
ദില്ലി: ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം. ജീവൻമരണ പോരാട്ടത്തിൽ 14 റൺസിനായിരുന്നു കൊൽക്കത്തയുടെ ജയം. 205 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടാനേ സാധിച്ചുള്ളൂ. ഇതോടെ പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ നിലവിലെ ചാമ്പ്യൻമാർക്ക് കഴിഞ്ഞു.
പവർ പ്ലേയിൽ തന്നെ രണ്ട് നിർണായക വിക്കറ്റുകൾ കൊൽക്കത്തയ്ക്ക് വീഴ്ത്താനായി. അഭിഷേക് പൊറെലും (4) കരുൺ നായരും (15) 6 ഓവറിനുള്ളിൽ തന്നെ കൂടാരം കയറി. ടൂർണമെന്റിൽ മികച്ച ഫോമിലായിരുന്ന കെ എൽ രാഹുൽ റൺ ഔട്ട് ആയതും ഡൽഹിക്ക് കനത്ത തിരിച്ചടി നൽകി. ഒരറ്റത്ത് ഉറച്ചു നിന്ന ഫാഫ് ഡുപ്ലസിയുടെ പ്രകടനം ഡൽഹിക്ക് പ്രതീക്ഷ നൽകി. നായകൻ അക്സർ പട്ടേൽ കൂടി ക്രീസിലെത്തിയതോടെ ഡൽഹിയുടെ പ്രതീക്ഷകൾ ഇരട്ടിച്ചു.
23 പന്തിൽ 43 റൺസ് നേടി അക്സർ മടങ്ങി. പിന്നാലെ അപകടകാരിയായ ട്രിസ്റ്റൻ സ്റ്റബ്സ് (1) പുറത്തായത്തോടെ പ്രതീക്ഷകളുടെ ഭാരം ഡുപ്ലസിയിലായി. 16-ആം ഓവറിൽ 62 റൺസുമായി ഡുപ്ലസി കൂടി മടങ്ങിയതോടെ ഇംപാക്ട് പ്ലെയറായി അശുതോഷ് ശർമ്മ ക്രീസിലെത്തിയെങ്കിലും ആയുസ് അധികം നീണ്ടുനിന്നില്ല. 7 റൺസ് നേടിയ അശുതോഷിനെയും മിച്ചൽ സ്റ്റാർക്കിനെയും (0) വരുൺ ചക്രവർത്തി പുറത്താക്കി.
അവസാന ഓവറുകളിൽ ഒറ്റയാൾ പോരാട്ടം നടത്തിയ വിപ്രാജ് നിഗമിന്റെ ഇന്നിംഗ്സാണ് ഡൽഹിയുടെ തോൽവി ഭാരം കുറച്ചത്. 19 പന്തുകൾ നേരിട്ട വിപ്രാജ് 38 റൺസ് നേടിയാണ് പുറത്തായത്. കൊൽക്കത്തയുടെ വിജയത്തിൽ സുനിൽ നരെയ്ന്റെ ബൗളിംഗ് പ്രകടനം നിർണായകമായി. 4 ഓവറിൽ 29 റൺസ് മാത്രം വഴങ്ങിയ നരെയ്ൻ 3 വിക്കറ്റുകൾ വീഴ്ത്തി.
READ MORE: ഗ്ലോബൽ ഇന്ത്യൻ പ്രവാസി കബഡി ലീഗ്; ഫൈനലിൽ മറാത്തി വൾച്ചേഴ്സും തമിഴ് ലയൺസും ഏറ്റുമുട്ടും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]