
അവധിക്കാല യാത്രക്കാരെ ഞെരുക്കാതെ വിമാനക്കമ്പനികൾ; ടിക്കറ്റ് നിരക്ക് കാര്യമായി വർധിച്ചിട്ടില്ലെന്ന് പ്രവാസികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ അവധിക്കാലത്ത് വിദേശത്തേക്കുള്ള യാത്രക്കാരെ, പ്രത്യേകിച്ച് ഗൾഫ് യാത്രികരെ ഞെക്കിപ്പിഴിയുന്നതിൽ ഇത്തവണ അയവുവരുത്തി വിമാനക്കമ്പനികൾ. നോമ്പു കാലത്തും പെരുന്നാളിനും നാട്ടിലെത്തുന്ന യാത്രക്കാരെ കൊള്ളയടിക്കുന്ന ടിക്കറ്റ് നിരക്ക് ഇത്തവണയുണ്ടായില്ല. സാധാരണ അവധിക്കാലങ്ങളിൽ ടിക്കറ്റ് നിരക്ക് നാലിരട്ടി വരെ വർധിപ്പിക്കുന്ന കമ്പനികൾ ഇത്തവണ കാര്യമായ വർധന വരുത്തിയില്ല. ടിക്കറ്റ് നിരക്ക് തോന്നും പോലും കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇത്തവണ വലിയ വർധനവുണ്ടാകാതിരുന്നത്.
കരിപ്പൂരിൽനിന്ന് ദുബായിലേക്കുള്ള യാത്രയ്ക്ക് ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസും ഈ ദിവസങ്ങളിൽ 11,000–15,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ഫ്ലൈ ദുബായും എയർ അറേബ്യയും 15,000 രൂപ മുതലാണ് ടിക്കറ്റ് നൽകുന്നത്. ഒമാൻ എയർ 16,000 രൂപ മുതലും ടിക്കറ്റ് നൽകുന്നു. ഈ ടിക്കറ്റ് നിരക്ക് സാധാരണ സമയങ്ങളിലേതിനു തുല്യമാണെന്നാണ് പ്രവാസി മലയാളികൾ പറയുന്നത്.
‘ടിക്കറ്റ് നിരക്ക് കാര്യമായി വർധിച്ചില്ല’
ഇത്തവണ ടിക്കറ്റ് നിരക്കിൽ കാര്യമായ വർധന വന്നിട്ടില്ലെന്നും ചെറിയ നിരക്കിൽ കിട്ടുന്നുണ്ടെന്നും ദുബായിൽ ബിസിനസ് നടത്തുന്ന നാദാപുരം സ്വദേശി മുഹമ്മദ് കുന്നത്ത് പറഞ്ഞു. ‘‘ചില ട്രാവൽ ഏജൻസികൾ, നേരിട്ട് ബുക്ക് ചെയ്യുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് എടുത്തു നൽകുന്നുണ്ട്. 215 ദിർഹം മുതൽ ടിക്കറ്റ് ലഭിക്കുന്നുണ്ട്. പൊതുവെ ഇപ്പോൾ ടിക്കറ്റ് നിരക്ക് കുറവാണ്. യാത്രക്കാർ കുറവായതുകൊണ്ടായിരിക്കും. ദുബായിൽ സ്കൂളുകൾക്ക് കുറച്ചു ദിവസം അവധിയാണ്. അതുകഴിഞ്ഞ് അടുത്ത ആഴ്ച സ്കൂൾ തുറക്കും. അതിനാൽ നാട്ടിലേക്കു പോകുന്നവർ കുറവാണ്. നോമ്പ് തുടങ്ങുന്ന സമയത്ത് ചിലർ നാട്ടിലേക്കു പോയിട്ടുണ്ട്. നോമ്പ് സമയത്ത് ബിസിനസ് പൊതുവെ കുറവായതിനാലാണ് ചിലർ നാട്ടിൽ പോകാൻ ആ സമയം തിരഞ്ഞെടുക്കുന്നത്.’’ – മുഹമ്മദ് പറഞ്ഞു.
