
മ്യാൻമറിനായി കൈകോർത്ത് ലോക രാഷ്ട്രങ്ങൾ; ഇന്ത്യയിൽനിന്ന് 15 ടൺ ദുരിതാശ്വാസ വസ്തുക്കൾ, സഹായിക്കുമെന്ന് ട്രംപ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ തകർത്ത മ്യാൻമറിനു സഹായവുമായി ലോക രാഷ്ട്രങ്ങൾ. ഇന്ത്യ 15 ടൺ ദുരിതാശ്വാസ വസ്തുക്കൾ മ്യാൻമറിലേക്ക് അയച്ചു. ടെന്റുകളും സ്ലീപ്പിങ് ബാഗുകളും പുതപ്പുകളും ഭക്ഷണ സാധനങ്ങളും മരുന്നുകളും ഉൾപ്പെടെയുള്ള സാധനങ്ങളുമായി വിമാനം പുറപ്പെട്ടു. മ്യാൻമറിനെയും തായ്ലൻഡിനെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ 150 ലേറെ ആളുകൾ മരിച്ചു. മ്യാൻമറിൽ മാത്രം 144 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് നിഗമനം. ഇന്നലെ രാത്രി മ്യാൻമറിൽ വീണ്ടും 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി. നാശനഷ്ടമില്ല.
മ്യാൻമറിനെ സഹായിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ചൈനയും സഹായം വാഗ്ദാനം ചെയ്തു. സാധ്യമായതെല്ലാം ചെയ്യുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ദുരന്തത്തിൽ മ്യാൻമറിന് ഒപ്പം നിൽക്കുന്നതായി ജപ്പാൻ പ്രധാനമന്ത്രിയും വ്യക്തമാക്കി.
മ്യാൻമറിൽ ആറിടങ്ങളിൽ പട്ടാള ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്കു 12.50നാണ് ഉണ്ടായത്. പിന്നാലെ 6.4 തീവ്രതയുള്ള മറ്റൊരു ഭൂകമ്പവുമുണ്ടായി. മ്യാൻമറിലെ സാഗെയിങ് നഗരത്തിനു സമീപത്താണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ പറഞ്ഞു. ഇന്ത്യ, ബംഗ്ലദേശ്, ചൈന എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.