
ചേർത്തല: മത്സ്യാവശിഷ്ടങ്ങൾ കയറ്റി വന്ന ഇൻസുലേറ്റഡ് ലോറിയുടെ ടയർ പഞ്ചറായി വഴിയിൽ കിടന്നതോടെ ദുർഗന്ധം പരന്ന് പരിസരവാസികൾക്ക് ശാരീരികാസ്വാസ്ഥ്യം. ഇന്ന് രാവിലെ ചേർത്തല നെടുമ്പ്രക്കാടിന് സമീപമായിരുന്നു സംഭവം.നാട്ടുകാർ പൊലീസിനെയും ആരോഗ്യ വിഭാഗത്തെയും വിളിച്ചുവരുത്തിയതിനെ തുടർന്ന് ലോറി കസ്റ്റഡിയിലെടുത്തു. ആലുവയിൽ നിന്ന് മത്സ്യാവശിഷ്ടങ്ങൾ കയറ്റി തൂത്തുകുടിയിലേയ്ക്ക് പോവുകയായിരുന്ന ലോറിയാണ് ചേർത്തലയിൽ എത്തിയപ്പോൾ ടയർ പഞ്ചറായി വഴിയിൽ കിടന്നത്.
ചേർത്തല നെടുമ്പ്രക്കാട് പള്ളിക്കവലയ്ക്ക് സമീപത്ത് ലോറി മണിക്കൂറുകളോളം പാർക്ക് ചെയ്തതോടെ ലോറിയിൽ കെട്ടിക്കിടന്ന മലിന ജലം പുറത്തേയ്ക്ക് ഒഴുകാന് തുടങ്ങി. തുടർന്ന് പ്രദേശത്താകെ ദുർഗന്ധം നിറഞ്ഞു. നാട്ടുകാരുടെ പരാതിയെ തുടർന്ന് ട്രാഫിക് പോലീസും, നഗരസഭ ആരോഗ്യ വിഭാഗവുമെത്തി ലോറി കസ്റ്റഡിയിലെടുത്ത് മാലിന്യ പ്ലാന്റ് നിർമ്മാണം നടക്കുന്ന ആനതറവെളിയിൽ എത്തിച്ചു.
185ഓളം പ്ലാസ്റ്റിക് പെട്ടികളിലായി സൂക്ഷിച്ചിരുന്ന മത്സ്യാവശിഷ്ടങ്ങൾ കുഴിച്ച് മൂടുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
എന്നാൽ 75 ശതമനത്തിന് മുകളിൽ മാലിന്യം മൂടി കഴിഞ്ഞപ്പോൾ ദുർഗന്ധം സഹിക്കവയ്യാതെ സമീപത്തെ സ്ഥാപനങ്ങളും, നാട്ടുകാരും പ്രതിഷേധവുമായെത്തി. ഇത് കുറച്ച് നേരം തർക്കത്തിന് വഴിയൊരുക്കി. പ്രതിഷേധത്തെ തുടർന്ന് മണ്ണിൽ മൂടാതെ ബാക്കി മാലിന്യവുമായി ലോറി പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. മാലിന്യം നിറഞ്ഞ ലോറി പോലീസ് സ്റ്റേഷൻ പരിസരത്ത് ദുർഗന്ധമുണ്ടാക്കുന്ന സാഹചര്യവുമുണ്ടായതോടെ പൊലീസും വെട്ടിലായി. പിന്നീട് വാഹനത്തിന്റെ പേപ്പറുകളും മറ്റും പരിശോധിച്ച് ബാക്കി വന്ന മാലിന്യവുമായി പോകാൻ അനുവാദം നൽകിയാണ് പ്രശ്നം പരിഹരിച്ചത്.
Last Updated Jul 28, 2024, 4:14 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]