
തൃശ്ശൂർ : അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷാചരണത്തിന്റെ ഭാഗമായി ചെറുധാന്യ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വിപണന ബോധവല്‍ക്കരണ ക്യാമ്പയിനിന്റെ ഭാഗമായി ‘നമ്ത്ത് തീവനഗ’ എന്ന പേരില്‍ നടത്തുന്ന ചെറുധാന്യ സന്ദേശ യാത്രയുടെ ജില്ലാതല ഉദ്ഘാടനം കളക്ട്രേറ്റ് അങ്കണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. പരിപാടിയുടെ ഫ്ളാഗ് ഓഫ് കര്‍മ്മം ജില്ലാ കളക്ടര്‍ വി.ആര് കൃഷ്ണതേജ നിര്‍വ്വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ നേതൃത്വത്തിലാണ് ‘നമ്ത്ത് തീവനഗ’ സംഘടിപ്പിച്ചത്. ആരോഗ്യകരമായ ജീവിതം വാര്‍ത്തെടുക്കുന്നതിന് ചെറുധാന്യങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് പി.കെ ഡേവിസ് മാസ്റ്റര്‍ പറഞ്ഞു.
പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും റാഗി, ചാമ, വരഗ്, ചോളം, കമ്പ്, കുതിരവാലി തുടങ്ങിയ ചെറു ധാന്യങ്ങളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. ചെറു ധാന്യങ്ങളുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുന്നതിന് വേണ്ടി ‘നമത്ത് തീവനഗ’ എന്ന പേരില്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന ചെറു ധാന്യ ഉല്‍പ്പന്ന പ്രദര്‍ശന സന്ദേശയാത്രയുടെ ഭാഗമായാണ് പ്രദര്‍ശനവും വിപണനവും നടത്തിയത്. അട്ടപ്പാടിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന തനത് ചെറുധാന്യങ്ങളുടെ ഉദ്പ്പാദനം വര്‍ദ്ധിപ്പിക്കുകയും വിപണനം ഉയര്‍ത്തുകയും എല്ലാ ജില്ലകളിലേക്കും ചെറുധാന്യ കൃഷി വ്യാപിക്കുകയുമാണ് സന്ദേശയാത്രയുടെ ലക്ഷ്യം.
അട്ടപ്പാടിയിലെ വന വിഭവങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളുടെ വില്‍പ്പനയും നടന്നു. ചാമഅരിയുടെ പായസം, കമ്പ് പായസം, ഊരുകാപ്പി, റാഗി പഴംപൊരി, വനസുന്ദരി, സ്വലൈമിലന് തുടങ്ങിയവ പോഷകാഹാരശാലയില് വ്യത്യസ്തമായി. തിന അവില്, മില്ലറ്റ് മിക്സ്, ചാമദോശ പ്പൊടി, കാപ്പിപ്പൊടി, കുരുമുളക്, ചാമ, റാഗി, ചോളം, തിന എന്നിവയുടെ പൊടികളും ആളുകളെ ആകര്‍ഷിച്ചു. വിവിധ ധാന്യങ്ങളുടെ വിത്തുകളുടെ പ്രദര്‍ശനവും ക്യാമ്പയിന്റെ മാറ്റുകൂട്ടി.
ചെറുധാന്യങ്ങളുടെ കൃഷിരീതിയും പ്രാധാന്യവും എന്ന വിഷയത്തില്‍ മണ്ണൂത്തി കൃഷി വിജ്ഞാനകേന്ദ്ര അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഇ.ആര് അനീന സെമിനാര്‍ അവതരിപ്പിച്ചു. അട്ടപ്പാടി സ്പെഷ്യല്‍ പ്രോജക്ട് ലൈവ്ലി ഹുഡ് കോഡിനേറ്റര്‍ കെ.പി കരുണാകരന്, പാരാ പ്രൊഫഷണല്‍ ഉഷ മുരുകന് എന്നിവരുടെ നേതൃത്വത്തില്‍ ചെറുധാന്യങ്ങളെക്കുറിച്ച് ക്ലാസ്സ് നടത്തി.
ഉദ്ഘാടന ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന് കോഡിനേറ്റര്‍ ഡോ. എ. കവിത അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷന് കോഡിനേറ്റര്‍ എസ്.സി നിര്‍മ്മല്‍, അസിസ്റ്റന്റ് ജില്ലാ മിഷന് കോഡിനേറ്റര്‍ കെ.കെ പ്രസാദ്, അട്ടപ്പാടി സ്പെഷ്യല്‍ പ്രോജക്ട് കോഡിനേറ്റര്‍ കെ.പി കരുണാകരന്, വിവിധ കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]