
തിരുവനന്തപുരം: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര തുറമുഖം കേരളത്തില്‍ നിന്നായിരിക്കും. പറയുന്നത് വിഴിഞ്ഞം തുറമുഖത്തെ കുറിച്ചാണ്, പറഞ്ഞത് സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാലാണ്. തലസ്ഥാന നഗരത്തിന്റേയും കേരളത്തിന്റേയും മുഖച്ഛായ മാറ്റാന്‍ ശേഷിയുള്ളതാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്നത് കാലങ്ങളായി കേള്‍ക്കുന്ന കാര്യമാണ്. ട്രയല്‍ റണ്ണില്‍ തന്നെ എന്താണ് ശരിക്കുമുള്ള വിഴിഞ്ഞത്തിന്റെ പവര്‍ എന്നും വെളിപ്പെട്ടുകഴിഞ്ഞു.
ലോകത്ത് ആകെ 53 ഓട്ടോമാറ്റഡ് തുറമുഖങ്ങളാണുള്ളത്. ഇന്ത്യയില്‍ വിഴിഞ്ഞത്തിനല്ലാതെ മറ്റൊരു പോര്‍ട്ടിനും ഈ നേട്ടം അവകാശപ്പെടാനുമില്ല. വികസനത്തിന്റെ അനന്ത സാദ്ധ്യതകളാണ് തിരുവനന്തപുരത്തെ ഈ തുറമുഖം തുറന്നിടുന്നത്. ഏറ്റവും വലിയ മദര്‍വെസ്സലുകള്‍ക്കും അള്‍ട്രാ ലാര്‍ജ് കണ്ടെയ്നറുകള്‍ക്കും അനായാസം വിഴിഞ്ഞത്ത് അടുക്കാം. പ്രകൃതിദത്തമായ 18-20 മീറ്റര്‍ ആഴം അതിനു സഹായകമാണ്.
നിലവില്‍ ഒരു ദശലക്ഷം ടിഇയു ശേഷിയുള്ള വിഴിഞ്ഞം ഭാവിയില്‍ 6.2 ടിഇയു വരെ ശേഷി വര്‍ദ്ധിപ്പിക്കും. അതോടെ ദുബായ്, കൊളംബോ തുറമുഖങ്ങളോടാകും തിരുവനന്തപുരത്തിന്റെ മത്സരം. ലോകത്തിലെ 15 ശതമാനം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റുകള്‍ കൈകാര്യം ചെയ്യുന്ന തരത്തില്‍ വിഴിഞ്ഞം വികസിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നത്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലും വലിയ മാറ്റമായിരിക്കും അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ സംഭവിക്കുക. ഒരു ട്രില്യന്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ പ്രവേശനത്തിന് വിഴിഞ്ഞം വഴിയൊരുക്കും.
കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും വിഴിഞ്ഞത്തിന്റെ വളര്‍ച്ചയ്ക്ക് അനുകൂല ഘടകമാണ്. നാലു വിമാനത്താവളങ്ങളിലേക്കും രണ്ടു പ്രധാന തുറമുഖങ്ങളിലേക്കും 17 ചെറിയ തുറമുഖങ്ങളിലേക്കുമുള്ള കണക്ടിവിറ്റി വിഴിഞ്ഞത്തിന്റെ മാത്രം പ്രത്യേകതയാണ്.
വിഴിഞ്ഞം തുറമുഖം കേന്ദ്രമാക്കി സുസ്ഥിര ആഗോള വിതരണ ശൃംഖല സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് ലോകത്തെ ഒന്നാം നമ്പര്‍ ഷിപ്പിംഗ് കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി (എം.എസ്.സി) മേധാവികളായ മിഷേലെ അവേസയും ഗെയ്താനോ എസ്പൊസിതോയും വിഴിഞ്ഞം വികസന കോണ്‍ക്ലേവില്‍ പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തെ ഉത്പാദനക്ഷമത തുടക്കത്തില്‍ 35 എംപിഎച്ച് ആയിരുന്നത് നിലവില്‍ 50 ആയി്. ഡിസംബറില്‍ കപ്പലുകളുടെ കാത്തിരിപ്പ് സമയം ശരാശരി 9.8 മണിക്കൂറായി കുറഞ്ഞു. ടെര്‍മിനലിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ എം.എസ്.സിയുടെ ഇടപെടലോടെ സാധിച്ചു.2050ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം 22.5 ദശലക്ഷത്തിലധികം ടി.ഇ.യു കാര്‍ഗോ കൈകാര്യം ചെയ്യുന്നതാണ് എം.എസ്.സി. ആഗോള വ്യാപാര ശൃംഖലയില്‍ വിഴിഞ്ഞം തുറമുഖം സുപ്രധാന ഹബ്ബായി മാറുമെന്ന് ഉറപ്പാണെന്ന് മിഷേലെ അവേസ പറഞ്ഞു.
