ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ [email protected] എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
പുക
മാനത്തൂന്ന് വെളുത്ത പുകച്ചുരുളുകളായി അവള് താഴേയ്ക്കിറങ്ങിവരുന്നത് കണ്ണിമയ്ക്കാതെ ഞാന്‍ നോക്കി നിന്നു. ഇന്നെങ്കിലും അത് ചോദിച്ചിരിയ്ക്കണം ഞാന്‍ തീരുമാനിച്ചുറപ്പിച്ചു, എന്നത്തേയും പോലെ തന്നെ.
‘എന്നെ കാത്തിരിയ്ക്ക്യായിരുന്നോ..?’
അവള് എന്നെ നോക്കി അതിമനോഹരമായി പുഞ്ചിരിച്ചു.
‘ഊം..’
ഞാന്‍ കൗതുകത്തോടെ അവളുടെ കോമ്പല്ലുകളിലേക്ക് നോക്കി, എവിടെ…?
‘ന്തേയ് നോക്കുന്നൂ…’
‘ഊഹും..’
ഞാന്‍ തല രണ്ട് വശത്തേയ്ക്കും വെട്ടിച്ചു.
‘എനിക്ക് നേരം വെളുക്കുന്നേനു മുന്നേ പോണം..വേം വാ…’
പുകച്ചുരുള്‍ കൈകള്‍ എനിയ്ക്ക് നേരെ നീണ്ടു.
ആ പുക അതിവേഗം എന്നില്‍ നിറയുന്നത് ഞാനറിഞ്ഞു.
‘നീയെപ്പോഴും എന്തിനാ എന്റെ ദേഹത്തേക്ക് കയറുന്നെ.. നിനക്കെന്റെ ഒപ്പം നടന്നാ പോരേ..’
അതിന് മറുപടി ഒരു എങ്ങല് ആയിരുന്നു, വേറെ എവിടെ നിന്നും അല്ല എന്റെ ഉള്ളില്‍ നിന്നും.
ഇത് വല്ലാത്ത അവസ്ഥ തന്നെ. ചോദ്യവും ഉത്തരവും ഒക്കെ ഒരാളുടെ ഉള്ളില്‍ നിന്ന് തന്നെ.
‘നമുക്ക് നിര്‍ത്തിയാലോ…’
അവളോടാണ്.
‘എന്ത്?’
എല്ലാം മനസ്സില്‍ തന്നെ ആണ്. ഞങ്ങള്‍ക്ക് പരസ്പരം കാതില്‍ കേള്‍ക്കുന്ന വിധത്തില്‍ സംസാരിക്കേണ്ട, ഒന്ന് ചിന്തിച്ചാ മതി അപ്പോഴേക്കും മറ്റേയാള്‍ക്ക് മനസ്സിലാവും.
‘ആ പാലത്തിന്റെ കൈവരിയ്ക്ക് മോളില് കേറി നിക്ക്..’
‘ഹെന്തിന്..?’
ഞാനാകെ പേടിച്ചു പോയി.
അവളുടെ പൊട്ടിച്ചിരി എന്റെ ഉള്ളില്‍ പടര്‍ന്നു പിടിച്ചു.
‘ശ്ശെ ന്നെ വിശ്വാസല്ലേ..? ഒന്ന് കേറി നിക്കെന്നേ..’
ഞാന്‍ എങ്ങനെയൊക്കെയോ അതിന്റെ മുകളില്‍ കേറി. ബാലന്‍സ് ചെയ്തു നില്ക്കാന് ഒത്തിരി ബുദ്ധിമുട്ടി. പെട്ടെന്നാണ് പിന്നില്‍ നിന്നാരോ ഒരൊറ്റത്തള്ളു തള്ളിയത്…!
മനുഷ്യന്റെ നല്ല പ്രാണന് പോയി. അവളോട് ഞാന്‍ അപ്പോഴേ പറഞ്ഞതാണ്..
