കോഴിക്കോട് ∙ കോഴിക്കോട്ടെ കക്കോടി കേന്ദ്രീകരിച്ച് അടുത്തിടെ ഉണ്ടായ ചെറുതും വലുതുമായ പതിനഞ്ചോളം കവർച്ചയ്ക്കു പിന്നിലെ പ്രതി പിടിയിൽ. ചേവായൂർ, എലത്തൂർ, കാക്കൂർ സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത വിവിധ കേസുകളിലെ പ്രതി അഖിൽ (32) ആണ് പൊലീസ് പിടിയിലായത്.
ചേവായൂർ
സ്റ്റേഷൻ പരിധിയിലെ കക്കോടി പ്രിൻസ് ഓഡിറ്റോറിയത്തിനു സമീപം കുറ്റിവയലിലെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി മോഷണശ്രമം നടത്തുന്നതിനിടെ വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് അഖിൽ ഇറങ്ങിയോടിയിരുന്നു. നിലവിൽ ഇയാൾ കക്കോടി ചെറുകുളം ശശീന്ദ്രബാങ്കിനു സമീപം ഒറ്റത്തെങ്ങ് എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
കോഴിക്കോട് സിറ്റി ഡപ്യൂട്ടി കമ്മിഷണർ അരുൺ കെ.പവിത്രന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും മെഡിക്കൽ കോളജ് എസിപി ഉമേഷിന്റെ നേതൃത്വത്തിലുള്ള ചേവായൂർ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കടുത്ത സാമ്പത്തിക ബാധ്യതയാണ് മോഷണത്തിലേക്കു തിരിയാൻ പ്രേരിപ്പിച്ചതെന്ന് ചോദ്യം ചെയ്യലിൽ അഖിൽ പറഞ്ഞു. ഓണം അവധി ദിവസങ്ങളിൽ വീട് പൂട്ടി ആളുകൾ പോകാൻ സാധ്യതയുണ്ടെന്നതു മനസ്സിലാക്കിയായിരുന്നു മോഷണങ്ങൾ.
യൂ ട്യൂബിൽ നിന്നും മോഷണ രീതികൾ പഠിച്ചാണ് ഇയാൾ മോഷ്ടിക്കാൻ ഇറങ്ങിയതെന്നും പൊലീസ് പറഞ്ഞു.
∙ പിടിയിലായത് ഒരു നാടിന്റെ ഉറക്കം കെടുത്തിയ കള്ളൻ
സിറ്റി ക്രൈം സ്ക്വാഡിന്റെയും ചേവായൂർ പൊലീസിന്റെയും നിരന്തര നിരീക്ഷണത്തിനൊടുവിലാണ് പ്രതിയായ അഖിൽ പിടിയിലായത്. പറമ്പിൽ ബസാറിലെ വീട്ടിൽ നിന്നും 25 പവൻ സ്വർണവും പണവും മോഷ്ടിച്ച സംഭവത്തിൽ നടന്ന അന്വേഷണത്തിൽ ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നു നടത്തിയ അന്വേഷണമാണ് അഖിലിന്റെ അറസ്റ്റിൽ നിർണായകമായത്.
തൊട്ടടുത്ത ദിവസങ്ങളിലായി മേഖലയിൽ നിരവധി മോഷണങ്ങൾ നടക്കുന്നതായും മോഷ്ടാവ് സിൽവർ നിറത്തിലുള്ള സ്കൂട്ടർ ഉപയോഗിച്ചാണ് മോഷ്ടിക്കാനെത്തുന്നതെന്നും ജാഗ്രതയോടെ നിലകൊള്ളണമെന്നും ചേവായൂർ പൊലീസ് നാട്ടുകാർക്ക് നിർദേശം നൽകിയിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം കക്കോടിയിലെ വീട്ടിൽ മോഷണത്തിനെത്തിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി പൊലീസിനെ വിളിച്ചപ്പോൾ സ്കൂട്ടർ അവിടെ ഉപേക്ഷിച്ച് അഖിൽ രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് പ്രതി എലത്തൂർ സ്റ്റേഷൻ പരിധിയിലെ മോരിക്കരയിൽ നിന്നും മറ്റൊരു സ്കൂട്ടർ മോഷണം നടത്തി രക്ഷപ്പെട്ടു. ഈ സ്കൂട്ടർ പിന്തുടർന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.
∙ ഡോക്ടറുടെ വീട്ടിലെ മോഷണത്തിൽ അന്വേഷണം സജീവം
ചേവരമ്പലത്ത് പുതിയോട്ടിൽ പറമ്പിൽ ഡോ.ഗായത്രിയുടെ വീട്ടിൽ നിന്ന് ഞായറാഴ്ച 38 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ കവർന്ന കേസിൽ അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണ്.
കവർച്ച നടന്നതായി കരുതുന്ന ഞായറാഴ്ച പുലർച്ചെ 1.50ന് വീട്ടിലെ സിസി ടിവിയിൽ പതിഞ്ഞയാളുടെ വിവരങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. വീട്ടിനുളളിൽ നിന്ന് പ്രതിയുടേതെന്ന് കരുതുന്ന വിരലടയാളവും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഗവ.മെഡിക്കൽ കോളജ് അനസ്തീഷിയ വിഭാഗം ഡോക്ടറായ ഗായത്രിയും കുടുംബവും കഴിഞ്ഞ 11 ന് തിരുവനന്തപുരത്തേക്ക് പോയതായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്.
വീട് പൂട്ടി പോകുന്നവർ തൊട്ടടുത്ത സ്റ്റേഷനുകളിൽ ഈ വിവരം അറിയിക്കണമെന്ന നിർദേശമാണ് പൊലീസ് മുന്നോട്ട് വയ്ക്കുന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]