
‘സ്റ്റോക്ഹോം സിൻഡ്രോമിന്റെ’ ഉപജ്ഞാതാവ്, കുപ്രസിദ്ധ സ്വീഡിഷ് ബാങ്ക് മോഷ്ടാവ്; ഒടുവിൽ മരണത്തിന് കീഴടങ്ങി ഒലോഫ്സൺ
സ്റ്റോക്ഹോം∙ ‘സ്റ്റോക്ഹോം സിൻഡ്രോമിന്റെ’ കാരണക്കാരൻ സ്വീഡനിലെ ഏറ്റവും കുപ്രസിദ്ധനായ ക്രിമിനൽ ക്ലാർക് ഒലോഫ്സൺ (78) അന്തരിച്ചു. ദീർഘനാളത്തെ അസുഖബാധയെത്തുടർന്ന് സ്വീഡനിലെ അർവികയിലെ ആശുപത്രിയിൽ ജൂൺ 24നാണ് ഒലാഫ്സൺ അന്തരിച്ചതെന്നു കുടുംബം അറിയിച്ചു.
സ്റ്റോക്ഹോം സിൻഡ്രോമിന്റെ (ബന്ദികളാക്കപ്പെടുന്നവർക്ക് തടവിലാക്കിയവരോട് അടുപ്പം തോന്നുന്ന മാനസികാവസ്ഥ) ഉപജ്ഞാതാവായ ബാങ്ക് കൊള്ളക്കാരൻ എന്ന നിലയിൽ പ്രശസ്തനായ വ്യക്തിയാണ് ക്ലാർക് ഒലോഫ്സൺ.
നിരവധി മോഷണങ്ങളും ജയിൽവാസങ്ങളും നിറഞ്ഞ ജീവിതമായിരുന്നു ഒലോഫ്സണിന്റേത്.
പലതവണ ജയിൽ ചാടുകയും പൊലീസിനെ വെട്ടിച്ചു രക്ഷപ്പെടുകയും ചെയ്ത ചരിത്രവുമുണ്ട് ഒലോഫ്സണിന്. സ്വീഡന്റെ ആദ്യ പോപ് ഗാങ്സ്റ്റർ ആയിരുന്നു ഒലോഫ്സൺ.
2022ൽ നെറ്റ്ഫ്ലിക്സ് ഇയാളുടെ ജീവിതത്തെക്കുറിച്ച് ഡോക്യുമെന്ററി ചെയ്തിരുന്നു.
∙ ക്രെഡിറ്റ്ബാങ്കൻ കൊള്ള
1973ലെ ബാങ്ക് കൊള്ളയാണ് സ്റ്റോക്ഹോം സിൻഡ്രോമിന്റെ ഉപജ്ഞാതാവായി ഒലോഫ്സണിനെ മാറ്റിയത്. 1973 ഓഗസ്റ്റ് 23ന് സ്വീഡനിലെ സ്റ്റോക്ഹോമിലെ നോർമൽസ്ട്രോമിലുള്ള ക്രെഡിറ്റ്ബാങ്കൻ എന്ന ബാങ്കിൽ ജാനെ ഒൽസൻ എന്ന മോഷ്ടാവ് കൊള്ള നടത്തിയിരുന്നു.
മൂന്നു സ്ത്രീകളെയും ഒരു പുരുഷനെയും ആറു ദിവസത്തോളം ഇയാൾ ബന്ദിയാക്കി. അന്നു ജയിലിൽ കഴിയുകയായിരുന്ന ഒലോഫ്സണെ ബാങ്കിൽ എത്തിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം.
ഇതു സമ്മതിച്ച അധികൃതർ പൊലീസുകാർ വളഞ്ഞ ബാങ്കിനുള്ളിലേക്ക് ഒലോഫ്സണെ കയറ്റിവിട്ടു. ബാങ്കിനുള്ളിലെത്തിയ ഒലോഫ്സൺ, തടവുകാരിൽ ഒരാളായ ക്രിസ്റ്റിൻ എൻമാർക്കിനെക്കൊണ്ട് കവർച്ചക്കാർക്കുവേണ്ടി സ്വീഡിഷ് പ്രധാനമന്ത്രിയെ ഫോണിൽ വിളിപ്പിച്ചിരുന്നു.