പക്ഷേ ഞാന്‍ താഴെ പുഴയിലേക്ക് വീഴുന്നില്ല, പറക്കുകയാണ്.. ഇങ്ങനെ.. ഇങ്ങനെ… ഇങ്ങനെ..
‘ഇത് നല്ല രസമുണ്ട് കേട്ടോ..’
അത് കേട്ട് അവള് വീണ്ടും പൊട്ടിച്ചിരിച്ചു.
‘ഇത് പോലായിരുന്നു…’
‘എന്ത്..?’
എനിക്കൊന്നും മനസ്സിലായില്ല.
പ്രേതമാണെങ്കില്‍ ഒന്ന് തെളിച്ചു സംസാരിച്ചൂടെ.
ഇത് അറ്റവും മൂലയും എങ്ങും തൊട്ടും തൊടാതെയും ഉള്ള സംസാരം.
‘എനിയ്ക്കിതത്രയ്ക്ക് ഇഷ്ടപ്പെടുന്നില്ലാട്ടോ..’
തെല്ലുറക്കെത്തന്നെയാണ് ഞാന്‍ പറഞ്ഞത്.
പറഞ്ഞതും ഞാന്‍ അതിവേഗത്തില്‍ താഴോട്ട് പതിയ്ക്കാന്‍ തുടങ്ങി.
‘അയ്യോ..’
ഞാന്‍ ആര്‍ത്തു വിളിച്ചു. പക്ഷേ ഞാന്‍ പതിച്ചത് എന്റെ റൂമിലെ കട്ടിലിലാണ്.
‘മതിയാക്കിക്കോ നിന്റെ കളി..’
എന്റെ തലകറക്കം നില്‍ക്കുന്നുണ്ടായിരുന്നില്ല.
അവള് എങ്ങലടിച്ചു കരയുന്നുണ്ടായിരുന്നു.
‘ഇത് പോലെയാ പണ്ടയാള് ന്നെ പുഴയിലേയ്ക്ക് ഉന്തിയിട്ടേ…’
എന്നത്തേയും പോലെ ഇന്നും ഷര്‍ട്ട് അവളുടെ കണ്ണീരില്‍ കുതിര്‍ന്നു. ഞാന്‍ അവളുടെ തലമുടിയില്‍ തലോടിക്കൊടുത്തു.
‘സാരമില്ല… സാരമില്ല..’-ഒപ്പം മന്ത്രിച്ചു ഞാന്‍.
‘ഞാന്‍ അയാളോട് പുഴ കാണണമെന്നേ പറഞ്ഞുള്ളൂ, വണ്ടി നിര്‍ത്തി ഞാന്‍ പുഴയിലേക്ക് നോക്കുമ്പോള്‍ പിന്നില്‍ വന്ന് ഒറ്റത്തള്ളാ..’
എനിയ്ക്കത് സഹിയ്ക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ പുകച്ചുരുളിനെ വാരിപ്പുണര്‍ന്നു. വള് എന്നില്‍ പടര്‍ന്നു കയറി. എനിയ്ക്കാകെ കുളിര്‍ന്നുപോയി.
വെളുത്ത പുകച്ചുരുളിനിടയില്‍ ഇടയ്ക്കിടെ വട്ടത്തില്‍ കറുത്ത കുത്തുകള്‍ തെളിയാന്‍ തുടങ്ങി. ഓരോന്നും തെളിയുന്നതിനിടയ്ക്കവള് അസഹ്യമായ വേദനയോടെ കരയാന്‍ തുടങ്ങി. ഒടുവില്‍ വെളുത്ത പുക കറുപ്പായി രൂപാന്തരം പ്രാപിച്ചു. പച്ചമാംസം കത്തുന്നതിന്റെ അസഹ്യമായ ഗന്ധം അന്തരീക്ഷത്തിലെങ്ങും പടര്‍ന്നു.
