
.news-body p a {width: auto;float: none;}
കൊച്ചി: പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ വൈൻ ഉൽപ്പാദിപ്പിക്കാൻ2022ൽ സർക്കാർ പ്രഖ്യാപിച്ച വൈനറി പദ്ധതിയുടെ വീര്യം ചോർന്നു. കുറഞ്ഞവിലയ്ക്ക് വൈൻ വിപണിയിൽ എത്തിക്കാനാവാത്തതും നടപടിക്രമങ്ങളിലെ സങ്കീർണതകളുമാണ് വെല്ലുവിളി. വീര്യം കുറഞ്ഞ മദ്യമായിട്ടും ഇളവുകളില്ല.
കാസർകോട് ഭീമനടിയിലെ കർഷകനായ സെബാസ്റ്റ്യൻ പി. അഗസ്റ്റിൻ മാത്രമാണ് ലൈസൻസ് നേടിയത്.
കാർഷിക സർവകലാശാലയുടെ നിള വൈനിന് ലൈസൻസ് ലഭിച്ചെങ്കിലും മുന്നോട്ടുപോയിട്ടില്ല.
മാമ്പഴം, ചക്ക, പപ്പായ, പൈനാപ്പിൾ, കപ്പ തുടങ്ങിയവയിൽനിന്ന്, 15.5 ശതമാനം വീര്യമുള്ള വൈൻ ഉത്പാദിപ്പിക്കാനാണ് അനുമതി. ഓരോ സീസണിലും പാഴാകുന്ന പഴങ്ങൾ കൊണ്ട് മേന്മയുള്ള വൈൻ ഉത്പാദിപ്പിക്കുന്നത് കാർഷികമേഖലയ്ക്ക് നേട്ടമാകുമെന്ന് കരുതി.
നേരിട്ട് വിൽക്കാനാവില്ല
നിർമ്മിക്കുന്ന വൈൻ ബിവറേജസ് കോർപ്പറേഷന് കൈമാറണം. അവിടെനിന്ന് വാങ്ങി സൂപ്പർമാർക്കറ്റുകളിലും മറ്റും വിൽക്കാം. അപ്പോഴേക്കും വില രണ്ടര ഇരട്ടിയാകും.
നടപടിക്രമങ്ങൾ
ലൈസൻസിന് അപേക്ഷ ലഭിച്ചാൽ കൃഷിവകുപ്പ് അസി. ഡയറക്ടർ അദ്ധ്യക്ഷനും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണർ,മരാമത്ത് അസി. എക്സി. എൻജിനിയർ, ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് ഇൻസ്പെക്ടർ എന്നിവർ അംഗങ്ങളായുള്ള സമിതി സാങ്കേതികവിദ്യ, ഗുണനിലവാരം തുടങ്ങിയവ പരിശോധിച്ച് എക്സൈസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകും. അപേക്ഷകന്റെ പേരിൽ അബ്കാരി കേസുകളുണ്ടാകരുത്.
കീശയിലൊതുങ്ങില്ല
വൈനറിക്ക് ചെലവ് 30 ലക്ഷം. അനുബന്ധ ചെലവുകൾ വേറെ. ലൈസൻസ് ഫീ വർഷം 50,000. ബോട്ട്ലിംഗിന് മൂന്നുവർഷത്തേക്ക് 1,65,000 രൂപ ഒന്നിച്ചടയ്ക്കണം.നാലുമുറികളുള്ള വാർക്കകെട്ടിടം വേണം. പഴങ്ങൾ തരംതിരിക്കാനും സൂക്ഷിക്കാനും പുളിപ്പിക്കാനും ബോട്ട്ലിംഗിനും ഓരോമുറി. ഒരു വാതിലേ പാടുള്ളൂ. ടാങ്കുകൾ, ഫിൽറ്ററിംഗ്-ബോട്ട്ലിംഗ് മെഷീനുകൾ വേണം. ശമ്പളവും വാഹനങ്ങളുടെ ചെലവും വേറെ.
ചെലവും നടപടിക്രമങ്ങളും വെല്ലുവിളിയാണ്. കരിക്കിൻ വെള്ളത്തിൽ നിന്നാണ് വൈൻ ഉത്പാദിപ്പിക്കുന്നതെങ്കിൽ ഒരു ലിറ്ററിന് 4 കരിക്ക് വേണം. ചക്കയും മാങ്ങയും മറ്റുമാണെങ്കിൽ ഓരോ കിലോ.
ലൈസൻസ് നേടിയ സെബാസ്റ്റ്യൻ പി. അഗസ്റ്റിൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]