കവർച്ചക്കാരെ പൂർണമായി വിശ്വസിക്കുന്നുവെന്നും അവർ തങ്ങളോട് ഒന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞ എൻമാർക്, കവർച്ചക്കാർക്ക് രക്ഷപ്പെടാനായി അവരുടെ ആവശ്യപ്രകാരം നൽകുന്ന കാറിൽ പോകാൻ തന്നെയും അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പലവട്ടം നടത്തിയ ഫോൺകോളുകളിൽ അവർ കുറ്റവാളികളെ പുകഴ്ത്തുകയും ചെയ്തു.
വർഷങ്ങൾക്കുശേഷം അവർ അതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: ‘‘എനിക്ക് ഒന്നും സംഭവിക്കില്ലെന്ന് ക്ലാർക് ഉറപ്പുനൽകിയിരുന്നു. അതുകൊണ്ട് ഞാൻ അയാളെ വിശ്വസിച്ചു.
അന്നെനിക്ക് 23 വയസ്സാണ് പ്രായം, ജീവനിൽ പേടിയുണ്ടായിരുന്നു. എനിക്കു രക്ഷപ്പെടാൻ വേണ്ടി ഞാൻ ഈ കാര്യങ്ങൾ ചെയ്തു’’. ആറു ദിവസങ്ങൾക്കുശേഷം മേൽക്കൂര തകർത്ത് കണ്ണീർവാതകം പ്രയോഗിച്ചാണ് പൊലീസുകാർ ബാങ്ക് കവർച്ച തകർത്തത്.
1980കളിൽ ഒലോഫ്സൺ ഭാര്യയ്ക്കൊപ്പം ബെൽജിയത്തിലേക്കു താമസം മാറിയിരുന്നു. എന്നാൽ അനധികൃത ലഹരിക്കടത്തിന്റെ പേരിൽ പിടിയിലായി.
സ്റ്റോക്ഹോമിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിലെ 1993ലെ കവർച്ചാക്കേസിലും ഒലോഫ്സൺ പ്രതിയായിരുന്നു. പലവട്ടം ജയിലിൽക്കിടന്ന ഒലോഫ്സൺ 2018ലാണ് അവസാനം ജയിൽമോചിതനായത്.
ഏതാനും വർഷം മുൻപ് ഏതോ അജ്ഞാത രോഗം മൂലം 46 കിലോയോളം ഇയാളുടെ ഭാരം കുറഞ്ഞിരുന്നു. ∙ രക്ഷപ്പെടാൻ മടിച്ച് ബന്ദികൾ
ക്രിമിനലുകൾക്കുനേരെ പൊലീസ് വെടിയുതിർത്തേക്കുമെന്ന ഭയത്തിൽ ഇവരെ വിട്ടുപോകാൻ ബന്ദികൾ മടിച്ചിരുന്നു.
മാത്രമല്ല, ഒലോഫ്സണിനും, ഒൽസനുമെതിരെ മൊഴിനൽകാനും അന്നു ബന്ദികളാക്കപ്പെട്ടവർ തയാറായിരുന്നില്ല. ബന്ദികൾക്ക് അവരെ തടവിലാക്കിയ കുറ്റവാളികളോട് ഒരുതരം വൈകാരിക ബന്ധം രൂപപ്പെട്ടുവെന്നു പിന്നീടു വ്യക്തമായി.
രക്ഷിക്കാൻ ശ്രമിക്കുന്ന പൊലീസിനോടുപോലും അവർക്കു വിരോധം തോന്നി. അവർ കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു. ഈ സംഭവത്തെക്കുറിച്ച് പഠിച്ചതിനുശേഷം, സ്വീഡിഷ് ക്രിമിനോളജിസ്റ്റ് നൈൽസ് ബീജെറോട്ട് ആണ് ഈ പ്രതിഭാസത്തിന് ‘സ്റ്റോക്ഹോം സിൻഡ്രോം’ എന്ന പേരു നൽകിയത്.
ഈ പ്രതിഭാസം ഒരുതരം മാനസിക പ്രതികരണമായിട്ടാണ് മനഃശാസ്ത്രജ്ഞർ കാണുന്നത്. ബലാത്സംഗം, ഗാർഹിക പീഡനം, കുട്ടികളെ തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ മറ്റു സാഹചര്യങ്ങളിലും ഇതേ അവസ്ഥ കാണപ്പെടാറുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]