് ബ്രേക്ക് ത്രൂ നല്കി. മൂന്നാമനായി ക്രീസിലെത്തിയ മെഹിദി തന്‍സിദിന് പിന്തുണ നല്കി. ഇരുവരും 52 റണ്‍സ് കൂട്ടിചേര്‍ത്തു. തന്‍സിദിനെ പുറത്താക്കി ലാഹിരു കുമാര പവലിയനില്‍ തിരിച്ചെത്തിച്ചു. നാലാമനായി ക്രീസിലെത്തിയ തൗഹിദ് ഹൃദോയ് (0) ആദ്യ പന്തില്‍ തന്നെ മടങ്ങി. മെഹിദി – മുഷ്ഫിഖുര്‍ റഹീം (35) സഖ്യം ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിച്ചു.
നേരത്തെ, ടോസ് നേടിയ മികച്ച തുടക്കമാണ് ശ്രീലങ്കയ്ക്ക് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ നിസ്സങ്ക – കുശാല്‍ പെരേര (34) സഖ്യം 104 റണ്‍സ് കൂട്ടിചേര്‍ത്തു. പിന്നീട് ശ്രീലങ്ക തകരുകയായിരുന്നു. ഇതിനിടെ ആശ്വാസമായത് ധനഞ്ജയ ഡിസില്‍വ നേടിയ 55 റണ്‍സാണ്. കുശാല്‍ മെന്‍ഡിസ് (22), സധീര സമരവിക്രമ (2), ചരിത് അസലങ്ക (18), ദസുന്‍ ഷനക (3), ദിമുത് കരുണാരത്നെ (18), ദുനിത് വെല്ലാലഗെ എന്നിവരാണ് പുറത്തായ മറ്റു പ്രമുഖര്‍. കുശാല്‍ പെരേര (34) റിട്ടയേര്‍ഡ് ഹര്‍ട്ടായി.
കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക – അഫ്ഗാനിസ്ഥാന് മത്സരം കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. മത്സരത്തിന് ടോസിടാന്‍ പോലും സാധിച്ചില്ല. ഇനി മൂന്ന് മത്സരങ്ങള്‍ കൂടി സ്റ്റേഡിയത്തില്‍ അവശേഷിക്കുന്നുണ്ട്. നാളെ നെതര്‍ലന്‍ഡ്സ്, ഓസ്ട്രേലിയക്കെതിരെ കളിക്കും. ഒക്ടോബര്‍ രണ്ടിന് ന്യൂസിലന്‍ഡ് – ദക്ഷിണാഫ്രിക്ക മത്സരവും ഗ്രീന്‍ഫീല്‍ഡിലാണ്. തൊട്ടടുത്ത ദിവസം ഇന്ത്യ, നെതര്‍ലന്‍ഡ്സിനേയും നേരിടും.
സന്നാഹ മത്സരത്തിത്തിലെ റെക്കോര്‍ഡുകള്‍ കണക്കിലെടുക്കുമോ, ഐസിസി പറയുന്നത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]