
ന്യൂട്ടന്റെ ഒന്നാം ചലന നിയമത്തിന് ഇതിൽ വലിയ പങ്കുണ്ട്. മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗതയിലാണ് നിങ്ങൾ ഓടിക്കുന്ന വാഹനം വരുന്നത് എന്ന് സങ്കൽപ്പിക്കുക. ഈ വാഹനം ഒരു ഖരവസ്തുവിൻ ഇടിച്ചാൽ വാഹനം ചിലപ്പോൾ പെട്ടെന്ന് നിൽക്കുമായിരിക്കും എന്നാൽ വാഹനത്തിലിരിക്കുന്ന വ്യക്തികൾ തൊട്ട് മുൻപിലുള്ള സ്റ്റിയറിംഗ്, ഡാഷ് ബോർഡ്, സീറ്റ്ബെൽറ്റ് തുടങ്ങിയ വസ്തുവിൽ ഇടിക്കുന്നത് വരെ 100 കിലോമീറ്റർ വേഗതയിൽ തന്നെ മുൻപിലേക്ക് പോകും. ഈ സാഹചര്യം മൂലമാണ് അപകടം ചെറുതാണെങ്കിലും അതിന്റെ പരിക്ക് ഗുരുതരമായി മാറുന്നത്.
സീറ്റ്ബെൽറ്റുകൾ എങ്ങനെയാണ് ജീവൻ രക്ഷകരാകുന്നത്?
സീറ്റ്ബെൽറ്റുകൾ അപകടം മൂലമുണ്ടാകുന്ന ആഘാതത്തെ നമ്മുടെ ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളായ ശിരസ്സ്, കഴുത്ത് എന്നിവയിലേക്ക് ഏൽപ്പിക്കാതെ ശരീരത്തിന്റെ ഏറ്റവും ശക്തമായ ഭാഗങ്ങളായ നെഞ്ച്, ഇടുപ്പ് എന്നീ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുന്നു. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത്മാത്രമായി ആഘാതം കേന്ദ്രീകരിക്കപ്പെടുന്നതിന് പകരം 3000 സ്ക്വയർ സെന്റീമീറ്ററിലായാണ് ഇത് വിഭജിക്കപ്പെടുന്നത്.
പുതിയതായി പുറത്തിറങ്ങുന്ന വാഹനങ്ങളിലെ സീറ്റ് ബെൽറ്റുകളിൽ കൂടുതൽ മികവുറ്റ ലോഡ് ലിമിറ്റർ സംവിധാനങ്ങളുണ്ട്. ഇവ ആഘാതത്തെ 30% വരെയായി കുറയ്ക്കുവാൻ സഹായകരമാകും. എന്നാൽ ഒരു തവണ അപകടം സംഭവിക്കുകയും ഈ സീറ്റ് ബെൽറ്റുകൾ പ്രവർത്തന നിരതമാവുകയും ചെയ്താൽ രണ്ടാമതൊരു തവണ ഉപയോഗിക്കാൻ സാധിക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ ഇവ മാറ്റി പുതിയ സീറ്റ് ബെൽറ്റ് സ്ഥാപിക്കണം.
എയർബാഗിന്റെ ശാസ്ത്രീയത
കണ്ണടച്ച് തുറക്കുന്ന വേഗതയിലാണ് എയർ ബാഗുകൾ പ്രവർത്തിക്കുന്നത്. 30-50 മില്ലി സെക്കന്റ് ആണ് ഇതിന്റെ പ്രവർത്തന വേഗത. ആഘാത സമയത്ത് മുന്നിലേക്കുള്ള പ്രയാണത്തെ ഒരു മെത്തയുടെ രീതിയിൽ പ്രതിരോധിക്കുകയാണ് എയർബാഗ് ചെയ്യുന്നത്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എയർബാഗുകൾ പ്രവർത്തിക്കുമ്പോൾ യാത്രക്കാരൻ നിർബന്ധമായും സീറ്റ്ബെൽറ്റ് ധരിച്ചിരിക്കണമെന്നതാണ്. സീറ്റ്ബെൽറ്റ് ധരിക്കാത്ത യാത്രക്കാരിൽ ചിലപ്പോൾ എയർബാഗ് മൂലവും ഗുരുതര പരിക്കുകൾ സംഭവിക്കാം.
