
‘മേഘയുടെ മരണത്തിൽ കുടുംബത്തിന്റെ ആരോപണം പരിശോധിക്കും; വിട്ടുവീഴ്ചകൾ ഉണ്ടാകില്ല’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ പേട്ട റെയിൽവേ മേൽപാലത്തിനു സമീപത്തെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഐബി ഉദ്യോഗസ്ഥ മേഘയുടെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി . മേഘയുടെ മരണവുമായി ബന്ധപ്പെട്ടു കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങൾ പരിശോധിക്കുമെന്നു മന്ത്രി ഉറപ്പു നൽകി. അന്വേഷണം ത്വരിതപ്പെടുത്താൻ ശ്രമിക്കുമെന്നും അതിൽ വിട്ടുവീഴ്ചകൾ ഉണ്ടാകില്ലെന്നും അന്വേഷണത്തിന് ആവശ്യമായ നടപടി കൈക്കൊള്ളുന്നതിനു മുൻകയ്യെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മേഘയെ മരണത്തിലേക്കു നയിച്ചത് എടപ്പാൾ സ്വദേശിയും ഐബി ഉദ്യോഗസ്ഥനുമായ സുകാന്ത് സുരേഷുമായുള്ള സൗഹൃദമാണെന്നാണു കുടുംബത്തിന്റെ ആരോപണം. മകളുടെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ പരിശോധിച്ചതിൽനിന്ന് സുകാന്ത് മേഘയെ സാമ്പത്തികമായി ചൂഷണം ചെയ്തെന്ന വിവരം വ്യക്തമായിരുന്നെന്നും കുടുംബം പറഞ്ഞിരുന്നു. ട്രെയിനിങ് പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ച 2024 മേയ് മുതലുള്ള ശമ്പളത്തിന്റെ ഒരു ഭാഗം പതിവായി സുകാന്തിന്റെ അക്കൗണ്ടിലേക്കു മാറ്റിയിരുന്നു എന്നതിനു തെളിവു ലഭിച്ചതായാണ് മേഘയുടെ പിതാവ് മധുസൂദനൻ പറഞ്ഞത്. ആദ്യ കാലങ്ങളിൽ കൊടുത്തിരുന്ന പണം പലപ്പോഴായി തിരികെ മകളുടെ അക്കൗണ്ടിലേക്ക് വന്നിട്ടുള്ളതിനു രേഖയുണ്ടെങ്കിലും പിന്നീട് പണം അങ്ങോട്ടു മാത്രമാണു പോയിട്ടുള്ളതെന്നും മധുസൂദനൻ പറഞ്ഞു.
സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോപണ വിധേയനായ സുകാന്ത് സുരേഷ് ഒളിവിൽ പോയതായി സ്ഥിരീകരിച്ചിരുന്നു. ഓഫിസിലും മലപ്പുറത്തെ വീട്ടിലും തിരച്ചിൽ നടത്തിയിട്ടും ഇയാളെ കണ്ടെത്താനായില്ലെന്നും ഫോൺ ഓഫാണെന്നും പൊലീസ് അറിയിച്ചു. മേഘയെ അവസാനമായി ഫോണിൽ വിളിച്ചതും സുകാന്ത് തന്നെയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, അന്വേഷണതിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചപറ്റിയെന്നാണ് പിതാവ് മധുസൂദനൻ ആരോപിക്കുന്നത്. പ്രതിയെന്നു സംശയിക്കുന്ന ആളെ നിരീക്ഷണത്തിൽ വയ്ക്കുന്നതിൽ പൊലീസിനു വീഴ്ച്ചപറ്റിയെന്നും മധുസൂദനന് ആരോപിക്കുന്നു.