‘കേരളത്തിനും സ്വപ്നം കാണാം’: അദാനി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗുജറാത്തിലെ മുന്ദ്ര തുറമുഖ മാതൃകയില്‍ വിഴിഞ്ഞത്ത് സ്പെഷ്യല്‍ എക്കണോമിക് സോണ്‍ (സെസ്) വികസിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് അദാനി പോര്‍ട്സ് സെസ് കണ്ടെയ്നര്‍ ബിസിനസ് മേധാവി ഹരികൃഷ്ണന് സുന്ദരം. വിഴിഞ്ഞം കോണ്‍ക്ലേവില്‍ ‘തുറമുഖത്തിനപ്പുറം: വിഴിഞ്ഞം കേരളത്തെ ആഗോള സാമ്പത്തിക ശക്തികേന്ദ്രമാക്കി മാറ്റുന്നു’ എന്ന സെഷനില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.മികച്ച കണക്റ്റിവിറ്റി തടസ്സമില്ലാത്ത വ്യാപാര പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുമെന്നും അത് വലിയ സാമ്പത്തിക നേട്ടങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ഒരു തുറമുഖവും പ്രവര്‍ത്തനമാരംഭിച്ച ആദ്യ വര്‍ഷത്തിനുള്ളില്‍ ഒരു ദശലക്ഷം ടിഇയു കൈകാര്യം ചെയ്തിട്ടില്ല. ഇത് വിഴിഞ്ഞത്തിന്റെ അപാരമായ സാധ്യതകളാണ് തുറന്നു കാട്ടുന്നത്. ജെബല്‍ അലി തുറമുഖം യുഎഇയുടെ വളര്‍ച്ചയ്ക്ക് ഊര്‍ജ്ജമേകിയത് പോലെ, കേരളത്തിന് സാമ്പത്തിക വ്യവസായിക വളര്‍ച്ചയ്ക്ക് വിഴിഞ്ഞം ഉത്പ്രേകരമാകും. വിഴിഞ്ഞത്തിന്റെ വളര്‍ച്ച സുഗമമാക്കുന്നതിന്, പ്രത്യേക എക്കണോമിക് സോണുകള്‍, ലോജിസ്റ്റിക്സ് ഹബ്ബുകള്‍, വെയര്‍ഹൗസുകള്‍ എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ അദാനി പോര്‍ട്ട്സ് ലക്ഷ്യമിടുന്നു.
റോഡ്, റെയില്‍, ഉള്‍നാടന്‍ ജലപാതകള്‍ വഴി കേരളത്തിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് മള്‍ട്ടി മോഡല്‍ കണക്റ്റിവിറ്റിയുടെ ആവശ്യകത വളരെ പ്രധാനമാണ്. സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ വിഴിഞ്ഞത്ത് ലോജിസ്റ്റിക്സ് പാര്‍ക്ക് പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണം വളരെ പ്രധാനമാണെന്ന് അദാനി പോര്‍ട്സ് പറയുമ്പോള്‍ സമാനമായ ചിന്ത തന്നെയാണ് തുറമുഖ നടത്തിപ്പുകാരും സര്‍ക്കാരും വച്ച്പുലര്‍ത്തുന്നത് എന്നത് വിഴിഞ്ഞത്തെ സംബന്ധിച്ച് വളരെ മികച്ച നേട്ടമാണ്.