ആറാട്ടുപുഴ കിഴക്കേക്കരയിൽ വയോധികയെ കഴുത്തിൽ കല്ലുകെട്ടിയ നിലയിൽ കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട
ആറാട്ടുപുഴ കിഴക്കേക്കര സാധു പുരത്ത് തെക്കതിൽ തങ്കമ്മയുടെ (80) അയൽവാസിയായ പ്രകാശൻ (54) ആണ് പിടിയിലായത്. ഇയാൾ കനകക്കുന്ന് കൊച്ചുപടന്നയിൽ താമസക്കാരനാണ്.
വെള്ളിയാഴ്ച രാവിലെ പ്രതിയുടെ വീട്ടിൽ തെളിവെടുപ്പ് നടത്തിയ ശേഷം, കവർന്ന സ്വർണം വിറ്റ കായംകുളത്തെ ജ്വല്ലറിയിൽ എത്തിച്ച് പൊലീസ് പരിശോധന പൂർത്തിയാക്കി. തുടർനടപടികളുടെ ഭാഗമായി കോടതിയിൽ നിന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്നും, പ്രതിയെ തങ്കമ്മയുടെ വീട്ടിലെത്തിച്ച് കൂടുതൽ തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ തൃക്കുന്നപ്പുഴ, കനകക്കുന്ന് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ അടങ്ങിയ മൂന്ന് പ്രത്യേക സ്ക്വാഡുകളായാണ് കേസ് അന്വേഷിച്ചത്. തങ്കമ്മ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്നും സ്വർണാഭരണങ്ങൾ സ്ഥിരമായി ധരിക്കാറുണ്ടെന്നും കൃത്യമായി അറിയാവുന്നവരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പ്രാഥമിക നിഗമനത്തിലെത്തിയിരുന്നു.
വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടപ്പെടാത്തതിനാൽ, പുറത്തിറങ്ങിയ സമയത്ത് പ്രതി തങ്കമ്മയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്നതാണെന്നാണ് കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് അഞ്ചോളം പേരെ തൃക്കുന്നപ്പുഴ പൊലീസ് ചോദ്യം ചെയ്തിരുന്നു.
തൃക്കുന്നപ്പുഴ എസ്എച്ച്ഒ ലാൽ സി.ബേബിക്കാണ് അന്വേഷണത്തിന്റെ ചുമതല. കനകക്കുന്ന്, തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷൻ പരിധികളിലെ കായൽ മേഖലകൾ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു.
കായൽ മാർഗം വള്ളത്തിൽ എത്തി പ്രതി കൃത്യം നടത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ട് നീങ്ങിയത്. തങ്കമ്മയുടെ സംസ്കാര ചടങ്ങുകൾ നേരത്തെ വീട്ടുവളപ്പിൽ നടന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

