ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂര്‍- ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ വ്യാജ ഡോക്ടര്‍മാര്‍ പിടിയില്‍. വാടാനപ്പള്ളിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച ക്ലിനിക്കില്‍ പോലീസ് സഹായത്തോടെ ആരോഗ്യ വകുപ്പ് നടത്തിയ റെയ്ഡില്‍ ഒരാള്‍ അറസ്റ്റിലായി. വാടാനപ്പള്ളി ആല്മാവ് സെന്ററിന് പടിഞ്ഞാറ് മീര ക്ലീനിക്കില്‍ പൈല്‍സ് ചികിത്സ കേന്ദ്രം നടത്തുന്ന ബംഗാള്‍ സ്വദേശി രജീബ് ബിശ്വാസ്(34)നെയാണ് വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
ലൈസന്‍സും സര്‍ട്ടിഫിക്കറ്റും ഇല്ലാതെയാണ് വാടാനപ്പള്ളിയിലെ ക്ലീനിക്കില്‍ ഏറെ വര്‍ഷമായി മൂലക്കുരു ചികിത്സ നടത്തിയിരുന്നത്. മുമ്പും ഇവിടെ മിന്നല്‍ പരിശോധന നടത്തി ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ക്ലീനിക്ക് അടപ്പിച്ചെങ്കിലും പിന്നിട് വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. വാടാനപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് പ്രസന്നകുമാര്‍ വളവത്ത്, വലപ്പാട് ആയൂര്‍വേദ കേന്ദ്രത്തിലെ സീനിയര്‍ ഡോക്ടര്‍, വാടാനപ്പള്ളി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.ഗോപകുമാര്‍, തളിക്കുളം ഹോമിയോ മെഡിക്കല്‍ ഓഫീസര്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ജിബിന്‍, മിഷന്, എന്നിവര്‍ നേതൃത്വം നല്കി. വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
മാളയിലും അനധികൃതമായി ചികിത്സ നടത്തിയയാള്‍ അറസ്റ്റിലായി. മൂലക്കുരു, പൈല്‍സ് എന്നിവക്ക് ചികിത്സ നല്കി വന്നിരുന്ന സൗമ്യന്‍ ഭൗമിക് ആണ് പിടിയിലായത്. സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയെ തുടര്‍ന്നാണ് അംഗീകാരമില്ലാതെ ചികിത്സ നടത്തിവന്ന ഇയാള്‍ കുടുങ്ങിയത്. കഴിഞ്ഞ കുറച്ചു നാളുകളായി ഇയാള്‍ മാള പട്ടാളപ്പടിയില്‍ ക്ലിനിക് നടത്തി വരികയായിരുന്നു.
വ്യാജ ചികിത്സ നടത്തിയിരുന്ന ബംഗാള്‍ സ്വദേശികളായ രണ്ടു വ്യാജ ഡോക്ടര്‍മാരെ കുന്നംകുളം, തൃശൂര്‍ കിഴക്കേക്കോട്ട എന്നിവിടങ്ങളില്‍ നിന്നായി പിടികൂടി. ആരോഗ്യവകുപ്പിന്റെ പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. പിടിയിലായ ഇരുവരും ഗുഹ്യരോഗങ്ങള്‍ക്ക് ചികിത്സ നടത്തിയിരുന്നവരാണ്. .
കുന്നംകുളം യൂണിറ്റി ആശുപത്രിക്കുസമീപം പൈല്‍സ്, ഫിസ്റ്റുല ക്ലിനിക് എന്നപേരില്‍ ക്ലിനിക്ക് നടത്തിയിരുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശി ത്രിദീപ് കുമാര്‍ റോയ് (55), കിഴക്കുംപാട്ടുകര താഹോര്‍ അവന്യൂവില്‍ ചാന്ദ്രീസ് ക്ലിനിക് എന്നപേരില്‍ പൈല്‍സ്, ഹിസ്റ്റുല രോഗങ്ങള്‍ക്ക് ഹോമിയോ ക്ലീനിക് നടത്തിവന്നിരുന്ന ദിലീപ് കുമാര്‍ സിക്തര്‍ (67) എന്നിവരാണ് പിടിയിലായത്. ഇയാള്‍ വര്‍ഷങ്ങളായി ഇവിടെ ക്ലിനിക്ക് നടത്തിവരികയായിരുന്നു. ഹോമിയോയും അലോപ്പതിയും ഉള്‍പ്പടെ ഏത് രീതിയിലുള്ള ചികിത്സയും ഇയാള്‍ ചെയ്യുന്നുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
ഏത് രീതിയിലുള്ള ചികിത്സയും ചെയ്യാമെന്നതിന് ഇയാളുടെ പക്കല്‍ വ്യാജ രേഖയും ഉണ്ടായിരുന്നുവത്രേ. വ്യാജ ചികിത്സനടത്തിയിരുന്ന ഇരുവരും പാരമ്പര്യ ചികിത്സകരാണെന്നും, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചികിത്സ നടത്തുന്നു എന്നാണ് പരിശോധന സംഘത്തോട് പറഞ്ഞത്. പരിശോധനയ്ക്ക് മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ടി.പി. ശ്രീദേവി, ഡോ. കാവ്യ കരുണാകരന് എന്നിവര്‍ നേതൃത്വം നല്കി. ഡോക്ടര്‍ എന്ന ബോര്‍ഡ് വെച്ച് വ്യാജ ചികിത്സ നടത്തിയതിന് തൃശൂര്‍ ടൗണ്‍ ഈസ്റ്റ്, കുന്നംകുളം പോലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.