അഫ്ഗാനിസ്ഥാനിലെ വിദ്യാർത്ഥിനികൾ വിദേശത്തുപോയി പഠിക്കുന്നത് തടഞ്ഞ് താലിബാൻ. നാട്ടിലെ കോളജുകളിൽ നിന്ന് വിദ്യാർത്ഥിനികളെ വിലക്കിയതോടെ പലരും സ്കോളർഷിപ്പ് നേടി വിദേശ സർവകലാശാലകളിൽ പഠിക്കാൻ ആരംഭിച്ചിരുന്നു. എന്നാൽ, ഇതിനാണ് ഇപ്പോൾ താലിബാൻ ഭരണകൂടം തടയിട്ടിരിക്കുന്നത്. ബിബിസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
കോളജുകളിൽ നിന്ന് വിദ്യാർത്ഥിനികളെ വിലക്കിയതിനു പിന്നാലെ ദുബായ് സർവകലാശാലയിൽ പഠിക്കാൻ 100 വിദ്യാർത്ഥിനികൾക്ക് സ്കോളർഷിപ്പ് ലഭിച്ചിരുന്നു.ഷെയ്ഖ് ഖലാഫ് അഹ്മദ് അൽ ഹബതൂർ എന്ന കോടീശ്വരനാണ് 2022 ഡിസംബറിൽ ഈ കുട്ടികൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ചത്. ഇതിൽ ചിലർ ദുബായിലെത്തിക്കഴിഞ്ഞു. എന്നാൽ, ഇപ്പോൾ ടിക്കറ്റും സ്റ്റുഡൻ്റ് വീസയും കാണുമ്പോൾ തങ്ങളെ വിമാനത്താവളത്തിൽ നിന്ന് തിരികെ അയക്കുകയാണെന്ന് വിദ്യാർത്ഥിനികൾ പറയുന്നു. സ്റ്റുഡൻ്റ് വീസയിൽ രാജ്യം വിടാൻ വിദ്യാർത്ഥിനികൾക്ക് അനുവാദമില്ലെന്നാണ് താലിബാൻ അധികൃതർ ഇവരോട് പറയുന്നത്. ഏകദേശം 60ഓളം വിദ്യാർത്ഥിനികളെ വിമാനത്താവളത്തിൽ വച്ച് തിരികെ അയച്ചു എന്നാണ് വിവരം.
സ്ത്രീകൾ ഒറ്റക്ക് വിദേശത്തേക്ക് പോകുന്നത് താലിബാൻ തടഞ്ഞിരുന്നു. പിതാവ്, സഹോദരൻ, ഭർത്താവ് എന്നിവരിൽ ആരെങ്കിലുമുണ്ടെങ്കിലേ സ്ത്രീയ്ക്ക് യാത്ര ചെയ്യാൻ അനുവാദമുള്ളൂ. ഇങ്ങനെ സഞ്ചരിക്കാൻ ശ്രമിച്ചവരെയും താലിബാൻ തിരികെ അയച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]