ടെൽ അവീവ്: ഇസ്രയേലിന് എത്താൻ കഴിയാത്ത ഒരു സ്ഥലവും ഇല്ലെന്ന് ഇറാന് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയെ വധിക്കാനായത് ചരിത്രപരമായ വഴിത്തിരിവെന്ന് നെതന്യാഹു അവകാശപ്പെട്ടു. ഹിസ്ബുല്ല തലവനെ കൊലപ്പെടുത്തിയ ശേഷവും ലെബനനിൽ കനത്ത ആക്രമണം തുടരുകയാണ് ഇസ്രയേൽ. ലോക രാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ഇസ്രയേൽ കരയുദ്ധം തുടങ്ങിയേക്കും.
1980-കളിലെ സ്ഫോടനങ്ങൾ ഉൾപ്പെടെ ഇസ്രയേലികൾക്കും വിദേശ പൗരന്മാർക്കുമെതിരെ നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്തത് നസ്റല്ലയാണെന്ന് നെതന്യാഹു ആരോപിച്ചു. 1983ൽ ബെയ്റൂട്ടിലെ യുഎസ് എംബസിയിലെ ആക്രമണത്തിൽ 63 പേർ കൊല്ലപ്പെട്ടത് ഉൾപ്പെടെ നെതന്യാഹു ചൂണ്ടിക്കാട്ടി. ഹിസ്ബുല്ലയെ തളർത്താൻ ‘ഭീകരനായ’ നസ്റല്ലയുടെ മരണം അത്യന്താപേക്ഷിതം ആയിരുന്നുവെന്നും നെതന്യാഹു പറഞ്ഞു.
നസ്രല്ല വധം ഇറാന് മുന്നറിയിപ്പ് നൽകാനുള്ള അവസരമായി കൂടി ഉപയോഗിച്ചിരിക്കുകയാണ് നെതന്യാഹു. ഇസ്രയേലിന് അപ്രാപ്യമായ ഒരിടവും ഇറാനിലോ മിഡിൽ ഈസ്റ്റിലോ ഇല്ലെന്നാണ് നെതന്യാഹു പറഞ്ഞത്- “ആയത്തുല്ലയുടെ ഭരണകൂടത്തോട് ഞാൻ പറയുന്നു, ഞങ്ങളെ ആരടിച്ചാലും തിരിച്ചടിക്കും”. ശത്രുക്കളെ ആക്രമിക്കുന്നത് തുടരാനും ബന്ദികളായവരെ തിരികെ വീടുകളിലെത്തിക്കാനും തീരുമാനിച്ചു കഴിഞ്ഞെന്ന് നെതന്യാഹു വ്യക്തമാക്കി.
ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുല്ല നേതാവ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടത്. ഇക്കാര്യം സംഘടന സ്ഥിരീകരിച്ചു. ഇസ്രയേലിനെതിരായ പോരാട്ടം തുടരുമെന്നാണ് ഹിസ്ബുല്ലയുടെ പ്രതികരണം. ലബനനിലും പശ്ചിമേഷ്യയിലും ഏറ്റവും സ്വാധീനമുളള സായുധ സംഘടനയായി മാറിയ ഹിസ്ബുല്ലയ്ക്കും സംഘടനയ്ക്ക് എല്ലാ പിന്തുണയും നൽകുന്ന ഇറാനും കനത്ത തിരിച്ചടിയാണ് ഹസൻ നസ്റല്ലയുടെ കൊലപാതകം.
സംഭവത്തെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി ശക്തമായി അപലപിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇറാൻ പരമോന്നത നേതാവിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. നസ്റല്ലയുടെ കൊലപാതകത്തെ ഹമാസും അപലപിച്ചു. സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് ഭീകരാക്രമണമാണ് ഇസ്രയേൽ നടത്തുന്നതെന്ന് ഹമാസ് ആരോപിച്ചു.
1992ൽ 32 ആം വയസിലാണ് ഹിസ്ബുല്ലയുടെ തലപ്പത്തേക്ക് ഷെയിഖ് ഹസൻ നസ്റല്ല എത്തിയത്. ലെബനനിലും പശ്ചിമേഷ്യയിലും ഏറ്റവും സ്വാധീനമുളള സായുധ സംഘടനയായി ഹിസ്ബുല്ലയെ വളർത്തിയെടുത്തതും നസ്റല്ലയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]