ബാങ്കോക്ക്: തായ്ലൻഡിലെ ഫെറി യാത്രയിൽ സുരക്ഷാ വീഴ്ച. യാത്രാമധ്യേ ഫെറിയിലെ യാത്രക്കാരുടെ ലഗേജുകൾ കടലിൽ വീണു.
ഫെറിയിലെ യാത്രക്കാരനായ ഒരു ഓസ്ട്രേലിയൻ സഞ്ചാരി പകർത്തിയ വീഡിയോയിൽ കടലിൽ വ്യാപകമായി ലഗേജുകൾ വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്നത് കാണാം. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
കോ താവോ-കോ സമൂയി റൂട്ടിലാണ് സംഭവം നടന്നത്. കോ താവോയിൽ നിന്ന് കോ സമൂയിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഫെറിയിലാണ് ഗുരുതരമായ അനാസ്ഥ ഉണ്ടായിരിക്കുന്നത്.
തന്റെ സ്വന്തം സ്യൂട്ട്കേസ് ഉൾപ്പെടെ നഷ്ടമായ ഓസ്ട്രേലിയൻ സഞ്ചാരി ആലീസ് സാംപാരെല്ലിയാണ് സംഭവത്തിന്റെ വീഡിയോ പകർത്തിയത്. ഫെറി മുന്നോട്ട് നീങ്ങുമ്പോൾ നിരവധി സ്യൂട്ട്കേസുകളും ബാക്ക്പാക്കുകളും വെള്ളത്തിൽ ആടിയുലയുന്നത് ടിക് ടോക്കിൽ പങ്കുവെച്ച വീഡിയോയിൽ കാണാം.
‘കഴിവില്ലാത്ത ക്രൂ അംഗങ്ങൾ കാരണം ഞങ്ങളുടെ എല്ലാ ലഗേജുകളും നഷ്ടപ്പെട്ടു’ എന്ന അടിക്കുറിപ്പോടെയാണ് സാംപാരെല്ലി വീഡിയോ പങ്കുവെച്ചത്. എന്നാൽ, ലഗേജ് മുകളിലെ ഡെക്കിൽ സുരക്ഷിതമായി സൂക്ഷിച്ചിരുന്നുവെന്നും കടൽ പ്രക്ഷുബ്ധമായപ്പോൾ അത് വീണുപോയതാകാമെന്നുമാണ് ഫെറി ജീവനക്കാരുടെ വിശദീകരണം.
View this post on Instagram A post shared by I Love Thailand (@ilove_thailand66) ലഗേജുകൾ നഷ്ടമായതോടെ യാത്രക്കാർ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ഒടുവിൽ 50,000 ബാറ്റ് (ഏകദേശം 1.39 ലക്ഷം) നഷ്ടപരിഹാരം ലഭിച്ചതായി സാംപാരെല്ലി പറഞ്ഞു.
മറ്റ് പല യാത്രക്കാർക്കും കുറഞ്ഞ തുകയാണ് വാഗ്ദാനം ചെയ്തത്. പലർക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും കാലതാമസം കാരണം ചിലർക്ക് വിമാനങ്ങൾ പോലും നഷ്ടമായെന്നും അവർ കൂട്ടിച്ചേർത്തു.
നഷ്ടപ്പെട്ട ലഗേജുകളുടെ മൂല്യം ഫെറി ജീവനക്കാർ കുറച്ചുകാണിച്ചുവെന്നാണ് സാംപാരെല്ലിയുടെ ആരോപണം.
ഫെറിയിൽ നിന്ന് ഇറങ്ങാൻ യാത്രക്കാർ കൂട്ടാക്കാതെ വന്നതോടെ നീണ്ട ചർച്ചകൾക്ക് ശേഷം രഹസ്യമായാണ് പണം നൽകിയതെന്നും അവർ പറഞ്ഞു.
ആയിരക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ലഗേജുകളുടെ ദൃശ്യങ്ങൾ കണ്ട് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഞെട്ടലും ആശങ്കയും പ്രകടിപ്പിച്ചു.
തായ്ലൻഡിലെ ദ്വീപുകൾക്കിടയിൽ സർവീസ് നടത്തുന്ന ഫെറികളിലെ സുരക്ഷാ ക്രമീകരണങ്ങളെയാണ് ഉപയോക്താക്കൾ ചോദ്യം ചെയ്യുന്നത്. കോ താവോയ്ക്കും കോ സമൂയിക്കും ഇടയിലുള്ള യാത്ര, പ്രത്യേകിച്ച് മഴക്കാല മാസങ്ങളിൽ ഏറ്റവും ദുഷ്കരമായ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.
ഈ സമയം കടൽ വലിയ രീതിയിൽ പ്രക്ഷുബ്ധമാകാറുണ്ട്. എന്നാൽ, ലഗേജ് കടലിൽ വീഴുന്നത് പോലെയുള്ള സംഭവങ്ങൾ വളരെ അപൂർവമായി മാത്രമേ റിപ്പോർട്ട് ചെയ്യപ്പെടാറുള്ളൂ.
ഏതായാലും തായ്ലൻഡിൽ പ്രവർത്തിക്കുന്ന ഫെറികളിലെ ലഗേജ് കൈകാര്യം ചെയ്യുന്ന രീതി, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയെ കുറിച്ച് വ്യാപകമായി ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

