
‘പ്രതിനിധി സംഘത്തിൽ പോയവർ ഇന്ത്യക്കെതിരെ സംസാരിക്കണമെന്നാണോ?’: തരൂരിനെ പിന്തുണച്ച് കേന്ദ്രമന്ത്രി
ന്യൂഡൽഹി∙ വിമർശനങ്ങൾക്കിടെ പ്രതിനിധി സംഘത്തെ നയിക്കുന്ന ശശി തരൂരിനെ പിന്തുണച്ച് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ കിരൺ റിജിജു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനാണ് കേന്ദ്രസർക്കാർ പ്രതിനിധി സംഘത്തെ പ്രധാനപ്പെട്ട
രാജ്യങ്ങളിലേക്ക് അയച്ചതെന്നും സർവകക്ഷി സംഘത്തിൽപ്പെട്ടവരിൽ നിന്ന് അവർ എന്താണ് പ്രതീക്ഷിക്കുന്നതെന്നും കിരൺ റിജിജു ചോദിച്ചു. തരൂരിനെതിരായ കോൺഗ്രസിന്റെ നിലപാടിനെയും റിജിജു വിമർശിച്ചു.
ലോകരാഷ്ട്രങ്ങൾ സന്ദർശിക്കുന്ന ഏഴ് പ്രതിനിധി സംഘങ്ങളിൽ ഒന്നിനെ നയിക്കുന്നത് ശശി തരൂർ, പാനമയിൽ നടത്തിയ പ്രസംഗമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.
‘‘കോൺഗ്രസ് പാർട്ടിക്ക് എന്താണ് വേണ്ടത്, അവർക്ക് രാജ്യത്തോട് എത്രമാത്രം കരുതലുണ്ട്? ഇന്ത്യൻ പ്രതിനിധി സംഘം വിദേശത്ത് പോയി ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കും എതിരെ സംസാരിക്കണമെന്നാണോ? എല്ലാത്തിനും ഒരു പരിധിയുണ്ട്.’’– കിരൺ റിജിജു എക്സിൽ കുറിച്ചു.
പാനമയിൽ ശശി തരൂർ നടത്തിയ പ്രസംഗത്തിനതിരെ കോൺഗ്രസ് നേതാവ് ഉദിത് രാജ് നടത്തിയ രൂക്ഷ വിമർശനത്തിന്റെ വിഡിയോയും റിജിജു എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. കോൺഗ്രസ് എംപി ശശി തരൂർ ബിജെപിയുടെ സൂപ്പർ വക്താവാണെന്നും പ്രധാനമന്ത്രി മോദിയെയും സർക്കാരിനെയും അനുകൂലിച്ച് ബിജെപി നേതാക്കൾ പറയാത്തത് പോലും ശശി തരൂർ പറയുന്നുവെന്നുമാണ് ഉദിത് രാജിന്റെ വിമർശനം. ശശി തരൂർ പാനമയിൽ പറഞ്ഞത് ‘‘നമ്മുടെ പ്രധാനമന്ത്രി ഒരുകാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഭീകരവാദികൾ വന്ന് 26 സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ചു. അവരുടെ ഭർത്താക്കന്മാരെ നഷ്ടപ്പെട്ടതിനാലാണ് ഓപ്പറേഷൻ സിന്ദൂർ ആവശ്യമായി വന്നത്.
അവരുടെ നിലവിളി ഞങ്ങൾ കേട്ടു. നമ്മുടെ സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരത്തിന്റെ നിറവും ഭീകരവാദികളുടെ രക്തത്തിന്റെ നിറവും ഒന്നാകണമെന്ന് ഇന്ത്യ തീരുമാനിച്ചു.’’– ശശി തരൂർ പാനമയൽ നടത്തിയ പ്രസംഗത്തിനിടെ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]