തിരുവനന്തപുരം: അരുവിക്കരയിൽ പമ്പിംഗ് പുനഃരാരംഭിച്ചതിനാൽ ജലവിതരണത്തിൽ തടസ്സമുണ്ടാവില്ലെന്ന് കേരള വാട്ടർ അതോറിറ്റി. അരുവിക്കരയിലെ വാട്ടർ അതോറിറ്റിയുടെ 86 എംഎൽഡി ജലശുദ്ധീകരണശാലയിലെ എയർവാൽവിനുണ്ടായ തകരാർ പരിഹരിക്കാൻ നടത്തിയ അറ്റകുറ്റപ്പണികൾ ഒരു മണിക്കൂർ കൊണ്ടു പൂർത്തീകരിച്ച് പമ്പിംഗ് പുനഃരാരംഭിച്ചുവെന്ന് അധികൃതർ അറിയിച്ചു.
അറ്റകുറ്റപ്പണികൾക്കായി പമ്പിംഗ് നിർത്തിവച്ചത് അരമണിക്കൂർ മാത്രമായതിനാൽ ജലവിതരണത്തിൽ കാര്യമായ തടസ്സമുണ്ടായില്ല. 86 എംഎൽഡി ജലശുദ്ധീകരണശാലയിൽ നിന്ന് ജലവിതരണം നടത്തുന്ന എല്ലായിടങ്ങളിലും പതിവുപോലെ വെള്ളം ലഭിക്കുമെന്നും വാട്ടർ അതോറിറ്റി വ്യക്തമാക്കി.
തലസ്ഥാനത്ത് ഇന്ന് 101ഓളം സ്ഥലങ്ങളിൽ കുടിവെള്ളം മുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിപ്പ് പുറത്തുവന്നത്. അരുവിക്കരയിലെ ജല ശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതാണ് ജലവിതരണം മുടങ്ങാൻ കാരണമെന്നും രാവിലെ 10 മണിമുതൽ വൈകിട്ട് ആറുമണിവരെയാണ് കുടിവെള്ളം തടസപ്പെടുകയെന്നുമായിരുന്നു അറിയിപ്പ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുറച്ച് നാളുകളായി തലസ്ഥാന നഗരിയിൽ ഇടയ്ക്കിടെ വെള്ളം മുടങ്ങുന്നത് നഗരവാസികളെ ദുരിതത്തിലാക്കിയിരുന്നു. നാഗർകോവിൽ റെയിൽപാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പൈപ്പിന്റെ പണികൾക്കായി ആറുദിവസം കുടിവെള്ളം മുടങ്ങിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.