
കണ്ണൂർ: മുൻ ഡിവൈഎഫ് ഐ നേതാവ് മനു തോമസിന്റെ വെളിപ്പെടുത്തലുകൾ ഉയർത്തിയ രാഷ്ട്രീയ വിവാദങ്ങൾക്കിടെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് ചേരും. പി ജയരാജൻ യോഗത്തിൽ പങ്കെടുക്കും. ജയരാജനും മനുവും തമ്മിലുണ്ടായ ഫേസ്ബുക്ക് പോരും തുടർന്നുള്ള ആരോപണങ്ങളും ചർച്ചയായേക്കുമെന്നാണ് സൂചന.
ഗുരുതര വെളിപ്പെടുത്തലുകൾ ഉണ്ടായെങ്കിലും വിവാദത്തിൽ പരസ്യ പ്രതികരണത്തിന് ഇതുവരെ സിപിഎം നേതൃത്വം തയ്യാറായിട്ടില്ല. വിഷയം വഷളാക്കിയത് പി ജയരാജന്റെ അനവസരത്തിലെ ഫേസ്ബുക്ക് പോസ്റ്റ് ആണെന്നാണ് പാർട്ടി വിലയിരുത്തൽ. ക്വട്ടേഷൻ സംഘങ്ങൾക്ക് പാർട്ടിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ വീണ്ടും കളത്തിൽ ഇറങ്ങാൻ
വിവാദം വഴിവെച്ചെന്നും സിപിഎമ്മിൽ വിമർശനമുണ്ട്. അതിനിടെ, സ്വർണക്കടത്തു ക്വട്ടേഷൻ സംഘവും
സിപിഎമ്മും തമ്മിലുള്ള ബന്ധം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് യുഡിഎഫ് കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. രാവിലെ പത്തിന് ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യും.
അതേസമയം, സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്നും ദില്ലിയിൽ തുടരും. ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനം തന്നെയാണ് ഇന്നത്തെയും അജണ്ട. കേരളത്തോടൊപ്പം പശ്ചിമ ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിലെ പ്രകടനവും പാർട്ടി വിലയിരുത്തും. നാളെയോടെ തിരുത്തൽ നടപടികളെക്കുറിച്ചും ആലോചന ഉണ്ടാകുമെന്നാണ് സൂചന. ബംഗാളിൽ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം മത്സരിച്ചതിൽ അടക്കം വിമർശനം നിലനിൽക്കുന്നുണ്ട്.
Last Updated Jun 29, 2024, 6:12 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]