
തിരുവനന്തപുരം: ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പി പി ദിവ്യ കീഴടങ്ങിയത് സിപിഎം നിര്‍ദ്ദേശം അനുസരിച്ചെന്ന് ആക്ഷേപം. കീഴടങ്ങൽ ഉന്നയിച്ചുള്ള പ്രതിരോധത്തിനാകും ഇനി പാർട്ടിയുടെ ശ്രമം. എന്നാൽ രണ്ടാഴ്ച്ച ദിവ്യക്ക് ഒരുക്കിയ സംരക്ഷണത്തിന് വരും ദിവസങ്ങളിലും പാര്‍ട്ടി മറുപടി പറയേണ്ടിവരും.
എഡിഎം നവീൻ ബാബു മരിച്ച് രണ്ടാഴ്ചയാണ് സിപിഎമ്മിന്റെ ജില്ലാ നേതാവായ പി പി ദിവ്യ പുറംലോകത്തിന്റെ കണ്ണിൽ പെടാതെ മാറിനിന്നത്. വീഴ്ചകൾ എണ്ണിപ്പറഞ്ഞ് കോടതി മുൻകൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ മണിക്കൂറുകൾക്കകം നാടകീയമായി ദിവ്യ പൊലീസിന് മുന്നിലെത്തി. എല്ലാം പാർട്ടിയുടെ തിരക്കഥപോലെ തന്നെയെന്നാണ് ഉയരുന്നു ആക്ഷേപം. പക്ഷെ, പി പി ദിവ്യക്ക് പാർട്ടിയുടെ സംരക്ഷണമെന്ന വിമർശനം നേതാക്കൾ തള്ളുകയാണ്.
തൃശൂരിൽ കഴിഞ്ഞ ദിവസം ചേർന്ന് പാർട്ടി സെക്രട്ടറിയേറ്റും കോടതി വിധി വരട്ടെ എന്ന് പറഞ്ഞ് കാത്തിരിക്കാനാണ് തീരുമാനിച്ചത്. പുറത്ത് എഡിഎമ്മിൻ്റെ കുടുംബത്തിനൊപ്പമെന്ന് പറയുമ്പോഴും ദിവ്യക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയതും പാർട്ടി തന്നെ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയത് തന്നെ വ്യാപക പ്രതിഷേധത്തിനൊടുവിലായിരുന്നു. കോടതി തീരുമാനം വരും മുമ്പ് ദിവ്യയോട് കീഴടങ്ങാൻ നിർദ്ദേശിക്കാത്തതും പാർട്ടി ദിവ്യക്കൊപ്പമായിരുന്നുവെന്നതിൻ്റെ തെളിവാണ്. ഈ സംരക്ഷണമാകും ഉപതെരഞ്ഞെടുപ്പ് കാലത്ത് ഇനിയും പാർട്ടിയെ പ്രതിരോധത്തിലാക്കുക. കീഴടങ്ങിയതോടെ അടുത്ത ചോദ്യം ദിവ്യക്കെതിരായ സംഘടനാ നടപടിയാണ്. സമ്മേളനകാലത്ത് നടപടി പതിവില്ല. പക്ഷെ ശക്തമായ വിമർശനം ഉയരുന്ന സാഹചര്യത്തിൽ അതിന് പാർട്ടി മുതിരുമോ എന്നാണ് ഇനി അറിയേണ്ടത്. പാർട്ടി കുടുംബം കൂടിയായ എഡിമ്മിൻ്റെ ഭാര്യയുടെ പ്രതികരണം അടക്കം പാർട്ടിയെ കൂടുതൽ സമ്മർദ്ദത്തിലാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]