
കണ്ണൂർ: മുൻകൂർ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള സെഷൻസ് കോടതി ഉത്തരവിൽ പിപി ദിവ്യയ്ക്കെതിരെ ഗൗരവതരമായ കണ്ടെത്തലുകൾ. സാധാരണ പുറപ്പെടുവിക്കാറുള്ള മുൻകൂർ ജാമ്യ ഉത്തരവുകളേക്കാൾ സമഗ്രമായ വിധിയിൽ കേസിന്റെ നിയമപരമായ നിലനിൽപ്പ് വിശദമായി ചർച്ച ചെയ്യുന്നുണ്ട്. ക്ഷണിച്ചിട്ടാണ് നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ എത്തിയതെന്ന ദിവ്യയുടെ വാദം കോടതി തള്ളിക്കളയുകയായിരുന്നു.
പൊതുപ്രവർത്തകയായ താൻ അഴിമതിക്കെതിരെ കർശന നിലപാട് എടുക്കുന്നയാളാണ്. തീർത്തും സദുദ്ദേശപരമായിരുന്നു അന്നത്തെ പ്രസംഗം. സമൂഹത്തിനു മുന്നിൽ ആ സന്ദേശം എത്തിക്കാനായിരുന്നു വീഡിയോ പ്രചരിപ്പിച്ചത്. ദിവ്യയുടെ ഈ വാദങ്ങൾ ഓരോന്നും കോടതി തള്ളിക്കളയുന്നുണ്ട്. ക്ഷണിക്കാത്ത സ്വകാര്യ ചടങ്ങിൽ വീഡിയോഗ്രാഫറുമായി എത്തുന്നതിന്റെ ലക്ഷ്യമെന്തെന്ന് മനസിലാവുന്നില്ലെന്ന് നിരീക്ഷിച്ച തലശ്ശേരി സെഷൻസ് കോടതി ജഡ്ജ് കെടി നിസാർ അഹമ്മദ് വീഡിയോ ചിത്രീകരിക്കാൻ പദ്ധതിയിട്ടതും പ്രചരിപ്പിച്ചതും നവീനെ മേലുദ്യോഗസ്ഥര്‍ക്കും സഹപ്രവർത്തകർക്കും മുൻപിൽ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയാണെന്ന് കണ്ടെത്തി. ദിവ്യയുടെ പ്രവൃത്തി ദുരുദ്ദേശപരമാണ്. അതിനാലാണ് നവീന്റെ ജന്മദേശമായ പത്തനംതിട്ടയിലും വീഡിയോ പ്രചരിപ്പിക്കപ്പെട്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.
പെട്രോൾ പമ്പിനായി അപേക്ഷ നൽകിയ ടിവി പ്രശാന്ത് എഡിഎമ്മിനെതിരെ ഉന്നയിച്ച അഴിമതി ആരോപണത്തിന് ഒരു തെളിവും ഹാജരാക്കാൻ പ്രതിക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി കണ്ടെത്തി. ഗംഗാധരൻ എന്ന മറ്റൊരു പരാതിക്കാരനെപ്പറ്റി ദിവ്യ പറയുന്നുണ്ട്. എന്നാൽ, ആ പരാതിയിൽ നവീൻ ബാബു അഴിമതി കാട്ടിയെന്ന ആരോപണമേ ഇല്ലെന്ന കുടുംബത്തിന്റെ വാദമാണ് കോടതി അംഗീകരിച്ചത്.
പ്രസംഗം ഒരാളെ ആത്മഹത്യയിലേക്ക് തള്ളിവിടാൻ ഉദ്ദേശിച്ചതല്ലെന്നും അതിനാൽ പ്രേരണാ കുറ്റം നിലനിൽക്കില്ലെന്നുമായിരുന്നു ദിവ്യയുടെ മറ്റൊരു വാദം. എന്നാൽ പ്രസംഗവും അതേ തുടർന്നുണ്ടായ സംഭവങ്ങളുമാണ് മണിക്കൂറുകൾക്കുള്ളിൽ നവീന്റെ ആത്മഹത്യക്ക് ഇടയാക്കിയതെന്ന വസ്തുത ചൂണ്ടിക്കാട്ടി ആ വാദവും കോടതി തള്ളിക്കളഞ്ഞു. കേസ് നിലവിലുണ്ടെന്ന് അംഗീകരിച്ചാലും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന ദിവ്യയുടെ വാദം സുമിത പ്രദീപ് വേഴ്സസ് അരുൺ കുമാർ കേസിലെ സുപ്രീം കോടതി വിധി ഉദ്ധരിച്ചാണ് കോടതി തള്ളിയത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് മുൻകൂർ ജാമ്യം നൽകുമ്പോള് കണക്കിലെടുക്കേണ്ട പല ഘടകങ്ങളിൽ ഒന്ന് മാത്രമാണ്. ഇക്കാര്യം മാത്രം പരിഗണിച്ച് ജാമ്യം നൽകാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിച്ചേക്കാം എന്ന ആശങ്കയും കോടതി ഉത്തരവില്‍ പങ്കുവെച്ചു.
പിപി ദിവ്യയെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയി; വൻപൊലീസ് സന്നാഹം, കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]