
മുംബൈ: വിവാദമായതോടെ മനുസ്മൃതി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുളള നീക്കത്തിൽ നിന്നും പിന്മാറി മഹാരാഷ്ട്ര സർക്കാർ. വിദ്യാർത്ഥികളുടെ സ്വഭാവ രൂപീകരണവുമായി ബന്ധപ്പെട്ട പാഠ ഭാഗത്താണ് മനുമൃതിയിലെ ശ്ലോകങ്ങൾ ചേർത്തത്. പുതുക്കിയ പാഠ്യ പദ്ധതിയുടെ കരട് സർക്കാർ അനുമതിയില്ലാതെയാണ് പുറത്തുവന്നതെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം.
അടിമുടി വിവാദമായ പാഠ്യ പദ്ധതി പരിഷ്കരണത്തിൽ ഒരടി പിന്നോട്ടുവയ്ക്കുകയാണ് മഹാരാഷ്ട്ര സർക്കാർ. ഒന്നാം ക്ലാസുമുതൽ മറാത്തി ഭാഷ നിർബന്ധമാക്കുന്നതിൽ വ്യക്തതയില്ലാത്തതും മനുസ്മൃതി പാഠ്യ പദ്ധതിയുടെ ഭാഗമാക്കുന്നതിൽ വിമർശനം ശക്തമായതുമാണ് സർക്കാർ പിന്മാറ്റത്തിനു പിന്നിൽ. പൊതുജനാഭിപ്രായം സമാഹരിക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട പാഠ്യപദ്ധതി ചട്ടകൂട് തയ്യാറാക്കുന്ന സമിതി പുതിയ സിലബസ് പുറത്തു വിട്ടത്.
ഭഗവത് ഗീതയും കവി രാംദാസ് സ്വാമിയുടെ മൻസെ ശ്ളോകവും വിവിധ ക്ളാസുകളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി. ശ്ലോകങ്ങൾ ഉരുവിടുന്നത് വഴി കുട്ടികളുടെ ഓർമ്മ ശക്തി വർദ്ധിപ്പിക്കുകയെന്നതായിരുന്നു ലക്ഷ്യം. വിദ്യാർത്ഥികളുടെ സ്വഭാവ രൂപീകരണവുമായി ബന്ധപ്പെട്ട പാഠ ഭാഗത്ത് മനുസമൃതിയിലെ ശ്ലോകങ്ങൾ ചേർത്തതോടെ വിദ്യാഭ്യാസ വിദഗ്ദർ തന്നെ എതിർപ്പറിയിച്ചു. സമാന ആശയമുളള സംസ്കൃത ശ്ലോകങ്ങൾ നിലനിൽക്കെ മനുസ്മൃതി കൊണ്ടുവരുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നായിരുന്നു വിമർശനം. കോൺഗ്രസിനും ശരദ്പ വാറിനും പിന്നാലെ ഭരണപക്ഷത്തെ എൻസിപിയും എതിർപ്പറിയിച്ചതോടെ സർക്കാർ പ്രതിരോധത്തിലായി.
പിന്നാലെ വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണമെത്തി, സർക്കാരിന്റെ അംഗീകാരം ലഭിക്കും മുൻപാണ് സിലബസ് പുറത്തുവിട്ടതെന്നും എന്തെങ്കിലും ലക്ഷ്യമിട്ടുളള പാഠഭാഗങ്ങൾ സിലബസിന്റെ ഭാഗമാകില്ലെന്നും ദീപക്ക് കെ സർക്കർ വ്യക്തമാക്കി. എന്നാൽ പ്രാദേശിക ഭാഷകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുമെന്നും ഹയർ സെക്കന്ററി ക്ലാസുകളിൽ ഇംഗ്ലീഷ് നിർബന്ധല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതോടെ സാങ്കേതിക വിദ്യാഭ്യാസം അടക്കം പ്രാദോശിക ഭാഷകളിലേക്ക് മാറും.
Last Updated May 29, 2024, 8:27 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]