ആലപ്പുഴ ∙ ചേർത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ (52) കൊലപ്പെടുത്തി മൃതദേഹം ക്രൂരമായി കൈകാര്യം ചെയ്ത രീതി സെബാസ്റ്റ്യൻ (68) വിവരിക്കുമ്പോൾ, അതിരമ്പുഴ കോട്ടമുറി കാക്കനാട്ട് കാലായിൽ ജെയ്നമ്മ(55)യ്ക്കും അതുതന്നെ സംഭവിച്ചിരിക്കാമെന്ന സംശയം ബലപ്പെടുന്നു. 19 വർഷമായി കാണാതായിരുന്ന ബിന്ദു പത്മനാഭനെ താൻ അതിക്രൂരമായി
കുഴിച്ചുമൂടിയതാണെന്നു കേസിൽ പ്രതിസ്ഥാനത്തുള്ള പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യൻ കുറ്റസമ്മതം നടത്തിയിരുന്നു.
ബിന്ദുവിന്റെ അമ്പലപ്പുഴയിലെ സ്ഥലം വിറ്റപ്പോൾ കിട്ടിയ ഒന്നര ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു കൊലപാതകം.
ബിന്ദു തിരോധാനക്കേസിൽ വർഷങ്ങളോളം തെളിവൊന്നും കിട്ടാത്തതിനെത്തുടർന്ന് പിടിക്കപ്പെടാതെ ജീവിച്ച സെബാസ്റ്റ്യൻ മാസങ്ങൾക്കു മുൻപാണ് ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സംശയനിഴലിലായത്. തുടർന്ന്, ചോദ്യം ചെയ്യലിൽ ബിന്ദുവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പലയിടത്തു കുഴിച്ചിട്ടെന്നും മാസങ്ങൾക്കു ശേഷം അസ്ഥികൾ കുഴിച്ചെടുത്തു കത്തിച്ച് ചാരം പലയിടത്തായി കളഞ്ഞെന്നുമാണ് സെബാസ്റ്റ്യൻ പറഞ്ഞത്.
ഇതാണ് ഇയാളുടെ രീതിയെങ്കിൽ ജെയ്നമ്മയെയും ഇങ്ങനെ തന്നെ കൊലപ്പെടുത്തിയിട്ടുണ്ടാകുമെന്നു പൊലീസ് കരുതുന്നു. ജെയ്നമ്മയെ കാണാതായതിനെത്തുടർന്നു നടത്തിയ പരിശോധനയിൽ ഇയാളുടെ പള്ളിപ്പുറത്തെ വീട്ടുവളപ്പിൽ നിന്നു കണ്ടെത്തിയ കത്തിക്കരിഞ്ഞ അസ്ഥിക്കഷണങ്ങൾ അത്തരം സൂചനയാണ് നൽകുന്നത്.
കൊലപാതകത്തിന്റെ തെളിവുകൾ നശിപ്പിക്കാൻ ‘ക്ഷമയോടെ’ ഓരോ കാര്യവും ചെയ്യുന്നതാണു സെബാസ്റ്റ്യന്റെ ശൈലിയെന്നു പൊലീസിനു ബോധ്യപ്പെട്ടിട്ടുണ്ട്.
മൃതദേഹം കഷണങ്ങളാക്കി പലയിടത്തു കുഴിച്ചിടുക, അതെല്ലാം ജീർണിക്കാനായി കാത്തിരിക്കുക, രണ്ടോ മൂന്നോ മാസത്തിനു ശേഷം അസ്ഥി മാത്രമാകുമ്പോൾ കുഴിച്ചെടുത്തു കത്തിക്കുക, ചാരം പലയിടത്തായി കളയുക – ഓരോന്നും പലപ്പോഴായാണ് ഇയാൾ ചെയ്തതെന്നു പൊലീസ് പറയുന്നു. ജെയ്നമ്മയുടെ തിരോധാനത്തിൽ സെബാസ്റ്റ്യനു പങ്കുണ്ടെന്നതിനു കൂടുതൽ തെളിവും പൊലീസിനു കിട്ടിയിട്ടുണ്ട്.
ജെയ്നമ്മയെ കാണാതായ ദിവസം ഇരുവരുടെയും മൊബൈൽ ഫോണുകൾ ഒരേ ടവറിനു കീഴിലുണ്ടായിരുന്നു. ജെയ്നമ്മയുടെ സ്വർണാഭരണങ്ങൾ ആദ്യം പണയം വയ്ക്കുകയും പണയമെടുത്തു വിൽക്കുകയും ചെയ്തെന്നും കണ്ടെത്തി.
സെബാസ്റ്റ്യന്റെ വീട്ടിൽ കണ്ട
രക്തക്കറ ജെയ്നമ്മയുടേതാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു. ബിന്ദു പത്മനാഭന്റെ കാര്യത്തിൽ ലഭിച്ചിട്ടുള്ളതിനെക്കാൾ ശക്തമായ തെളിവുകളാണു ജെയ്നമ്മ കേസിലുള്ളതെന്നു സാരം.
2024 ഡിസംബർ 23നാണ് ജെയ്നമ്മയെ കാണാതായത്. സഹോദരൻ സാവിയോയുടെ പരാതി ആദ്യം പൊലീസ് കാര്യമായെടുത്തില്ല.
ജെയ്നമ്മ ധ്യാനത്തിനു പോയതാണെന്നായിരുന്നു പൊലീസിന്റെ നിഗമനം. സാവിയോ കോടതിയെ സമീപിക്കുകയും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുകയും ചെയ്തതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതും സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തതും.
ഈ കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]