വാഹനങ്ങളുടെ സുരക്ഷാ സംവിധാനങ്ങൾ
ആധുനിക വാഹനങ്ങളിൽ നൂതനമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ യാഥാർത്ഥ്യമാക്കിയ നിരവധി പ്രതിരോധ സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഇലക്ട്രിക് സ്റ്റെബിലിറ്റി കൺട്രോൾ ( ഇ എസ് സി ) : വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെടുമ്പോൾ സെൻസറുകളുടെ സഹായത്തോടെ തിരിച്ചറിഞ്ഞ് സ്വയം പ്രവർത്തിക്കുന്ന ബ്രേക്കുകൾ പ്രവർത്തിപ്പിച്ച് പ്രയാണം തടസ്സപ്പെടുത്തുകയും വാഹനം തെന്നിമാറുകയോ അപകടം സംഭവിക്കുകയോ ചെയ്യുന്ന സാഹചര്യത്തിന് തടയിടുകയും ചെയ്യുന്നു.
ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് (എ ഇ ബി ) : നടക്കാൻ സാധ്യതയുള്ള അപകടത്തെ പെട്ടെന്ന് തിരിച്ചറിഞ്ഞ് ഓട്ടോമാറ്റിക്ക് ആയി ബ്രേക്ക് പ്രവർത്തിപ്പിച്ച് വാഹനം നിർത്തുന്ന രീതിയാണിത്. മനുഷ്യന് പ്രവർത്തിക്കുവാൻ സാധിക്കുന്നതിനേക്കാൾ വേഗതയിലാണ് ഇവിടെ പ്രവർത്തനം നടക്കുന്നത്.
ക്രംപിൾ സോണുകൾ : വാഹനത്തിന് സംഭവിക്കുന്ന ആഘാതം വാഹനം തന്നെ ഏറ്റുവാങ്ങുകയും യാത്രക്കാരെ സുരക്ഷിതരാക്കുകയും ചെയ്യുന്ന രീതിയാണിത്. വാഹനം ഇടിക്കുവാൻ ഏറ്റവും സാധ്യതയുള്ള ഭാഗങ്ങളിലാണ് ക്രംപിൾ സോൺ ചെയ്യുക. പ്രത്യക്ഷത്തിൽ വലിയ ആഘാതം നടന്നതായി തോന്നുമെങ്കിലും ഇതിൽ യാത്രക്കാർ സുരക്ഷിതരായിരിക്കും.
പ്രതിരോധത്തിലെ മാനുഷിക ഘടകങ്ങൾ
മുകളിൽ പ്രതിപാദിച്ചത് സാങ്കേതികമായ കാര്യങ്ങളെ കുറിച്ചാണെങ്കിൽ ഇനി പറയാൻ പോകുന്നത് അപകടങ്ങളിലെ മാനുഷികമായ ഇടപെടലുകളെ കുറിച്ചാണ്. വാഹനാപകടങ്ങളിൽ 94%ത്തിനും കാരണം നമ്മുടെ തന്നെ ഭാഗത്തുള്ള കാരണങ്ങളാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
പ്രതികരണ സമയം എന്നത് യഥാർത്ഥത്തിൽ 1.5 സെക്കന്റാണ്. എന്നാൽ പ്രായം, ക്ഷീണം, അശ്രദ്ധ തുടങ്ങിയ കാരണങ്ങളാൽ ഈ പ്രതികരണ സമയത്തിൽ വ്യതിയാനം സംഭവിക്കുന്നു. മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ വാഹനമോടിക്കുന്ന വ്യക്തിയുടെ ശ്രദ്ധ സ്വാഭാവികമായും വ്യതിചലിക്കപ്പെടും. സമീപക്കാഴ്ച ഇടുങ്ങുകയും കൃത്യത പാലിക്കാൻ സാധിക്കാതെ വരികയും ചെയ്യും.
ഫോണിലുള്ള ശ്രദ്ധ മറ്റൊരു കാരണമാണ്. ഹാന്റ്സ് ഫ്രീ ഫോണുകളാണെങ്കിൽ പോലും സംസാരിക്കുന്ന സമയത്ത് ശ്രദ്ധ മാറുകയും ‘ അശ്രദ്ധമൂലമുള്ള അന്ധത’ എന്ന അവസ്ഥ കൈവരികയും ചെയ്യും. ഡ്രൈവർ റോഡിലേക്ക് നോക്കുന്നുണ്ടാകാം, പക്ഷെ അപകടം മുൻകൂട്ടി കാണാൻ സാധിക്കില്ല എന്നതാണ് പരിണിത ഫലം.
