
മൂന്നാർ: ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ അതിശൈത്യം തുടരുമ്പോൾ സഞ്ചാരികളുടെ ഇഷ്ടസ്ഥലമായ ഇരവികുളം ദേശീയോദ്യാനത്തേക്ക് ശനിയാഴ്ച മുതൽ പ്രവേശനമുണ്ടാകില്ല. വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനെ തുടർന്നാണ് ഒന്ന് മുതൽ രണ്ട് മാസത്തേക്ക് ഇരവികുളം ദേശീയോദ്യാനം അടച്ചിടുന്നത്. ഉദ്യാനവും വിനോദസഞ്ചാര കേന്ദ്രമായ രാജമലയുമാണ് അടയ്ക്കുക. കഴിഞ്ഞ ഏതാനം ദിവസമായി വരയാടിൻ കുട്ടികളെ രാജമലയിലെ ഉദ്യാനത്തിലും പരിസരത്തും കണ്ടെത്തിയിരുന്നു.
വരയാടുകൾക്ക് സുരക്ഷിതമായ പ്രജനനകാലം ഉറപ്പാക്കുന്നതിനും കുഞ്ഞുങ്ങൾക്ക് സന്ദർശക സാന്നിദ്ധ്യംകൊണ്ട് ഉണ്ടാകാവുന്ന ബുദ്ധിമുട്ടികൾ ഒഴുവാക്കുന്നതിനുമാണ് ഉദ്യാനം അടച്ചിടുന്നത്. പ്രജനനകാത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷവും ഫെബ്രുവരി ഒന്നിന് അടച്ച് ഏപ്രിൽ ഒന്നിനാണ് തുറന്ന് പ്രവർത്തനമാരംഭിച്ചത്. ഈ വർഷത്തെ വരയാടുകളുടെ കണക്കെടുപ്പ് ഏപ്രിൽ രണ്ടാം വാരം നടക്കും. കഴിഞ്ഞ ദിവസങ്ങളിൽ നല്ല തിരക്കായിരുന്നു ഇരവികുളം ദേശീയോദ്യാനത്തിൽ അനുഭവപ്പെട്ടിരുന്നത്. ദിവസവും ശരാശരി രണ്ടായിരം സഞ്ചാരികൾ ഇപ്പോൾ ഇവിടെയെത്തുന്നുണ്ട്. മൂന്നാറിൽ കഴിഞ്ഞ ദിവസം താപനില വീണ്ടും പൂജ്യത്തിലെത്തിയിരുന്നു. ചെണ്ടുവര, ലക്ഷ്മി എന്നിവിടങ്ങളിലാണ് രണ്ടു ദിവസമായി താപനില പൂജ്യത്തിലെത്തിയത്.
ദേവികുളം, സെവൻമല, നല്ലതണ്ണി എന്നിവിടങ്ങളിൽ ഒരു ഡിഗ്രിയും സൈലന്റ് വാലിയിൽ, മാട്ടുപ്പെട്ടി എന്നി വിടങ്ങളിൽ രണ്ടു ഡിഗ്രി സെൽഷ്യസുമാണ് ഇന്നലെ രാവിലെ രേഖപ്പെടുത്തിയ താപനില. പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞുവീണ നിലയിലാണ്. രണ്ടാഴ്ച മുമ്പും ചെണ്ടുവരയിൽ താപനില പൂജ്യം രേഖപ്പെടുത്തിയിരുന്നു. താപനില വീണ്ടും താഴ്ന്നതോടെ മൂന്നാറിൽ രാത്രിയിലും പുലർച്ചെയും ശക്തമായ തണുപ്പാണനുഭവപ്പെടുന്നത്.
തണുപ്പ് ആസ്വദിച്ച് സഞ്ചാരികൾ
വിദേശികളടക്കം മൂന്നാറിലെത്തിയ വിനോദ സഞ്ചാരികളെല്ലാം തണുപ്പാസ്വദിക്കുകയാണ്. പുൽമേടുകളിൽ രാവിലെ മഞ്ഞു മൂടി കിടക്കുന്നതു വേറിട്ട കാഴ്ചയാണ്. രാത്രി തണുപ്പ് ശക്തമാണെങ്കിലും പകൽ 25 ഡിഗ്രി വരെ താപനില ഉയരും. തണുപ്പ് ആസ്വദിക്കുന്നതിനായി നിരവധി വിനോദസഞ്ചാരികളാണ് മൂന്നാറിലും ഉൾപ്രദേശങ്ങളിലും എത്തുന്നത്.
ഇവിടം വരയാടുകളുടെ സ്വർഗം
കേരളത്തിൽ ഏറ്റവുമധികം വരയാടുകളുള്ളത് രാജമലയിലാണ്. രാജമലയിലെ 97 ചതുരശ്രമൈൽ പ്രദേശമാണ് ഇവയുടെ മുഖ്യ ആവാസകേന്ദ്രം. സമുദ്രനിരപ്പിൽ നിന്ന് 2,500 മീറ്ററിലധികം ഉയരത്തിലുള്ള പ്രദേശമാണിത്. വരയാടുകളുടെ സംരക്ഷണം മുൻനിർത്തി 1975ലാണ് ഇരവികുളത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. വരയാടുകൾ വംശനാശം നേരിട്ടതോടെയാണ് പ്രജനന കാലത്ത് ദേശീയോദ്യാനത്തിലേയ്ക്ക് സഞ്ചാരികളുടെ വരവ് വനംവകുപ്പ് നിയന്ത്രിച്ചത് തുടങ്ങിയത്. ഒരു സീസണിൽ ആകെയുണ്ടാകുന്ന കുഞ്ഞുങ്ങളിൽ 45 ശതമാനം മാത്രമാണ് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുക. 30 വയസാണ് ഇവയുടെ ശരാശരി ആയുസ്. കീഴ്ക്കാം തൂക്കായ പാറക്കെട്ടുകൾക്കിടയിലാണ് വരയാടുകൾ പ്രസവിക്കുന്നത്. മൂന്നാഴ്ച കഴിഞ്ഞാലേ കുഞ്ഞുങ്ങളുമായി ഇവ പുറത്തു വരൂ. സാധാരണ ഒരു പ്രസവത്തിൽ ഒരു കുട്ടിയാണ് ഉണ്ടാവുക. അപൂർവമായി ഇരട്ടകളും ഉണ്ടാകും. പാർക്കിന്റെ ഉൾപ്രദേശങ്ങളിൽ അടുത്തയിടെ പത്തിലേറെ വരയാടിൻകുഞ്ഞുങ്ങൾ പിറന്നിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ നിഗമനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]