
വരുന്ന 5 ദിവസം മഴ ശക്തമായി തുടരും; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ
തിരുവനന്തപുരം ∙ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും വരുന്ന 5 ദിവസം മഴ ശക്തമായി തുടരും. തെക്കൻ കേരളത്തിലും സാമാന്യം ഭേദപ്പെട്ട
മഴയുണ്ടാകും. കോട്ടയം, ഇടുക്കി, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് ആണ്.
നാളെ കോട്ടയം, ഇടുക്കി, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ട് തുടരും. മഴ മുന്നറിയിപ്പുള്ളതിനാൽ തൃശൂർ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ആലപ്പുഴ പുന്നപ്ര പറവൂർ ചാണിയിൽ റോക്കിയെ (സ്റ്റീഫൻ–54) കടലിൽ കാണാതായി.
കണ്ണൂർ എടക്കാട് ഏഴരക്കടപ്പുറത്ത് കഴിഞ്ഞദിവസം കടലിൽ കാണാതായ വിദ്യാർഥി ഫർഹാൻ റൗഫിന്റെ (18) മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം പേയാട് കാവടിക്കടവിൽ കുളിക്കാനിറങ്ങിയ സുനിൽകുമാറിനെ (46) കാണാതായി.
ഇന്നലെ വൈകിട്ട് നാലോടെയാണ് അപകടം. വിളപ്പിൽശാല ഗവ.ആശുപത്രിക്കു സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു സുനിൽകുമാർ.
തെക്കുപടിഞ്ഞാറൻ രാജസ്ഥാനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.
വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോടു ചേർന്നുള്ള പശ്ചിമ ബംഗാൾ, ബംഗ്ലദേശ് തീരത്തിനും മുകളിലായി നാളെ ചക്രവാതച്ചുഴി രൂപപ്പെടാനും 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.
ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]