

First Published Jun 29, 2024, 6:40 PM IST
ജയിലറിനു ശേഷം വിനായകൻ ശ്രദ്ധേയ വേഷത്തിൽ എത്തുന്ന ചിത്രമാണ് തെക്ക് വടക്ക്. സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തില്‍ വിനായകനൊപ്പം ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പുതിയ ആമുഖ ടീസർ ഞായറാഴ്ച ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പുറത്തു വിടുന്നു. ഞായറാഴ്ച വൈകിട്ട് ഇന്ത്യൻ സമയം ആറിനാണ് പുതിയ ടീസർ പ്രേക്ഷകരിലേക്ക് എത്തുക.
ജല്ലിക്കട്ട്, നൻപകൽ നേരത്ത് മയക്കം, ചുരുളി തുടങ്ങിയ സിനിമകളുടെ രചയിതാവും നോവലിസ്റ്റുമായ എസ് ഹരീഷിന്റെ രചനയിൽ പ്രേംശങ്കർ സംവിധാനം ചെയ്യുന്ന തെക്ക് വടക്ക് സിനിമയുടെ നേരത്തെ പുറത്തെത്തിയ ആമുഖ ടീസറുകൾ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. കെഎസ്ഇബി റിട്ട. എന്‍ജിനീയര്‍ മാധവനായി വിനായകനും അരിമിൽ ഉടമ ശങ്കുണ്ണിയായി സുരാജ് വെഞ്ഞാറമൂടും വേഷമിടുന്നു. ഇവർക്കിടയിൽ സംഭവിക്കുന്ന തമാശകളാണ് തെക്ക് വടക്ക് സിനിമയെന്ന് വ്യക്തമാക്കുന്നതാണ് ടീസറുകൾ.
“കഥാപാത്രങ്ങളുടെ മുഖഭാവം, ശരീരഭാഷ എന്നിവ പ്രേക്ഷകരിൽ എത്തുന്നതും ഇരുവരും പരിചിതരാകുന്നതും സിനിമയുടെ ആസ്വാദനത്തിന് ഗുണകരമാകും. നമ്മുടെ ചുറ്റുമുള്ള രണ്ടു പേരാണ് ഇവരും”, നിർമ്മാതാക്കളായ അൻജന ഫിലിപ്പും വി എ ശ്രീകുമാറും പറയുന്നു. മിന്നൽ മുരളി, ആർഡിഎക്സ് സിനിമകളുടെ സഹനിർമ്മാതാവായ അൻജന ഫിലിപ്പും ഒടിയൻ സിനിമയുടെ സംവിധായകനും പരസ്യ ബ്രാൻഡിങ് സ്ട്രാറ്റജിസ്റ്റുമായ വി എ ശ്രീകുമാറും സംയുക്തമായി രൂപീകരിച്ച സിനിമാ നിർമ്മാണ സംരംഭത്തിലെ ആദ്യ സിനിമയാണ് തെക്ക് വടക്ക്.
കോട്ടയം രമേഷ്, മെറിൻ ജോസ്, മെൽവിൻ ജി ബാബു, ഷമീർ ഖാൻ, വിനീത് വിശ്വം, സ്നേഹ, ശീതൾ, മഞ്ജുശ്രീ, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ തുടങ്ങി മലയാള സിനിമയിലെ പുതിയ ചിരിത്താരങ്ങളാണ് വിനായകനും സുരാജിനുമൊപ്പം ചിത്രത്തില്‍ അണിനിരക്കുന്നത്.
ആർഡിഎക്സിലെ ഹിറ്റ് ഗാനങ്ങളൊരുക്കിയ സാം സി എസ് ഗാനങ്ങൾ ചിട്ടപ്പെടുത്തി പശ്ചാത്തല സംഗീതം ഒരുക്കുന്നു. അൻവർ റഷീദിന്റെ ബ്രിഡ്ജ് സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച് കിസ്മത്ത്, വലിയപെരുന്നാൾ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഡിഒപി. രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്ററായ കിരൺ ദാസാണ് ചിത്രസംയോജനം. പ്രൊഡക്ഷൻ ഡിസൈൻ രാഖിൽ, വരികൾ ലക്ഷ്മി ശ്രീകുമാർ.
Last Updated Jun 29, 2024, 7:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]