‘ഇങ്ങനെയാ എന്നെ…’
പറഞ്ഞു തീരുന്നതിനു മുന്നേ കറുത്ത പുകച്ചുരുള്‍ അലിഞ്ഞലിഞ്ഞില്ലാതാവാന്‍ തുടങ്ങി.
‘എങ്ങനെ… എന്ത്.. നിന്നെ എന്ത് ചെയ്തു..’ ഞാന്‍ അട്ടഹസിച്ചു കൊണ്ടേയിരുന്നു, ഒരു ഭ്രാന്തനെപ്പോലെ..
ഇന്നും ഇന്നും ഞാനത് ചോദിച്ചില്ല..
എന്റെ തല പൊട്ടിപ്പൊളിയുന്നു.
‘പറഞ്ഞിട്ട് പോ..എന്താ, ആരാ ചെയ്തേ…’
എന്റെ അട്ടഹാസം അന്തരീക്ഷത്തിലെങ്ങും മുഴങ്ങി. പതിവ് പോലെ വിയര്‍ത്തു കുളിച്ചു കൊണ്ട് ഞാന്‍ കട്ടിലില്‍ എണീറ്റിരുന്നു. വിയര്‍ത്തൊട്ടിയ ഷര്‍ട്ട് ഞാന്‍ ദേഹത്തു നിന്നും പറിച്ചെറിഞ്ഞു. ജനാലയിലൂടെ ഒരു വെളുത്ത പുക അകത്തു കയറാന്‍ കാത്ത് നില്ക്കുന്നോ?
കണ്ണടച്ചു കൊണ്ട് ഞാന്‍ കയ്യില്‍ കിട്ടിയ തുണികള്‍ എല്ലാമെടുത്തു സര്‍വ്വ സുഷിരങ്ങളും അടച്ചു വച്ചു.
എന്റെ സര്‍വ്വ യുക്തികളും തകരുന്ന പോലെ. ഒരു സ്വപ്നം ഇത്ര മേല്‍ ഉറക്കം കെടുത്തുമോ?
ഭയപ്പെടുത്തുമോ?
നേരം വെളുപ്പിച്ചതും ഞാന്‍ പുറത്തിറങ്ങി വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. ഇന്നിനി ഇങ്ങോട്ടില്ല. ഏതെങ്കിലും ഹോട്ടലില്‍ മുറിയെടുക്കാം. ഒരു ദിവസമെങ്കിലും മനഃസമാധാനമായി ഉറങ്ങണം.
വല്ലതും കഴിച്ചിട്ടാവാം ഉറക്കം.
റെസ്റ്റോറന്റില്‍ കയറി.
ഒരു ചായ മാത്രം പറഞ്ഞു. എനിക്കെതിര്വശത്തേയ്ക്ക് യാതൊരു കൂസലുമില്ലാതൊരു മനുഷ്യന് കയറി ഇരുന്നു. കാലങ്ങളോളം പരിചയമുള്ളത് പോലെ അയാളെന്നെ നോക്കിച്ചിരിച്ചു.
അയാളുടെ കണ്ണുകളിലേക്ക് നോക്കിയപ്പോള്‍ വല്ലാത്തൊരു നടുക്കം എന്നില്‍ നിറഞ്ഞു.
അതേ പുകച്ചുരുള്‍..
ഒന്നില്‍ വെള്ള. മറ്റേതില്‍ കറുപ്പ്. ചുരുണ്ടു ചുരുണ്ടങ്ങനെ കിടക്കുന്നു. അങ്ങനെ നോക്കിനില്ക്കുമ്പോള് അയാള്‍ പോക്കറ്റില്‍ നിന്നും ഒരു ചുരുട്ടെടുത്തു പുകയ്ക്കാന്‍ തുടങ്ങി. അയാള്‍ പുക അകത്തേയ്ക്ക് ആഞ്ഞെടുത്തുകൊണ്ട് എന്റെ മുഖത്തേയ്ക്ക് ശക്തിയില്‍ ഊതി. അയാളുടെ കണ്ണില്‍ നോക്കി
അരുതെന്ന് വിലക്കാന്‍ ഞാന്‍ അശക്തനായിരുന്നു.
