
തിരുവനന്തപുരം: ആയുഷ് മിഷന് കീഴിലെ കരാർ നിയമനങ്ങൾ ഇഷ്ടക്കാരെ തിരുകി കയറ്റാനുളള കുറുക്കുവഴിയെന്ന പരാതിക്ക് പഴക്കമേറെയാണ്. അപേക്ഷകർ 20 ൽ കുറവെങ്കിൽ, പരീക്ഷയില്ലാതെ അഭിമുഖത്തിലൂടെ മാത്രമാണ് നിയമനം നടത്തുക. സ്ഥിരം തസ്തിക സൃഷ്ടിക്കുന്നതിലെ സർക്കാരിന്റെ അലംഭാവം കൂടിയാണ് തട്ടിപ്പിന് വഴിയൊരുക്കുന്നത്.
സ്ഥിരം തസ്തികയ്ക്ക് പുറത്ത്, ആയുഷ് സ്ഥാപനങ്ങളിൽ ആളെ ആവശ്യം വന്നാൽ, നാഷണൽ ആയുഷ് മിഷൻ, NAM വഴിയാണ് കരാർ നിയമനം നടത്തുക. ആളെ ആവശ്യമുണ്ടെന്ന കാര്യം സ്ഥാപനങ്ങൾ ജില്ലാതലത്തിൽ അറിയിക്കണം. പിന്നെ സംസ്ഥാന ആയുഷ് മിഷൻ കേന്ദ്രത്തെ ഇക്കാര്യം അറിയിക്കും. കേന്ദ്രം അനുമതി തന്നാൽ, ജില്ലാ തലങ്ങളിലാണ് പിന്നെ നിയമനപ്രക്രിയ. 20ൽ കൂടുതൽ അപേക്ഷകർ ഉണ്ടെങ്കിൽ പരീക്ഷ നടത്തും. അപേക്ഷകർ കുറവെങ്കിൽ അഭിമുഖത്തിലൂടെ നിയമനം നടത്തും.
പലപ്പോഴും ഇങ്ങനെ നിയമിക്കപ്പെടുന്നത് ഇഷ്ടക്കാരെന്നാണ് ആക്ഷേപം. പിജി യോഗ്യത ആവശ്യപ്പെടുന്ന തസ്തികകളിൽ പലപ്പോഴും അപേക്ഷകർ കുറവാണ്. കരാർ നിയമനങ്ങളിലെ ഈ സാധ്യതകളൊക്കെ, തട്ടിപ്പിന് ദുരുപയോഗം ചെയ്യുന്നുണ്ടെന്ന സംശയമാണ് ഉയരുന്നത്. പെട്ടെന്ന് നിയമനം നടത്താനും, സാമ്പത്തിക ചെലവ് കുറക്കാനുമാണ് കരാർ നിയമനങ്ങൾ നടത്തുന്നെന്നാണ് സർക്കാർ വിശദീകരിക്കുന്നത്.
1300 തസ്തികകൾ എങ്കിലും സംസ്ഥാനത്ത് അധികം വേണമെന്നാണ് ആയുഷ് വകുപ്പിന്റെ കണക്ക്. ജൂലൈയിൽ, 116 തസ്തികകൾ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. അതിൽ 40 എണ്ണം ഹോമിയോ മെഡിക്കൽ ഓഫീസർമാർക്കായി മാറ്റിവച്ചു. സ്ഥിരം ജീവനക്കാരുടെ എണ്ണത്തിൽ വലിയ കുറവുള്ളപ്പോൾ കരാർ നിയമനങ്ങൾ നടത്താതെ വഴിയില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. പക്ഷെ ഇഷ്ടക്കാരെ തിരുകിക്കയറ്റാനും, തട്ടിപ്പ് നടത്താനും ഇതും വഴിതുറന്നിടുന്നു എന്ന് ചുരുക്കം.
Last Updated Sep 28, 2023, 9:37 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]