
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ -മുഖ്യമന്ത്രി പിണറായി വിജയൻ മോഡി ഭക്തനാണെന്ന് കെ.മുരളീധരൻ എം.പി. കോൺഗ്രസ് 139-ാം ജൻമവാർഷികദിനാഘോഷത്തിന്റെ ഭാഗമായി പാർട്ടി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം എം.പിമാർ ഡൽഹിയിലെത്തിയാൽ മോഡി ഏജന്റുമാരായി പ്രവർത്തിക്കുമെന്നു മുരളീധരൻ പറഞ്ഞു.
പാർലമെന്റിൽ പ്രതിഷേധം ഉയർത്തിയ 146 എം.പിമാരെ സസ്പെൻഡ് ചെയ്തു. ലോക്സഭയുടെ ചരിത്രത്തിൽ ആദ്യമായാണിത്. നവകേരള സദസ്സുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരെ കണ്ടപ്പോഴൊന്നും മുഖ്യമന്ത്രി ഇക്കാര്യത്തിൽ പ്രതികരിച്ചില്ല. സുപ്രീം കോടതി 33 തവണ മാറ്റിവെച്ച ലാവ്ലിൻ കേസിനെക്കുറിച്ചുള്ള ചിന്തയായിരുന്നു ഇതിനു പിന്നിൽ. കരുവന്നൂർ ബാങ്കിൽ കയറിയ ഇ.ഡി ക്ലിഫ് ഹൗസിലെത്തുമെന്ന ഭയവും മുഖ്യമന്ത്രിക്കുണ്ട്. സി.പി.എം-ബി.ജെ.പി അന്തർധാര കേരളത്തിൽ സജീവമാണ്.
തിരുവനന്തപുരത്ത് കാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവും എം.പിമാരും ഉൾപ്പെടെയുണ്ടായിരുന്ന വേദിയിലേക്കാണ് പോലീസ് ഗ്രനേഡ് പ്രയോഗിച്ചത്. അതേസമയം, യുവമോർച്ചക്കാർ പ്രകോപനമുണ്ടാക്കി സമരം നടത്തിയപ്പോൾ പോലീസിനു മൃദുസമീപനമായിരുന്നു. കോൺഗ്രസ് മതേതര കാഴ്ചപ്പാടുള്ള പ്രസ്ഥാനമാണ്. അയോധ്യയെ മോഡി രാഷ്ട്രീയനേട്ടത്തിനു പ്രയോജനപ്പെടുത്തുകയാണ്. അത് തെറ്റാണെന്ന് പറയേണ്ട ചുമതല കോൺഗ്രസിനുണ്ടെന്നും മുരളീധരൻ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ അധ്യക്ഷത വഹിച്ചു. ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ, നേതാക്കളായ പി.കെ.ജയലക്ഷ്മി, കെ.എൽ.പൗലോസ്, പി.പി.ആലി, കെ.കെ.വിശ്വനാഥൻ, അഡ്വ.എൻ.കെ.വർഗീസ്, പി.ടി.ഗോപാലക്കുറുപ്പ്, മംഗലശേരി മാധവൻ, എൻ.എം.വിജയൻ, ഇ.എ.ശങ്കരൻ, അഡ്വ.ടി.ജെ.ഐസക്, ഒ.വി.അപ്പച്ചൻ, എം.എ.ജോസഫ്, ഡി.പി.രാജശേഖരൻ, എൻ.സി.കൃഷ്ണകുമാർ, നജീബ് കരണി, ബിനു തോമസ്, എടക്കൽ മോഹനൻ, വി.എ.മജീദ്, പി.ശോഭനകുമാരി, ജി.വിജയമ്മ, ബീന ജോസ്, അഡ്വ.പി.ഡി.സജി, കമ്മന മോഹനൻ എന്നിവർ പ്രസംഗിച്ചു.