
മാസത്തിൽ 35,000 രൂപ ശമ്പളം ലഭിക്കുന്നൊരു ജോലിക്കാരൻ ജോലിക്ക് വന്ന് വെറും രണ്ട് മിനിറ്റിനുള്ളിൽ തിരിച്ചു പോകുന്നു, എന്താവും അവസ്ഥ? ഭാഗ്യവാൻ എന്നാണോ? ബ്രസീലിൽ ഒരു സർക്കാർ ജീവനക്കാരനാണ് രണ്ട് വർഷത്തോളം ഇങ്ങനെ ജോലിക്ക് പോയി രണ്ട് മിനിറ്റിനുള്ളിൽ സ്ഥലം വിട്ടത്. ഇയാൾക്കെതിരെ ഇപ്പോൾ അന്വേഷണം നടക്കുകയാണത്രെ.
ന്യൂസ്ഫ്ലെയറിന്റെ റിപ്പോർട്ട് അനുസരിച്ച്, പരാനയിലെ പോണ്ട ഗ്രോസയിലുള്ള മുനിസിപ്പൽ ഫിനാൻസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന 56 -കാരനായ ലൂസിയാനോ ഗാസ്പർ ദാരുവിനെതിരെയാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
അഡ്മിനിസ്ട്രേറ്റീവ് ടെക്നീഷ്യനായി ജോലി ചെയ്യുകയാണത്രെ ഇയാൾ. പതിവായി ഷോർട്ട്സും ഫ്ലിപ്പ് ഫ്ലോപ്പുകളും പോലെയുള്ള വേഷം ധരിച്ചാണ് ഇയാൾ സിറ്റി ഹാളിൽ ജോലിക്കായി എത്തിയിരുന്നത്.
എന്നാൽ, ഡ്യൂട്ടിക്ക് എത്തി രണ്ട് മിനിറ്റിനുള്ളില് ഇയാൾ സ്ഥലം വിടുകയും ചെയ്യും. ഈ വർഷം മാർച്ച് മാസത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ദാരു ജോലിക്കായി എത്തി ഒരു മിനിറ്റും 15 സെക്കൻഡും കഴിഞ്ഞ് അവിടെ നിന്ന് ഇറങ്ങിപ്പോവുന്നത് കാണാമായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.
രാവിലെ വന്ന് പോയ ശേഷം ഇയാൾ വൈകുന്നേരം വരും, രജിസ്റ്ററിൽ കാര്യങ്ങളൊക്കെ രേഖപ്പെടുത്തിയ ശേഷം ജോലിക്ക് വന്ന്, മുഴുവൻ ദിവസവും ജോലി ചെയ്ത് മടങ്ങുകയാണ് എന്ന മട്ടിൽ മടങ്ങുകയും ചെയ്യും. 2023 ഓഗസ്റ്റ് മുതൽ 2025 ജൂൺ വരെയും ഇയാൾ ഇങ്ങനെ തന്നെയാണ് ചെയ്തത്.
ആ കാലമത്രയും ഇയാൾ മാസം ഏകദേശം 2,300 BRL (35,000) രൂപ ശമ്പളം വാങ്ങിക്കൊണ്ടിരുന്നു. അങ്ങനെ ജോലിയൊന്നും ചെയ്യാതെ തന്നെ ആകെ ഏകദേശം 33,000 BRL (5 ലക്ഷം രൂപ) സമ്പാദിക്കുകയും ചെയ്തു.
ഇയാൾ ഷോർട്സും മറ്റും ധരിച്ച് സ്ഥിരമായി വരുന്നത് ശ്രദ്ധയിൽ പെട്ടതോടെ ഒരു സഹപ്രവർത്തകനാണ് സംശയം തോന്നിയത്. അങ്ങനെ അന്വേഷിച്ചപ്പോഴാണ് ഇയാൾ രണ്ട് വർഷത്തോളമായി ഇങ്ങനെ ജോലിക്ക് വന്ന് അഞ്ച് മിനിറ്റിനുള്ളിൽ ജോലിയൊന്നും ചെയ്യാതെ മടങ്ങുകയും വൈകുന്നേരമെത്തി രജിസ്റ്ററിൽ കാര്യങ്ങളൊക്കെ എഴുതി വീണ്ടും മടങ്ങുകയുമായിരുന്നു എന്ന് കണ്ടെത്തിയത്.
അന്വേഷണത്തിൽ ഇയാൾ കുറ്റം സമ്മതിച്ചു. രണ്ട് വർഷം തടവും പിഴയും കിട്ടാവുന്ന കുറ്റമാണ് ഇയാൾ ചെയ്തിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]