
കോഴിക്കോട്: മലപ്പുറം പെരുവള്ളൂരിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. മലപ്പുറം സ്വദേശി സിയ ഫാരിസാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. രാത്രി രണ്ട് മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. തെരുവുനായയുടെ കടിയേറ്റ കുട്ടിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ ഏല്‍ക്കുകയായിരുന്നു.
മാർച്ച് 29നാണ് പെരുവള്ളൂർ കാക്കത്തടം സ്വദേശി സൽമാൻ ഫാരിസിന്റെ മകൾ സിയയെ തെരുവുനായ ആക്രമിച്ചത്. വീടിനടുത്തുള്ള കടയിൽ പോയി മടങ്ങി വരുന്നതിനിടയിലായിരുന്നു നായയുടെ ആക്രമണം. തലയിലും കാലിലുമാണ് കടിയേറ്റത്. കുട്ടിയെ രക്ഷിക്കുന്നതിനിടെ അയൽവാസിയായ റാഹിസിനും പരിക്കേറ്റു. മറ്റു അഞ്ച് പേരെയും കൂടി അന്ന് നായ കടിച്ചിരുന്നു. മൂന്ന് മണിക്കൂറിനുള്ളിൽ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ വാക്സിൻ നൽകി. കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് വീണ്ടും മെഡിക്കൽ കോളേജിൽ എത്തിച്ചത്. പിന്നാലെ പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.
തലയ്ക്ക് കടിയേറ്റതാണ് പ്രതിറോധ വാക്സീൻ ഫലിക്കാതിരിക്കാൻ കാരണമെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്. ഐഡിആർവി വാക്സീനും, ഇമ്മ്യൂനോ ഗ്ലോബിനും കുട്ടിക്ക് നൽകിയിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി. റാബീസ് വൈറസ് തലച്ചോറിനെയാണ് ബാധിക്കുക. തലയ്ക്ക് കടിയേറ്റതിനാലാണ് പ്രതിരോധ വാക്സീൻ ഫലിക്കാതെ വന്നതെന്നാണ് ചികിത്സിച്ച ഡോക്ടർമാർ പറയുന്നത്. കുട്ടിക്ക് വീണ്ടും പേ വിഷബാധ സ്ഥിരീകരിച്ചതോടെ കടിയേറ്റ മറ്റുള്ളവരും ആശങ്കയിലാണ്. നായയുടെ കടിയേറ്റ മറ്റുള്ളവരുടെ രക്തസാമ്പിളുകൾ കൂടി ശേഖരിച്ച് ആശങ്ക ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]