ഷാർജ: ഷാര്‍ജയിലെ ഒരു റെസ്റ്റോറന്റിന് മുമ്പിൽ രണ്ട് പൂച്ചക്കുഞ്ഞുങ്ങളെ ക്രൂരമായി കൊന്നു. റെസ്റ്റോറന്റ് ജീവനക്കാർ സെപ്റ്റംബർ 22-ന് ജോലിക്ക് എത്തിയപ്പോഴാണ് സ്ഥാപനത്തിന് പുറത്ത് ഒരു പൂച്ചക്കുഞ്ഞ് ചത്തനിലയിൽ കണ്ടെത്തിയത്.
അടുത്ത ദിവസം റെസ്റ്റോറന്റിന്റെ പ്രവേശന കവാടത്തിന് സമീപം മറ്റൊരു പൂച്ചക്കുഞ്ഞിനെ കൂടി ചത്ത നിലയില്‍ കണ്ടെത്തിയതോടെ ജീവനക്കാർ പരിഭ്രാന്തരാകുകയായിരുന്നു. സംഭവത്തെ തുടർന്ന് മാനേജർ സിസിടിവി പരിശോധിച്ചപ്പോൾ കണ്ടത് അതിക്രൂരമായ ദൃശ്യങ്ങളായിരുന്നു.
രണ്ട് ദിവസവും രാവിലെ ഒരാൾ പൂച്ചക്കുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. രാവിലെ 6 മണിക്ക് എടുത്ത ദൃശ്യങ്ങളിൽ, ഒരാൾ പൂച്ചക്കുഞ്ഞുങ്ങളെ വലിച്ചെറിയുകയും ചവിട്ടുകയും അടുത്തുള്ള പ്രതലങ്ങളിൽ ശക്തിയായി അടിക്കുകയും ചെയ്യുന്നതായി കാണാം.
ആക്രമണം നടത്തുന്നതിന് മുമ്പ് കാഴ്ചക്കാർ ആരുമില്ലെന്ന് ഉറപ്പാക്കാൻ ഇയാൾ ചുറ്റും നോക്കുന്നുണ്ട്. ക്രൂരമായി ഉപദ്രവിച്ച ശേഷം, പൂച്ചക്കുഞ്ഞ് നിലത്ത് കിടന്ന് പിടയുമ്പോൾ, അയാൾ ചുറ്റും നോക്കി സ്ഥലം വിടുന്നു.
രണ്ട് ദിവസവും ഒരേ വേഷമാണ് ഇയാൾ ധരിച്ചിരുന്നത്. ‘പൂച്ചകളുടെ ശരീരത്തിൽ രക്തം ഉണ്ടായിരുന്നില്ല.
അപ്പോഴാണ് അസ്വാഭാവികമായി എന്തോ സംഭവിച്ചതായി ഞങ്ങൾ സംശയിച്ചത്. സിസിടിവി പരിശോധിക്കാൻ തീരുമാനിച്ചു.
കുട്ടികൾ സ്കൂൾ ബസിനായി കാത്തുനിൽക്കുന്ന അതിരാവിലെയാണ് ഈ സംഭവം നടന്നത്. ഇത് അതീവ ക്രൂരമാണ്, ഇയാളെ ഉടൻ പിടികൂടണം.
മൃഗങ്ങളായാലും മനുഷ്യരായാലും ഇത്തരത്തിലുള്ള ക്രൂരത ഒന്നുതന്നെയാണ്’- അബു ഷഗാരയിലെ ‘ഹൗസ് ഓഫ് ഗ്രിൽ’ റെസ്റ്റോറന്റ് മാനേജരായ റഷീദ് ഖലീജ് ടൈംസിനോട് പറഞ്ഞു. ഈ പൂച്ചക്കുഞ്ഞുങ്ങളെ പരിപാലിച്ചിരുന്ന ജോസഫ് ലോബോ എന്ന പ്രവാസി മലയാളി ദൃശ്യങ്ങൾ കണ്ടതിന് ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു.
37 വർഷമായി ഈ പ്രദേശത്ത് താമസിക്കുന്ന ഇദ്ദേഹം പ്രദേശത്തെ കടകളിൽ പ്രതിയുടെ ചിത്രം കാണിച്ചെന്നും ഇയാൾ അടുത്ത് എവിടെയോ ആണ് താമസിക്കുന്നതെന്നും സംശയിക്കുന്നുണ്ട്. അടുത്തിടെയായി ഇവിടെ നിരവധി പൂച്ചകളെ പരുക്കേറ്റ നിലയിലോ, ചത്ത നിലയിലോ കണ്ടെത്തിയിരുന്നു.
ഈ വ്യക്തി തന്നെയാണ് ഇതിന് പിന്നിലെന്നാണ് പ്രദേശവാസികൾ സംശയിക്കുന്നത്. പൂച്ചക്കുഞ്ഞുങ്ങളുടെ അമ്മ ഒരു വർഷം മുൻപ് ഞങ്ങളുടെ കടയിൽ വന്നു.
പിന്നീട് ഒരു കുഞ്ഞിന് ജന്മം നൽകി. 25 ദിവസം മുൻപാണ് ഈ രണ്ട് കുഞ്ഞുങ്ങൾ ജനിച്ചത്.
അവ കണ്ണ് തുറന്നതേ ഉണ്ടായിരുന്നുള്ളൂ, അന്ന് ആദ്യമായി പുറത്ത് ഇറങ്ങിയതായിരുന്നെന്നും ജോസഫ് പറഞ്ഞു. തെരുവു പൂച്ചകളെ പരിപാലിക്കുകയും അവയ്ക്ക് പുതിയ വീടുകൾ കണ്ടെത്താൻ സഹായിക്കുകയും ചെയ്യുന്നയാളാണ് ജോസഫ്.
അമ്മപ്പൂച്ചയ്ക്കും അതിന്റെ കുട്ടിക്കും പുതിയൊരു വീട് കണ്ടെത്താനുള്ള ശ്രമത്തിലാണ് ജോസഫ്. സംഭവത്തിന്റെ വീഡിയോ ഓൺലൈനിൽ വൈറലായതോടെ ഞെട്ടലിലാണ് പ്രദേശവാസികള്‍.
വീഡിയോ കണ്ട താമസക്കാർ അധികൃതർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രോഷം പ്രകടിപ്പിച്ചു.
സോഷ്യൽ മീഡിയയില്‍ നിരവധി പേരാണ് പ്രതിഷേധം അറിയിച്ചത്. യുഎഇയിലെ മൃഗസംരക്ഷണ നിയമങ്ങൾ ഇത്തരം കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷയാണ് നൽകുന്നത്.
മനഃപൂർവ്വം മൃഗങ്ങളെ കൊല്ലുകയോ ഗുരുതരമായി മുറിവേൽപ്പിക്കുകയോ ചെയ്യുന്നവർക്ക് ജയിൽ ശിക്ഷയോ പിഴയോ ലഭിക്കാം. വളർത്തു മൃഗങ്ങളെ ഉപദ്രവിക്കുക, പീഡിപ്പിക്കുക, പരിചരിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് 5,000 ദിർഹം വരെ പിഴ ചുമത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]