
പൂച്ചാക്കൽ: ആലുപ്പുഴയിൽ റോഡരികിൽ നിന്നും കിട്ടിയ സ്മാർട്ട് ഫോൺ പൊലീസിന്റെ സഹായത്തോടെ ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏല്പിച്ച സ്കൂൾ വിദ്യാത്ഥികളെ അനുമോദിച്ചു. പാണാവള്ളി പഞ്ചായത്ത് പത്താം വാർഡ് ജന്നത്തുൽ ഫിർദൗസ് കുടുംബശ്രീ ബാലസഭ അംഗങ്ങളായ പുതിയവീട് ആദിൽഷമീർ (13), പടിഞ്ഞാറേ പുതുവീട് യാസീൻ (13), തൈവീട് സാബിത്ത് (11) എന്നിവരാണ് മാതൃകാപരമായ ഇടപെടലിലൂടെ നാടിന്റെ അഭിമാനമായി മാറിയത്.
കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പൂച്ചാക്കൽ സർക്കിൾ ഇൻസ്പെക്ടർ എൻ ആർ ജോസ് വിദ്യാർത്ഥികളെ ആദരിച്ചു. വാർഡ് മെമ്പർ എസ് രാജേഷ് അധ്യക്ഷത വഹിച്ചു. സിവിൽ പൊലീസ് ഓഫിസർ ബിജോയ്, കുടുംബശ്രീ ഭാരവാഹികളായ ഇസ്മത്, റസീന, റിജിമോൾ, നിസ നവാസ് എന്നിവർ സംസാരിച്ചു. തലയോലപ്പറമ്പ് സ്വദേശി സലിമിന്റെ ഫോണാണ് വഴിയിൽ കിടന്ന് കുട്ടികൾക്ക് ലഭിച്ചത്. കുടുംബവുമൊത്ത് വടുതലയിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കുവാനെത്തി മടങ്ങുന്നതിനിടെ പൂച്ചക്കലിൽ മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്ന് വാങ്ങി തിരികെ കാറിൽ കയറുന്നതിനിടെ യാദൃശ്ചികമായി സലീമിന്റെ ഫോൺ റോഡരികിൽ വീഴുകയായിരുന്നു.
ഇവർ ഫോൺ നഷ്ടമായത് അറിയാതെ യാത്ര തുടരുകയും ചെയ്തു. അധ്യാപകന്റെ പിറന്നാൾ ദിവസം സമ്മാനം വാങ്ങുന്നതിനായി പൂച്ചാക്കലേക്ക് പോകുന്ന വഴിക്കാണ് കുട്ടികൾക്ക് റോഡരികിൽ നിന്നും ഫോൺ ലഭിച്ചത്. ഉടൻ തന്നെ മൂന്നു പേരും ചേർന്ന് പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ എത്തി ഫോൺ കൈമാറി. തുടർന്ന് പൊലീസ് അധികൃതർ ഫോൺ ഉടമസ്ഥനെ ബന്ധപെടുകയും സ്റ്റേഷനിൽ എത്തി കുട്ടികളിൽ നിന്നും ഫോൺ ഏറ്റുവാങ്ങുകയും ചെയ്തു. വടുതല ജമാ അത്ത് സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാത്ഥികളാണ് ആദിൽഷമീറും യാസീനും. ശ്രീകണ്ഠേശ്വരം എസ് എൻ ഡി എസ് വൈ യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാത്ഥിയാണ് സാബിത്ത്.
Last Updated Jul 29, 2024, 5:58 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]