പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര അതിവിദഗ്ദ്ധനെന്ന് എസ് പി. സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കുറ്റകൃത്യം നടത്തിയ ശേഷം ഫെൻസിംഗ് മറികടന്ന് കാട്ടിലേക്ക് പോയി.
ചോദ്യം ചെയ്യലിൽ പ്രതി കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. കുടുംബങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പൊലീസിന്റെ നീക്കങ്ങൾ ഇയാൾ രണ്ട് ദിവസം നിരീക്ഷിച്ചുവെന്നും എസ് പി പറഞ്ഞു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ചെന്താമര ശ്രമിച്ചു. ഏത് കടയിൽ നിന്നാണ് ആയുധം വാങ്ങിയതെന്ന് പ്രതി പറഞ്ഞിട്ടില്ല. പ്രതി വിഷം കഴിച്ചിട്ടില്ല. ഇയാൾ പറയുന്ന എല്ലാ കാര്യങ്ങളും വിശ്വസിക്കാനാകില്ലെന്ന് എസ് പി പറഞ്ഞു.
ചെന്താമരയെ തൂക്കിക്കൊല്ലുംവരെ തങ്ങൾക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിയില്ലെന്ന് സുധാകരന്റെ മക്കളായ അഖിലയും അതുല്യയും പ്രതികരിച്ചു. ‘പിടികൂടിയിട്ട് കാര്യമില്ലല്ലോ. തൂക്കുകർ കൊടുക്കുക അതേ മാർഗമുള്ളൂ. ഇനി നാലഞ്ച് കൊല്ലം കഴിഞ്ഞാൽ അയാൾ വീണ്ടും ഇറങ്ങും, ആരെയെങ്കിലും കൊല്ലും. അയാൾ ഇനിയും ഇങ്ങനെ ചെയ്യില്ലെന്ന് യാതൊരു ഉറപ്പുമില്ല. വെറുതെ അയാളെ ഇങ്ങനെ വളർത്താതെ തൂക്കുകയർ കൊടുക്കണം. ഞാനാണ് ഇങ്ങനെയൊരു തെറ്റ് ചെയ്തതെന്ന കുറ്റബോധം പോലുമില്ല.
ദേഷ്യം തീർക്കാൻ വേണ്ടി പിന്നെയും പിന്നെയും വെട്ടി. അയാൾ പറയുന്ന ഒന്നും വിശ്വസിക്കണ്ട. അന്നൊരിക്കൽ ഞങ്ങൾ പരാതി കൊടുത്തപ്പോൾ, ഇനി ഒന്നും ചെയ്യില്ലെന്ന് അയാൾ പറയുന്നത് ഞങ്ങൾ കേട്ടതാണ്. എന്നിട്ട് ഇങ്ങനെയല്ലേ ചെയ്തത്. ഓരോ ജീവനും നഷ്ടപ്പെടുത്താതെ എത്രയും പെട്ടെന്ന് തൂക്കുകയർ കൊടുക്കുക. എന്തിനാണ് ഇങ്ങനെ ഓരോരുത്തരെയും കൊല്ലുന്നത്.
ഈ മൂന്ന് പേരെ കൊന്നില്ലേ, ഇനി അയാളെ കൊല്ലണം. വെറുതെ ജയിലിൽ ഇട്ട് ഭക്ഷണം കൊടുക്കണ്ട. അയാളെ കൊല്ലുക തന്നെ വേണം. അതേ പറയാനുള്ളൂ. അയാൾക്ക് നല്ല ഫാമിലി സപ്പോർട്ടുണ്ട്. ഇങ്ങനെ പോയാൽ ശരിയാകില്ല. അമ്മയെ കൊലപ്പെടുത്തിയ സമയത്തും അയാളുടെ ഭാവം ഇങ്ങനെയായിരുന്നു.’- സുധാകരന്റെ മക്കൾ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]