ചുരുട്ടിന്റെ പുക മനുഷ്യരൂപം പ്രാപിയ്ക്കുന്നത് തെല്ലും അനങ്ങാന്‍ പോലും കഴിയാതെ മരവിപ്പോടെ ഞാന്‍ നോക്കി നിന്നു.
‘കഡാവറുകള്‍, പിളര്‍ത്തി വച്ച കഡാവറുകള്‍ ഓരോന്നിനും ഓരോ മണമാ.. ഒരു ശരീരത്തെ കഴുകി വൃത്തിയാക്കി തലച്ചോറും വേര്‍പ്പെടുത്തി കഡാവര്‍ ആക്കുന്ന പ്രക്രിയ ഉണ്ടല്ലോ, അതൊരു ലഹരി തന്നെയാ…”
ഞാനയാളെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു, അല്ല അങ്ങനെ നോക്കാന്‍ അയാളെന്നെ പ്രേരിപ്പിച്ചു എന്ന് പറയുന്നതായിരിയ്ക്കും ശരി.
‘എത്ര കാലം സൊല്യൂഷനില്‍ കിടന്നാലും എനിയ്ക്ക് ഓരോ കഡാവറിന്റെയും മണം വേര്‍തിരിച്ചറിയാന്‍ കഴിയും..’
‘തനിയ്ക്കറിയോ..’
അയാള്‍ സ്വകാര്യമെന്നോണം ചോദിച്ചു കൊണ്ട് എന്റെ കാതുകള്ക്കരികിലേക്ക് ചുണ്ട് കൊണ്ട് വന്നു.
‘അവള്‍ക്ക് ഈ ചുരുട്ടിന്റെ മണാ..അവളെ കുളിപ്പിയ്ക്കുമ്പോള് ഞാന്‍ കണ്ടതാ ദേഹം മുഴുവന്‍ ചുരുട്ടു കൊണ്ട് പൊള്ളിച്ച പാടുകള്‍. പക്ഷേ അവള്ക്കാരുമില്ലായിരുന്നു.. അതല്ലേ ആ കൊലപാതകം പോലും ആത്മഹത്യ ആയത്. അനാഥരായാല്‍ ശവങ്ങള്‍ക്ക് പോലും വിലയില്ല…അതല്ലേ ഉണങ്ങിയ അവയവങ്ങളുമായി അവളാ ഫ്രീസറില്‍ ഇപ്പോളും കിടക്കുന്നേ..’
അയാള്‍ പതിയേ എന്റെ മൂക്കിന് നേര്‍ക്ക് പുക ഊതിവിട്ടു.
ഇപ്പോള്‍ അതിന് ചുരുട്ടിന്റെ മണമല്ല, മാംസം, പച്ച മാംസം വെന്ത മണം. ഞാനെന്റെ ഇരുമ്പുകണക്കെ ഉറച്ചു പോയ കാലുകള്‍ വലിച്ചെടുത്തു. പുറത്തേക്ക് അതിവേഗം ഓടാന്‍ ഞാന്‍ ആഗ്രഹിച്ചു. പക്ഷേ ആ പുകച്ചുരുളുകള്‍ എന്നെ അവിടെ തടഞ്ഞു നിര്‍ത്തിക്കളഞ്ഞു.
‘ഓടാന്‍ പറ്റുന്നില്ലല്ലേ.. പറ്റിയിരുന്നെങ്കില്‍ ഞാനെന്നേ ഓടിയേനല്ലോ..’
പുകച്ചുരുളുകള്‍ക്കിടയില്‍ നിന്നും അയാളുടെ ശബ്ദം ഞാന്‍ വ്യക്തമായി കേട്ടു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]