
.news-body p a {width: auto;float: none;}
ശ്രീനഗർ: ഭീകരരെ കണ്ടെത്താനുള്ള ദൗത്യത്തിനിടെ വീരമൃത്യു വരിച്ച് സൈനിക നായ ഫാന്റം. ഇന്നലെ നടന്ന ദൗത്യത്തിനിടെയായിരുന്നു വീരമൃത്യു. ഒപ്പമുള്ളവർ വെടിയേറ്റ് വീണാൽ പോലും പതറാത്ത രാജ്യത്തിന്റെ ധീര സൈനികരുടെ പോലും കണ്ണുകൾ നനയിച്ചിരിക്കുകയാണ് ഫാന്റത്തിന്റെ വേർപാട്.
തിങ്കളാഴ്ച ജമ്മു കാശ്മീരിലെ അഖ്നൂർ സെക്ടറിൽ ഭീകരരുടെ ഒളിത്താവളങ്ങൾക്കായുള്ള തെരച്ചിലിനിടെയാണ് ഫാന്റത്തിന് വെടിയേറ്റത്. രാവിലെ ആറരയോടെ സേനയുടെ ആംബുലൻസിന് നേരെ ഭീകരാക്രമണമുണ്ടായി. സൈനികർ പ്രത്യാക്രമണം നടത്തിയതോടെ ഭീകരർ സമീപത്തെ വനമേഖലയിലേക്ക് രക്ഷപ്പെട്ടു. പിന്നാലെ സൈന്യം ഭീകരർക്കായുള്ള തെരച്ചിൽ ആരംഭിക്കുകയായിരുന്നു. ഒരു കെട്ടിടത്തിന്റെ നിലവറയിൽ ഒളിച്ചിരിക്കുന്ന നിലയിൽ ഭീകരരെ കണ്ടെത്തിയതോടെ വെടിവയ്പ്പ് ആരംഭിച്ചു. ഇതിനിടെയാണ് തെരച്ചിൽ സംഘത്തിന് വഴികാട്ടിയിരുന്ന സൈനിക നായ ഫാന്റത്തിന് വെടിയേറ്റത്.
അധികം വൈകാതെ ഫാന്റത്തിന് ജീവൻ നഷ്ടമായതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘ഞങ്ങളുടെ ഹീറോ, ധീരനായ സൈനിക നായ ഫാന്റത്തിന്റെ അത്യുന്നതമായ ജീവത്യാഗത്തെ ഞങ്ങൾ സല്യൂട്ട് ചെയ്യുന്നു. നമ്മുടെ സൈന്യം ഭീകരർക്ക് നേരെ അടുക്കുമ്പോൾ ഫാന്റത്തിന് ശത്രുക്കളുടെ വെടിയേൽക്കുകയായിരുന്നു. അവന്റെ ധൈര്യവും വിശ്വസ്തതയും സമർപ്പണബോധവും ഞങ്ങൾ ഒരിക്കലും മറക്കില്ല’, ഫാന്റത്തിന് അന്ത്യാഭിവാദ്യമർപ്പിച്ച് സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർ എക്സിൽ കുറിച്ചു. ഫാന്റത്തിന്റെ ചിത്രങ്ങളും പങ്കുവച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബെൽജിയൻ മെലിനോയ്സ് വിഭാഗത്തിൽപ്പെട്ട നായയായ ഫാന്റം 2020 മേയ് 25നാണ് ജനിച്ചത്. ഉത്തർപ്രദേശിലെ മീററ്റിലെ റീമൗണ്ട് വെറ്ററിനറി കോറിലായിരുന്നു പരിശീലനം. ഇതിന് ശേഷം 2022 ഓഗസ്റ്റ് 12 മുതൽ ഫാന്റം സേനയുടെ ഭാഗമാണ്. നേരത്തേ 2022 ഒക്ടോബർ ഒമ്പതിന് ജമ്മു കാശ്മീരിലെ അനന്ത്നാഗിലെ ഭീകര വിരുദ്ധ ദൗത്യത്തിനിടെ സൈനിക നായയായ സൂം വീരമൃത്യു വരിച്ചിരുന്നു.