റഗുലേറ്ററി കമ്മിറ്റി വേണം
അവധി സമയങ്ങളിൽ ക്രമാതീതമായി വിമാനടിക്കറ്റ് വർധിപ്പിക്കുന്നുണ്ടെന്ന് മലബാർ ഡവലപ്മെന്റ് ഫോറം പ്രസിഡന്റ് കെ.എം.ബഷീർ പറഞ്ഞു. ‘‘ആഗോള തലത്തിൽ ഇത്തരത്തിൽ ടിക്കറ്റ് നിരക്കിൽ വർധന വരുത്തുണ്ട്. എന്നാൽ ഇന്ത്യയിലാണ് വൻതോതിൽ നിരക്ക് വർധിപ്പിക്കുന്നത്. അതിൽത്തന്നെ മലയാളികളെയാണ് നിരക്കുവർധന ഏറ്റവും കൂടുതൽ ബാധിക്കുന്നത്. മലബാറിലുള്ള നിരവധി പേർ ഗൾഫ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. യുഎഇയിൽനിന്ന് കോഴിക്കോട്ടേക്ക് 38,0000 രൂപ വരെ ടിക്കറ്റ് നിരക്ക് ഉയർന്ന സമയമുണ്ടായി. ദുബായിലേക്കു ഞാൻ 5,000 രൂപയ്ക്കും 38,000 രൂപയ്ക്കും യാത്ര ചെയ്തിട്ടുണ്ട്. ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ വ്യോമയാന മന്ത്രാലയം, ഡിജിസിഎ തുടങ്ങിയവർ ഉൾപ്പെടുന്ന റഗുലേറ്ററി കമ്മിറ്റി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വരെ പരാതി നൽകി. എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ല.’’ – ബഷീർ പറഞ്ഞു.
‘‘ഓരോ സ്ഥലത്തേക്കും സ്റ്റാൻഡേർഡ് നിരക്ക് പ്രഖ്യാപിക്കണം. ഗൾഫ് രാജ്യങ്ങളിലേക്കു ജോലിക്കു മാത്രമല്ല, വിനോദ സഞ്ചാരത്തിനായും പോകുന്നവരുടെ എണ്ണവും വളരെ വർധിച്ചു. ദുബായിൽ ഇന്ത്യക്കാർക്ക് വീസ ഓൺ അറൈവൽ കൂടി വരാൻ പോകുകയാണ്. ഈ ഘട്ടത്തിൽ റഗുലേറ്ററി കമ്മിറ്റി സ്ഥാപിച്ച് ടിക്കറ്റ് നിരക്ക് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.’’ – ബഷീർ പറഞ്ഞു.
മൂന്നര മണിക്കൂർ കൊണ്ട് കോഴിക്കോട്ടുനിന്നു ദുബായിലെത്താം. അതിനാൽ പല പ്രവാസി മലയാളികളും രണ്ടോ മൂന്നോ ദിവസത്തേക്കു വേണ്ടി നാട്ടിലേക്കു വരുന്നത് വർധിച്ചുവരികയാണ്. മുൻകാലത്തെപ്പോലെ വർഷങ്ങൾ നീളുന്ന കാത്തിരിപ്പൊന്നുമില്ല. നാട്ടിൽ നടക്കുന്ന വിവാഹങ്ങളും ആഘോഷങ്ങളും ഒന്നും പ്രവാസി മലയാളികൾ മുടക്കാറുമില്ല. എന്നാൽ പലപ്പോഴും വില്ലനായി മാറുന്നത് വിമാന ടിക്കറ്റ് നിരക്കാണ്. അവധിക്കാലത്ത് വിമാനടിക്കറ്റ് നിരക്ക് റോക്കറ്റ് പോലെ പോകുന്നത് വലിയ പ്രതിസന്ധിയാണ് പല മലയാളി പ്രവാസി കുടുംബങ്ങൾക്കും സൃഷ്ടിക്കുന്നത്.