
ബെംഗളൂരു; യുവ എൻജിനിയറെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്ത്രീധനത്തിന്റെ പേരിലുള്ള നിരന്തരമായ പീഡനം കാരണമാണ് ശിൽപ്പ (27) ജീവനൊടുക്കിയതെന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.
തെക്കൻ ബെംഗളൂരുവിലെ സുദ്ദഗുണ്ടെപാളയയിലുള്ള വീട്ടിൽ ചൊവ്വാഴ്ച രാത്രിയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടര വർഷം മുമ്പാണ് ശിൽപ്പ പ്രവീണിനെ വിവാഹം കഴിച്ചത്.
ഇവർക്ക് ഒന്നര വയസ്സുള്ള ഒരു കുട്ടിയുണ്ട്. ഇൻഫോസിസിൽ സോഫ്റ്റ്വെയർ എൻജിനീയറായിരുന്നു ശിൽപ്പ.
ഭർത്താവ് പ്രവീൺ ഒറാക്കിളിൽ സോഫ്റ്റ്വെയർ എൻജിനീയറായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം ജോലി ഉപേക്ഷിച്ച് ഫുഡ് ബിസിനസ് ആരംഭിച്ചു.
പ്രവീണിന്റെ കുടുംബം വിവാഹ സമയത്ത് 15 ലക്ഷം രൂപയും 150 ഗ്രാം സ്വർണ്ണാഭരണങ്ങളും വീട്ടുപകരണങ്ങളും സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നുവെന്ന് ശിൽപ്പയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. ആവശ്യപ്പെട്ടത് നൽകിയെങ്കിലും വിവാഹ ശേഷം കൂടുതൽ പണം ആവശ്യപ്പെട്ട് ശിൽപ്പയുടെ ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി.
സ്ത്രീധനത്തിന്റെ പേരിലുള്ള മാനസിക പീഡനവും കളിയാക്കലുമാണ് ശിൽപ്പയുടെ ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചു. നിറത്തിന്റെ പേരിലും ശിൽപ്പയെ ഭർതൃകുടുംബം കളിയാക്കിയിരുന്നതായി കുടുംബം പരാതിയിൽ പറയുന്നു- “നിനക്ക് ഇരുണ്ട
നിറമാണ്, എന്റെ മകന് യോജിച്ചതല്ല. അവനെ വിടൂ.
ഞങ്ങൾ അവന് കൂടുതൽ നല്ലൊരു വധുവിനെ കണ്ടെത്തും” എന്ന് പ്രവീണിന്റെ അമ്മ പറഞ്ഞതായി പരാതിയിലുണ്ട്. പ്രവീണിന്റെ ബിസിനസ് ആവശ്യങ്ങൾക്കായി ആറ് മാസം മുമ്പ് അഞ്ച് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടെന്നും അത് നൽകിയിരുന്നുവെന്നും ശിൽപ്പയുടെ മാതാപിതാക്കൾ പറഞ്ഞു.
സുദ്ദഗുണ്ടെപാളയ പൊലീസ് സ്ത്രീധന പീഡനത്തിനും അസ്വാഭാവിക മരണത്തിനും കേസെടുത്തു. പ്രവീണിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.
അസിസ്റ്റന്റ് കമ്മീഷണർ തലത്തിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ശിൽപ്പയുടെ മൃതദേഹം മാതാപിതാക്കൾക്ക് വിട്ടുനൽകി.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]