
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ആരെ തെരഞ്ഞെടുക്കുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് ബിസിസിഐ. രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമി സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചപ്പോള്‍ നൂറുകണക്കിന് അപേക്ഷകള്‍ ലഭിച്ചെങ്കിലും ആരൊക്കെയാണ് അപേക്ഷിച്ചിരിക്കുന്നതെന്ന കാര്യം ബിസിസിഐ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വിദേശ പരിശീലകരെക്കാള്‍ ഇന്ത്യന്‍ പരിശീലകരെ തന്നെയാണ് ബിസിസിഐ പരിഗണിക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഓസ്ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്, ജസ്റ്റിന് ലാംഗര്‍, ന്യൂസിലന്‍ഡ് മുന്‍ നായകന് സ്റ്റീഫന്‍ ഫ്ലെമിംഗ് എന്നിവരെയെല്ലാം ബിസിസിഐ സമീപിച്ചിരുന്നുവെന്നും എന്നാല്‍ മൂന്ന് വര്‍ഷ കരാറില്‍ മുഴുവന്‍ സമയ പരിശീലകരാവാന്‍ ഇവരാരും തയാറായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്ററായിരുന്ന ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരിശീലകനാകുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ബിസിസിഐയോ ഗംഭീറോ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ഈ സാഹചര്യത്തില്‍ ബിസിസിഐക്ക് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. പരിശീലകനെന്നത് ഒരു കളിക്കാരന്റെ കരിയറില്‍ വലിയ പ്രാധാന്യമുള്ളയാളാണ്. അവരുടെ ഉപദേശങ്ങളും പരിശീലനവുമാണ് ഒരു കളിക്കാരനെ വാര്ത്തെടെുക്കാന് സഹായിക്കുന്നത്. ഗ്രൗണ്ടിലായാലും പുറത്തായാലും അത് അങ്ങനെതന്നെയാണ്. അതുകൊണ്ട് കോച്ചിനെ തെരഞ്ഞെടുക്കുമ്പോള്‍ ബുദ്ധിപൂര്‍വം തെരഞ്ഞെടുക്കണമെന്ന് ഗാംഗുലി എക്സ് പോസ്റ്റില്‍ പറഞ്ഞു. പരിശീലക സ്ഥാനത്തേക്ക് തുടക്കത്തില്‍ സൗരവ് ഗാംഗുലിയുടെ പേരും പരിഗണിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായിരുന്നപ്പോഴാണ് രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ പരിശീലകനായി നിയമിച്ചത്. ആദ്യം ചുമതലയേറ്റെടുക്കാന്‍ മടിച്ച ദ്രാവിഡിനെ നിര്‍ബന്ധപൂര്‍വം ഗാംഗുലി ഉത്തവാദിത്തം ഏല്‍പ്പിക്കുകയായിരുന്നു.
The coach’s significance in one’s life, their guidance, and relentless training shape the future of any person, both on and off the field. So choose the coach and institution wisely…
— Sourav Ganguly (@SGanguly99)
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് മെന്ററായിരുന്ന ഗാംഗുലി ഇന്ത്യന്‍ പരിശീലകനാവാനുള്ള സാധ്യത വിരളമാണെന്നാണ് സൂചന. ടി20 ലോകകപ്പ് വരെ ദ്രാവിഡിന് കാലാവധിയുള്ളതിനാല്‍ തിരിക്കിട്ട് പ്രഖ്യാപനം നടത്തേണ്ടെന്ന നിലപാടിലാണ് ബിസിസിഐ.
Last Updated May 30, 2024, 2:52 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]