
കൊല്ലം: ലൈംഗികാതിക്രമ കേസിൽ എം മുകേഷ് എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കുകയാണ് പ്രതിപക്ഷ സംഘടനകൾ. ഇന്ന് മഹിളാ കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനന്ദവല്ലീശ്വരത്തെ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തും. വനിതാ കൂട്ടായ്മയായ വിമൺ കളക്ടീവും എംഎൽഎ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കും. മുകേഷിൻ്റെ പട്ടത്താനത്തെ വീട്ടിലേക്ക് ബിജെപിയും പ്രതിഷേധ മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
എംഎൽഎക്കെതിരെ കേസെടുത്തിട്ടും രാജി വേണ്ടെന്ന സിപിഎം നിലപാട് പ്രതിയെ സംരക്ഷിക്കുന്നതിന് തെളിവാണെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആക്ഷേപം. മുകേഷ് രാജിവെക്കും വരെ സമരം തുടരാനാണ് തീരുമാനം. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ എംഎൽഎ ഓഫീസിനും വീടിനും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, തനിക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതിയിൽ, പരാതിക്കാരിക്ക് ഗൂഢലക്ഷ്യമെന്നാണ് നടനും എംഎൽഎയുമായ മുകേഷിന്റെ വാദം. തന്റെ സിനിമ രാഷ്ട്രീയ ജീവിതം തകർക്കാൻ ലക്ഷ്യമിട്ടാണ് ആരോപണമെന്ന് പറഞ്ഞ മുകേഷ്, ആരോപണം തെറ്റെന്ന് തെളിയിക്കാൻ 2009 മാർച്ച് ഏഴിന് അയച്ച മെയിൽ സന്ദേശം തെളിവായുണ്ടെന്നും വ്യക്തമാക്കി. തന്റെ മാന്യമായ പെരുമാറ്റത്തെ പരാതിക്കാരി അഭിനന്ദിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത് റിമാൻഡിലായാൽ നികത്താനാകാത്ത നഷ്ടമുണ്ടാകും. അന്വേഷണവുമായി എല്ലാത്തരത്തിലും സഹകരിക്കാമെന്നും മുകേഷ് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു.
നടൻ സിദ്ദിഖിനെതിരായ കേസ് അന്വേഷിക്കാനും പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഡിഐജി അജിത ബീഗത്തിൻ്റെ നേതൃത്വത്തിലാണ് പുതിയ സംഘം. എസ് പി മധുസൂദനൻ, ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ വിജു കുമാർ, മ്യൂസിയെ എസ്എച്ച്ഒ, എസ് ഐ എന്നിവരാണ് സംഘത്തിലുൾപ്പെട്ടിട്ടുള്ളത്. പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചതായി അറിയിച്ച് ഡിജിപി ഉത്തരവിറക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]