
കണ്ണൂര്‍: നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിവി അൻവറും കോൺഗ്രസും തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ മുൻകൈയിൽ കൂടുതൽ നീക്കങ്ങൾ. കുഞ്ഞാലിക്കുട്ടി കെസി വേണുപോലുമായി സംസാരിച്ചു. പ്രശ്ന പരിഹാരത്തിന് വഴി നിർദേശിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടതായാണ് വിവരം. കൂടാതെ മറ്റു കോൺഗ്രസുകാരുമായും കുഞ്ഞാലിക്കുട്ടി സംസാരിച്ചതായി സൂചനയുണ്ട്. അൻവറുമായി ബന്ധപ്പെട്ടുള്ള വിഡി സതീശൻ്റെ നിലപാട് മറികടന്നാണ് നിലവിൽ ചർച്ചകൾ നടക്കുന്നത്. കുഞ്ഞാലിക്കുട്ടി ഇടപെട്ടതിനാൽ വിഷയത്തിൽ കെസി വേണുഗോപാൽ ഇടപെടും. അതേസമയം, അൻവർ കെസി വേണുഗോപാലുമായി കൂടിക്കാഴ്ച്ച നടത്താനും സാധ്യതയുണ്ട്.
പിവി അൻവറിനെ ചൊല്ലി കോൺഗ്രസിൽ ഭിന്നാഭിപ്രായങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. അൻവർ മുന്നണിയിൽ വേണ്ടെന്ന് സതീശൻ ഒറ്റയ്ക്ക് തീരുമാനിക്കേണ്ടെന്ന് കെ സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു. നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ അൻവർ നിർണായക ശക്തിയാണ്. അൻവറിന്റെ കയ്യിലുള്ള വോട്ട് യുഡിഎഫിന് കിട്ടിയില്ലെങ്കിൽ അത് തിരിച്ചടിയാകുമെന്നും ഇക്കാര്യം വിഡി സതീശനുമായി സംസാരിക്കുമെന്നും സുധാകരൻ പറഞ്ഞു.
വ്യക്തിപരമായ അഭിപ്രായം അൻവര്‍ മുന്നണിക്കകത്ത് വേണമെന്നാണെന്ന് സുധാകരന് പറഞ്ഞു. ആരും അൻവറിനെ ക്ഷണിച്ചിട്ടില്ല. അങ്ങോട്ട് ചെന്ന് പറഞ്ഞതല്ല. അദ്ദേഹം ഇങ്ങോട്ട് വന്നതാണ്. അഭിപ്രായ ഭിന്നത പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഷൗക്കത്തിനെതിരായ കാര്യം പത്ര സമ്മേളനത്തിൽ പറയേണ്ടതല്ല. ചർച്ച നടത്തി തീരുമാനിക്കേണ്ടതാണെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസില്‍ അഭിപ്രായ വ്യത്യാസമില്ല. അൻവർ മുന്നണിയിൽ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് മാത്രം തീരുമാനമെടുക്കേണ്ടതല്ല. മുസ്ലിം ലീഗിന് അൻവറിനെ കൊണ്ടുവരുന്നതിൽ താൽപര്യമുണ്ടെന്നും സുധാകരൻ കൂട്ടിച്ചേര്‍ത്തു. അൻവറിനെതിരായ നേതാക്കളുടെ വികാരം സ്വാഭാവികമാണ്. മുന്നണിയിൽ വന്നിട്ട് എതിരഭിപ്രായം പറയാൻ പറ്റില്ല. അൻവറിൻ്റെ വോട്ട് കിട്ടിയില്ലെങ്കിൽ യുഡിഎഫിന് തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാവിയിൽ യുഡിഎഫിന് അൻവർ ബാധ്യതയാകുമെന്ന് തോന്നുന്നില്ല. ഘടകകക്ഷി ആക്കണം എന്നാണ് അൻവറിന്റെ ആവശ്യം. ഇത് പ്രതിപക്ഷ നേതാവ് ഒറ്റയ്ക്ക് തീരുമാനിക്കേണ്ടതല്ല. പാർട്ടിയുടെ നേതൃത്വം മൊത്തമായി എടുക്കേണ്ടതാണ്. പ്രതിപക്ഷ നേതാവിനെതിരെ അൻവർ പറഞ്ഞത് അദ്ദേഹത്തിൻ്റെ അഭിപ്രായമാകും. അങ്ങനെ പറയുന്നത് ശരിയല്ലെന്ന് അൻവറിനെ വിളിച്ച് ആവശ്യപ്പെടുമെന്നും സുധാകരൻ കൂട്ടിച്ചേര്‍ത്തു. ഷൗക്കത്തിനെ അംഗീകരിക്കാൻ അൻവർ തയ്യാറാവണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]