ശാസ്ത്രീയമായ അടിയന്തര പരിചരണം
സുവർണ്ണ മണിക്കൂർ (ഗോൾഡൻ അവർ)
അപകട ചികിത്സയിലെ ഏറ്റവും പ്രധാനപ്പെട്ട വാചകമാണ് ഗോൾഡൻ അവർ എന്നത്. അപകടം സംഭവിച്ച് ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ മികച്ച ചികിത്സ ലഭ്യമാകുന്ന കേസുകളിൽ ഗുരുതരമായി പരിക്കുപറ്റിയവരിൽ പോലും അതിജീവന നിരക്ക് കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
ജീവൻ രക്ഷിക്കാനുള്ള ചില ചെറിയ മുൻകരുതലുകൾ
സ്വന്തം കാറിലാണെങ്കിൽ,
• സീറ്റ് ബെൽറ്റ് എപ്പോഴും നിർബന്ധമായും ധരിക്കുക. സ്വന്തം ജീവൻ രക്ഷിക്കുവാൻ നിങ്ങൾക്ക് സ്വയം നിർവ്വഹിക്കാൻ സാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മുൻകരുതലാണിത്. അപകട മരണത്തിന്റെ നിരക്ക് പകുതിയായി കുറയ്ക്കാൻ ഈ മുൻകരുതൽ സഹായകരമാകുന്നു. നിങ്ങൾ വാഹനം സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ വാഹനത്തിലുള്ള മുഴുവൻ പേരും സീറ്റ്ബെൽറ്റ് ധരിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക.
• അമിതവേഗത ഒഴിവാക്കുക, വേഗം വർദ്ധിക്കുന്നതിനനുസരിച്ച് അപകട സാധ്യതയും വർദ്ധിക്കുന്നു എന്ന് ഓർമ്മിക്കുക.
• യാത്രക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക. വാഹനം ഓടിക്കുമ്പോൾ ഫോണിൽ മെസ്സേജ് അയക്കുന്നത് അഞ്ച് സെക്കന്റ് നേരം കണ്ണടച്ച് വാഹനം ഓടിക്കുന്നതിന് തുല്യമാണെന്ന് ഓർമ്മിക്കുക.
• മദ്യപിച്ച് വാഹനം ഓടിക്കരുത്. ഏറ്റവും കുറഞ്ഞ അളവിലുള്ള മദ്യത്തിന്റെ സാന്നിധ്യം പോലും നിങ്ങളുടെ യാത്രാ സുരക്ഷയെ ദോഷകരമായി ബാധിക്കും. അത്തരം സാഹചര്യത്തിലാണ് നിങ്ങൾ ഉള്ളതെങ്കിൽ ഒന്നുകിൽ യാത്ര മാറ്റിവെക്കുകയോ മദ്യപിക്കാത്ത മറ്റൊരു വ്യക്തിയെ വാഹനം ഓടിക്കാൻ ഏൽപ്പിക്കുകയോ ടാക്സി വിളിക്കുകയോ ചെയ്യുക.
• തൊട്ടുമുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം നിർബന്ധമായും പാലിക്കണം. ഏറ്റവും കുറഞ്ഞത് 3 സെക്കന്റ് വ്യത്യാസമെങ്കിലും രണ്ട് വാഹനങ്ങൾക്കിടയിലുണ്ടാകണം.
നടക്കുമ്പോഴും സൈക്ലിംഗ് ചെയ്യുമ്പോഴും
• നിങ്ങളെ മറ്റുള്ളവർക്ക് കാണാൻ സാധിക്കുന്നുണ്ടെന്നുറപ്പ് വരുത്തണം. രാത്രിയിലാണെങ്കിൽ തെളിച്ചമുള്ള വസ്ത്രങ്ങളും സൈക്കിളിൽ റിഫ്ളക്ടറും ഉണ്ടെന്ന് ഉറപ്പ് വരുത്തണം. യാത്രക്കാരെയും സൈക്കൾ യാത്രക്കാരെയും ബാധിക്കുന്ന അപകടങ്ങളിൽ ഭൂരിഭാഗവും വാഹനം ഓടിക്കുന്ന വ്യക്തിക്ക് അവരെ കാണാൻ സാധിക്കാത്തതാണ് കാരണമെന്ന് ഓർമ്മിക്കുക.
