കിഴക്കൻ ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലുള്ള ഡോങ്യിങ് നഗരത്തിൽ കഴിഞ്ഞ ജൂലൈ 15-നാണ് അപ്രതീക്ഷിത അപകടം നടന്നത്. ജീവനുള്ള ചീവീടിനെ പോലുള്ള ‘സീ കേഡ’ (Sea cicada) ഷഡ്പദങ്ങളെ പിടിക്കുന്നതിനിടയിലാണ് ഭാര്യ കാൽവഴുതി മാൻഹോളിൽ വീണത്.
ഗുരുതരമായി പരിക്കേറ്റ ഭാര്യയെ രക്ഷപ്പെടുത്താനായി ഭർത്താവും അഞ്ച് മീറ്റർ ആഴമുള്ള കുഴിയിലേക്ക് ഇറങ്ങുകയായിരുന്നു. കോളനിയിലെ ഹരിതാഭമായ പ്രദേശത്ത് രാത്രികാലങ്ങളിൽ ഷഡ്പദങ്ങളെ വേട്ടയാടുന്നതിനിടെയാണ് ദമ്പതികൾ അപകടത്തിൽപ്പെട്ടത്.
പെയ്ത മഴയെത്തുടർന്ന് പുൽച്ചെടികൾക്ക് ഉണ്ടായിരുന്ന വഴുക്കലും സ്ഥലത്തെ വെളിച്ചക്കുറവുമാണ് യുവതി മാൻഹോളിലേക്ക് വീഴാൻ കാരണമെന്ന് വ്യക്തമായിട്ടുണ്ട്. വീഴ്ചയുടെ ആഘാതത്തിൽ പരിക്കേറ്റ് അനങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലായ ഭാര്യയെ കണ്ട
ഭർത്താവ്, പരിഭ്രാതിയോടെ ഒട്ടും ആലോചിക്കാതെ അഞ്ച് മീറ്റർ താഴ്ചയുള്ള മാൻഹോളിലേക്ക് സ്വയം ഇറങ്ങുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് മൊബൈൽ ഫോൺ വഴി അധികൃതരെ വിവരമറിയിക്കുകയും അഗ്നിശമന സേനയുടെ സഹായം തേടുകയും ചെയ്തു.
വിവരമറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ പരിശോധനകൾക്ക് ശേഷം ദമ്പതികളെ കണ്ടെത്തുകയായിരുന്നു. സേനാംഗങ്ങളിൽ ഒരാൾ മാൻഹോളിലേക്ക് ഇറങ്ങി യുവതിയെ സുരക്ഷാ ബെൽറ്റുകളും മറ്റ് ഉപകരണങ്ങളും ധരിപ്പിച്ച് വിജയകരമായി മുകളിലെത്തിച്ചു.
ഇതിനുശേഷമാണ് ഭർത്താവിനോട് സമാനമായ രീതിയിൽ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് സ്വയം മുകളിലേക്ക് കയറുവാൻ നിർദ്ദേശം നൽകിയത്. പരിക്കേറ്റ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു.
വേനൽക്കാലത്ത് പരമ്പരാഗതമായി ഭക്ഷണമുണ്ടാക്കാൻ ‘സീ കേഡ’കളെ പിടിക്കുന്നത് ഷാൻഡോങ്ങിലെ പതിവാണ്. ഇവയെ വറുത്തും ബാർബിക്യു ചെയ്തുമാണ് സാധാരണയായി ഭക്ഷിക്കുന്നത്.
“ഷാൻഡോങ്ങിൽ എത്തുന്ന ഒരൊറ്റ സീ കേഡയും ജീവനോടെ തിരിച്ചുപോകില്ല” എന്നൊരു തമാശയും ചൈനീസ് സോഷ്യൽ മീഡിയയിൽ സജീവമാണ്. ഈ സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് വിവിധ അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്.
ഭർത്താവിന്റെ സ്നേഹത്തെയും പരസ്പരമുള്ള കരുതലിനെയും പ്രകീർത്തിച്ച് ഒരുവിഭാഗം എത്തിയപ്പോൾ, മാൻഹോളിലേക്ക് ചാടുന്നതിന് പകരം ഭർത്താവ് മുകളിൽ നിന്ന് രക്ഷാപ്രവർത്തകർക്ക് വഴി കാണിച്ചു കൊടുക്കുകയായിരുന്നു വേണ്ടിയിരുന്നതെന്ന് മറ്റു ചിലർ വിമർശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

