‘വസ്ത്രം ധരിച്ചാണല്ലോ സൂംബ ചെയ്യുന്നത്, മണി പവറും മസിൽ പവറുമുണ്ടെന്ന പേരിൽ അടിച്ചേൽപിക്കുന്നത് ശരിയല്ല’
ആലപ്പുഴ ∙ സ്കൂളുകളിൽ സൂംബ നൃത്തം ഏർപ്പെടുത്താനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ എസ്എൻഡിപി യോഗം പൂർണമായും പിന്തുണയ്ക്കുന്നെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അതിനെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടു മുസ്ലിം സമുദായത്തിലെ ഒരു വിഭാഗം നേതൃത്വം നിലപാടെടുത്തതു ശരിയല്ല.
മത സംസ്ഥാനം സ്ഥാപിക്കാനാണു ശ്രമിക്കുന്നതെന്ന് ആരെങ്കിലും വ്യാഖ്യാനിച്ചാൽ തെറ്റു പറയാനാകില്ല. മതവിശ്വാസികളെയും അവരുടെ നേതൃത്വത്തെയും അനുസരിച്ചാണു സർക്കാർ എല്ലാം ചെയ്യുന്നത് എന്നു വരുന്നതു ശരിയല്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Also Read
ഒരു കൂട്ടായ്മയ്ക്കു മണി പവറും മസിൽ പവറുമുണ്ടെന്ന പേരിൽ അടിച്ചേൽപിക്കുന്ന നയം കാണിക്കുന്നതു ശരിയല്ല. അവരുടേതായ ആധിപത്യമോ ധാർഷ്ട്യമോ നടപ്പാക്കാനാണു ശ്രമം.
ഇതു കാണുന്ന മറ്റു മതവിഭാഗക്കാർക്കു മനഃപ്രയാസവും വിദ്വേഷവും ഉള്ളിലുണ്ട്. വസ്ത്രം ധരിച്ചാണല്ലോ സൂംബ ചെയ്യുന്നത്.
എന്തിനെയും എതിർക്കാൻ വേണ്ടി എതിർക്കുന്നത് എന്തിനാണ്. സ്കൂളിന്റെ സമയക്രമം മാറ്റിയതിനെയും ചിലർ എതിർത്തു.
അര മണിക്കൂർ കൂടുതലെടുത്താൽ കുട്ടികൾക്കു കൂടുതൽ പഠിക്കാമല്ലോ. എല്ലാ സമുദായങ്ങളും ചേർന്ന സമൂഹമാണു വേണ്ടത്.
വെറുതേ മതവിദ്വേഷവും മതവികാരവുമുണ്ടാക്കാൻ ശ്രമിക്കുന്ന ശക്തികൾ പിന്മാറണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതുകൊണ്ടു നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്നു കരുതുന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
നിലമ്പൂർ യുഡിഎഫിന്റെ സീറ്റാണ്, അവിടെ ലീഗും കോൺഗ്രസും ഒരേ മനസ്സോടെ നിന്നാണു കോൺഗ്രസ് വിജയിച്ചത്. എൽഡിഎഫ് തോറ്റെന്നു പറയാനാകില്ല, നല്ല മാർജിനുള്ള വോട്ട് കിട്ടി.
പി.വി.അൻവറിന്റെ ശക്തി തിരിച്ചറിയാൻ സർക്കാരിനു കഴിഞ്ഞില്ല. അൻവറിന്റെ ജനോപകാര പ്രവർത്തനങ്ങളുടെ ഫലമായാണ് 20,000 വോട്ടുകിട്ടിയതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Also Read
അൻവർ പാർട്ടിക്കു വിധേയനായാൽ എടുക്കാമെന്നു പറഞ്ഞതു കോൺഗ്രസിൽ നിന്ന് അടുത്തിടെയുണ്ടായ നല്ല നിലപാടാണ്. അതിനു തയാറാകാതെ വന്നപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെ ശക്തമായ നിലപാടെടുത്തു.
ലീഗിന് അൻവറിനെ എടുത്താൽ കൊള്ളാമെന്നുണ്ടായിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ കൂട്ടായ്മയുടെ വിജയമാണ് നിലമ്പൂരിലേത്.
യഥാർഥ വിജയം ലീഗിന്റേതാണ്. നിലമ്പൂർ ജയിച്ചെന്ന് അഭിമാനിക്കുന്ന കോൺഗ്രസ് ഗ്രൂപ്പുകളിച്ചു നശിച്ചുകൊണ്ടിരിക്കുകയാണ്.
ഒന്നാകുന്ന ലക്ഷണമില്ല. ക്യാപ്റ്റൻ വിവാദത്തിൽ നേതാക്കളിൽ ഒരാൾ ക്യാപ്റ്റനും മറ്റൊരാൾ മേജറും ഒരാൾ സൈനികനുമാണ്.
മൂന്നുപേരും വെവ്വേറെ തട്ടിലാണ്. ഇതൊന്നുമല്ലാത്ത ഗ്രൂപ്പുകാരൻ ഡൽഹിയിലുണ്ട്.
അയാളുടെ കളിയെന്താണെന്ന് അറിയില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഭാരതാംബ വിഷയത്തിൽ എസ്എൻഡിപി യോഗം വിഷയം ചർച്ച ചെയ്യുകയോ നിലപാട് എടുക്കുകയോ ചെയ്തിട്ടില്ലെന്നും വിശ്വാസം വിജയിക്കട്ടെയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