• ക്രോസ്സ് വാക്കുകളും ബൈക്ക് ലൈനുകളുമെല്ലാം നമ്മുടെ സുരക്ഷയ്ക്കുള്ളവ തന്നെയാണ് എന്നിരുന്നാലും ഇവ മുറിച്ച് കടക്കുന്നതിന് മുൻപ് ഇരു വശങ്ങളിലേക്കും നോക്കി സുരക്ഷ ഉറപ്പ് വരുത്തണം.
• സൈക്ലിംഗ് നടത്തുമ്പോൾ ഹെൽമെറ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇത് തലയ്ക്ക് സംഭവിക്കുന്ന അപകടത്തെ പ്രതിരോധിക്കാൻ നല്ല രീതിയിൽ സഹായകരമാകുമെന്ന് എമർജൻസി റൂമിലെ എന്റെ അനുഭവങ്ങൾ സാക്ഷ്യം പറയും.
അപകടം സംഭവിച്ചാൽ എങ്ങനെ സഹായിക്കാം?
ആദ്യം സ്വന്തം സുരക്ഷ ഉറപ്പ് വരുത്തുക : മറ്റൊരാളെ സഹായിക്കാൻ ഇറങ്ങിത്തിരിക്കുന്നതിന് മുൻപ് സ്വന്തം സുരക്ഷ ഉറപ്പ് വരുത്തണം. നിങ്ങളുടെ വാഹനത്തിന്റെ അപകടവെളിച്ചം ഓൺചെയ്യുകയും, വാഹനം സുരക്ഷിതമായി പാർക്ക് ചെയ്യുകയും മറ്റ് വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം.
ആംബുലൻസ് ഉൾപ്പെടെയുള്ള എമർജൻസി സഹായത്തിന് ഉടനടി അഭ്യർത്ഥിക്കുക: താങ്കളുടെ കൃത്യമായ ലൊക്കേഷൻ പറഞ്ഞ് കൊടുക്കുക. എത്രപേർക്ക് പരിക്ക് പറ്റിയിട്ടുണ്ട് എന്ന വിവരം കൈമാറുക. രക്തസ്രാവമുണ്ടോ? അബോധാവസ്ഥയിലാണോ?, ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ? തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ച് കൊടുക്കുക. അവർ എത്തിച്ചേരും വരെ ഫോണിൽ തുടരുക.
വ്യക്തിക്ക് ബോധമുണ്ടോ എന്ന് പരിശോധിക്കുക : അപകടം സംഭവിച്ച വ്യക്തിയുടെ ചുമിൽ തട്ടിയ ശേഷം ഉച്ചത്തിൽ ‘ താങ്കൾ ഒ കെ ആണോ’ എന്ന് ചോദിക്കുക. പ്രതികരിക്കുന്നുണ്ടെങ്കിൽ ആശ്വസിപ്പിക്കുകയും, സഹായം ഉടനടിയെത്തുമെന്ന് പറയുകയും ചെയ്യുക.
ശ്വാസമില്ലെങ്കിൽ : വ്യക്തിക്ക് ശരിയായി ശ്വസിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഉടനടി സി പി ആർ നൽകണം.
1. ഒരു കൈപ്പത്തി വ്യക്തിയുടെ മുലഞെട്ടുകൾക്ക് മധ്യത്തിലായി നെഞ്ചിന്റെ ഭാഗത്ത് അമർത്തിപ്പിടിക്കുക.
2. രണ്ടാമത്തെ കൈപ്പത്തികൊണ്ട് ആദ്യത്തെ കൈപ്പത്തിക്ക് മുകളിൽ ശക്തമായി വേഗത്തിൽ തുടർച്ചയായി നിർത്താതെ അമർത്തുക
3. 2 ഇഞ്ചെങ്കിലും ആഴത്തിൽ കൈപ്പത്തി എത്തുന്ന രീതിയിൽ അമർത്തണം. ഇത് സെക്കന്റിൽ 100 – 120 തവണ ആവർത്തിക്കുക.
4. സഹായം എത്തുന്നത് വരെ തുടരുക.
അമിത രക്തസ്രാവമുണ്ടെങ്കിൽ
1. മുറിവിന്റെ ഭാഗം വൃത്തിയുള്ള തുണികൊണ്ടോ ടവ്വൽ കൊണ്ടോ കൈപ്പത്തികൊണ്ടോ അമർത്തിപ്പിടിക്കുക.
2. സഹായം എത്തിച്ചേരുന്നത് വരെ ഈ നില തുടരുക
3. രക്തസ്രാവം കൂടുതലാവുകയാണെങ്കിൽ തുണിമാറ്റാതെ കൂടുതൽ തുണികൾ ഉപയോഗിച്ച് അമർത്തിപ്പിടിക്കുക.
4. മുറിവേറ്റത് കൈക്കോ, കാലിനോ ആണെങ്കിൽ ഹൃദയത്തിന്റെ മുകൾഭാഗത്ത് വരുന്ന രീതിയിൽ ഉയർത്തിപ്പിടിക്കുക.
5. രക്തസ്രാവം ശക്തമാണെങ്കിൽ ധമനികളെ ശക്തമായി അമർത്തി രക്തപ്രവാഹം കുറയ്ക്കാൻ സഹായിക്കുന്ന ടോർണിക്വറ്റ്സ് ഉപയോഗിക്കാം. മുറിവിന്റെ രണ്ടോ മൂന്നോ ഇഞ്ച് മുകളിൽ സ്ഥാപിച്ച ശേഷം രക്തസ്രാവം നിലയ്ക്കുന്നത് വരെ കാത്തിരിക്കുക. ഉപയോഗിച്ച സമയം പ്രത്യേകം രേഖപ്പെടുത്തിവക്കണം.
പരിക്കുപറ്റിയ വ്യക്തികളെ അപകട സ്ഥലത്ത് നിന്ന് മാറ്റരുത്. തീ, ഗതാഗതമുള്ള റോഡ് തുടങ്ങിയ സ്ഥലങ്ങളിലൊഴികെ അപകടം സംഭവിച്ച വ്യക്തിയെ മാറ്റിക്കിടത്താൻ ശ്രമിക്കരുത്. പുറംഭാഗത്തോ കഴുത്തിനോ അപകടം സംഭവിച്ച വ്യക്തിയാണെങ്കിൽ അശാസ്ത്രീയമായി മാറ്റാൻ ശ്രമിക്കുന്നത് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിക്കാൻ കാരണമാകും.
ഷോക്കിനുള്ള സാധ്യത ശ്രദ്ധിക്കുക: ശരീരത്തിൽ ആവശ്യത്തിന് രക്തമില്ലാത്ത അവസ്ഥ വരികയാണെങ്കിൽ അപകടം സംഭവിച്ച വ്യക്തിക്ക് ഷോക്ക് ഉണ്ടാകാം. ഇനി പറയുന്നകാര്യങ്ങൾ ശ്രദ്ധിക്കണം.
ചർമ്മം വിളറുകയോ, തണുക്കുകയോ, വിയർക്കുകയോ ചെയ്യുന്നുവെങ്കിൽ നാഡിമിടിപ്പ് ശക്തമാവുകയോ കുറയുകയോ ചെയ്താൽ വ്യക്തിക്ക് ആശയക്കുഴപ്പമോ ആശങ്കയോ ഉണ്ടെങ്കിൽ ഛർദ്ദിയോ, ഓക്കാനമോ ഉണ്ടെങ്കിൽ.
ഈ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ
വ്യക്തിയെ നിലത്ത് കിടത്തുക.
കാലുകൾ മുകളിലേക്ക് പൊന്തിക്കുക (നടുവിനോ കഴുത്തിനോ പരിക്ക് സംഭവിച്ചിട്ടില്ല എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം).
തണുപ്പകറ്റാൻ ബ്ലാങ്കറ്റോ, കോട്ടോ മറ്റോ ഉപയോഗിച്ച് അവരെ പൊതിയുക.
തലയ്ക്കാണ് പരിക്കെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം.
തലയ്ക്ക് പരിക്കേൽക്കുന്ന വ്യക്തികൾ പലപ്പോഴും തുടക്കത്തിൽ ബുദ്ധിമുട്ടിന്റെ ലക്ഷണങ്ങൾ കാണിച്ചു എന്ന് വരില്ല, എന്നാൽ സമയം പിന്നിടുമ്പോൾ നില അതീവ ഗുരുതരമായി മാറുവാനുള്ള സാധ്യതയുണ്ട് എന്നും മനസ്സിലാക്കണം. ഇത്തരം സന്ദർഭങ്ങളിൽ ഇനി പറയുന്ന ലക്ഷണങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
ഛർദ്ദി
ശക്തമായ തലവേദന
ആശയക്കുഴപ്പമോ അസാധാരണമായ പെരുമാറ്റമോ
അപസ്മാരം
കണ്ണിന്റെ കൃഷ്ണമണി തുല്യമല്ലാതിരിക്കുക.
ചെവിയിലൂടെയോ കണ്ണിലൂടെയോ സ്രവം വരിക
ഇത്തരം ലക്ഷണങ്ങളിലേതെങ്കിലും ശ്രദ്ധയിൽ പെട്ടാൻ ഉടനടി അടിയന്തര സഹായം ലഭ്യമാക്കണം.
തലക്ക് പരിക്കേറ്റാൽ എന്താണ് ചെയ്യേണ്ടത്.
• അദ്ദേഹത്തെ എഴുന്നേൽപ്പിക്കുകയും സംസാരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
• കഴിക്കാനോ കുടിക്കാനോ ഒന്നും നൽകരുത്
• അവരിൽ എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുക.
തലക്ക് പരിക്കേറ്റാൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ
ഇനി പറയുന്ന കാര്യങ്ങൾ ചെയ്താൽ പരിക്ക് കൂടുതൽ ഗുരുതരമായി മാറുവാൻ സാധ്യതയുണ്ട്.
• അപകടം സംഭവിച്ച സ്ഥലത്ത് നിന്നും ഉടനടി മാറ്റേണ്ട സാഹചര്യമില്ലെങ്കിൽ അദ്ദേഹത്തെ അവിടെ തന്നെ തുടരാൻ അനുവദിക്കുക.
• മുറിവിൽ തറച്ച് കയറിയ വസ്തുക്കൾ നീക്കം ചെയ്യരുത്.
• അപകടം പറ്റിയ വ്യക്തിക്ക് ഭക്ഷണമോ വെള്ളമോ നൽകരുത്.
• തകർന്ന അസ്ഥികൾ കൂട്ടിയോജിപ്പിക്കാൻ ശ്രമിക്കരുത്.
• അബോധാവസ്ഥയിലുള്ള വ്യക്തിയെ തനിച്ച് വിടരുത്.
• അപകടം സംഭവിച്ച വ്യക്തി നടക്കുകയോ മറ്റോ ചെയ്യുന്നുണ്ട് എന്ന് കരുതി കുഴപ്പമൊന്നുമില്ല എന്ന് വിധിയെഴുതരുത്.
നമ്മൾ നടത്തേണ്ട തയ്യാറെടുപ്പുകൾ
ഇനി പറയുന്ന കാര്യങ്ങൾ നമ്മുടെ കാറിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തണം.
• മുറിവിന് കെട്ടാൻ ഉപയോഗിക്കുന്ന കോട്ടൺ, ടാപ്പ് എന്നിവ ഉൾ്പെടെയുള്ള ഫസ്റ്റ് എയിഡ് കിറ്റ്.
• വൃത്തിയുള്ള ടവ്വൽ
• ബോട്ടിൽ വെള്ളം
• ഫ്ളാഷ് ലൈറ്റ്
• അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ.
ഇനി പറയു്ന്ന കാര്യങ്ങളിൽ അറിവ് നേടണം.
• സി പി ആർ (കാർഡിയോപൾമണറി റസസിറ്റേഷൻ)
• പ്രാഥമിക ജീവൻ രക്ഷാമാർഗ്ഗങ്ങളിൽ (ഫസ്റ്റ് എയിഡ്) അടിസ്ഥാനപരമായ അറിവ്
• എ ഇ ഡി (ഓട്ടോമാറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രില്ലേറ്റർ) എങ്ങിനെ ഉപയോഗിക്കണം.
പ്രത്യേക സാഹചര്യങ്ങൾ
കുഞ്ഞുങ്ങൾ അപകടത്തിