
പണവും സമ്പത്തും ചിലപ്പോൾ നമ്മളെ മറ്റൊരാളാക്കി മാറ്റും. എന്നാൽ, പണം കണ്ടാൽ കണ്ണ് മഞ്ഞളിച്ചു പോകാത്തവരും ഈ ലോകത്തുണ്ട്. അവർക്ക് വലുത് സത്യസന്ധതയും കരുണയും ഒക്കെത്തന്നെയാണ്. അതുപോലെ ഒരു വാർത്തയാണ് ഇപ്പോൾ ഓസ്ട്രേലിയയിൽ നിന്നും വരുന്നത്. ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാനുള്ള വകയുണ്ട് അതിൽ.
ഓസ്ട്രേലിയയിലെ മെൽബോണിലുള്ള ഒരു സിഖ് ടാക്സി ഡ്രൈവറാണ് ചരൺജിത്ത് സിങ് അട്വാൾ. ഒരു യാത്രക്കാരൻ തന്റെ ടാക്സിയിൽ മറന്നുവച്ച വലിയൊരു തുകയാണ് ചരൺജിത്ത് തിരികെ എത്തിച്ചത്. മെൽബണിൽ ടാക്സി ഡ്രൈവറായി 30 വർഷത്തിലേറെയായി ജോലി നോക്കുന്നുണ്ട് ചരൺജിത് സിംഗ്. അതിനാൽ തന്നെ പലതരം സാഹചര്യങ്ങൾ അഭിമുഖീകരിച്ചും വെല്ലുവിളികൾ ഏറ്റെടുത്തും തന്നെയാണ് അദ്ദേഹം മുന്നോട്ട് പോയതും. എന്നാൽ, അടുത്തിടെ നടന്ന ഈ സംഭവത്തോടെ ആളുകൾ അദ്ദേഹത്തെ വലിയതരത്തിൽ പ്രശംസിക്കുകയാണ്.
@bramalea.rd ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത പോസ്റ്റിൽ എന്താണ് അന്ന് സംഭവിച്ചത് എന്ന് ഒരു റിപ്പോർട്ടറോട് വിവരിക്കുന്ന ചരൺജിത്ത് സിംഗിനെ കാണാം. പലപ്പോഴും പല സാധനങ്ങളും യാത്രക്കാർ തന്റെ വണ്ടിയിൽ മറന്നുവച്ചിട്ടു പോയിട്ടുണ്ട്. എന്നാൽ, ഇതുപോലെ ഒരു കാഴ്ച അന്ന് ആദ്യമായിട്ടാണ് താൻ കാണുന്നത് എന്നായിരുന്നു ചരൺജിത്ത് പറഞ്ഞത്.
8,000 ഓസ്ട്രേലിയൻ ഡോളർ, അതായത് ഏകദേശം 4.53 ലക്ഷം രൂപയാണ് യാത്രക്കാരൻ വണ്ടിയിൽ മറന്നു വച്ചിട്ട് പോയത്. എന്തായാലും ചരൺജിത്തിന് രണ്ടാമതൊന്നാലോചിക്കാൻ ഉണ്ടായിരുന്നില്ല. ഉടനെ തന്നെ അദ്ദേഹം ആ പണവുമെടുത്ത് നേരെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചേർന്നു. ആ പണം അതിന്റെ ഉടമസ്ഥനിലേക്ക് തന്നെ തിരികെ എത്തും എന്ന് ഉറപ്പ് വരുത്തി.
ഈ സത്യസന്ധതയ്ക്ക് എന്തെങ്കിലും പ്രതിഫലം കിട്ടുമോ എന്ന് ചോദിച്ച റിപ്പോർട്ടറോട് താനൊരു പ്രതിഫലവും ആഗ്രഹിക്കുന്നില്ല എന്നാണ് ചരൺജിത്ത് പറയുന്നത്. വലിയ കയ്യടിയാണ് സോഷ്യൽമീഡിയ ചരൺജിത്ത് സിംഗിന് നൽകിയത്. അദ്ദേഹത്തിന്റെ സത്യസന്ധതയെ ആളുകൾ പുകഴ്ത്തുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Dec 27, 2023, 4:54 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]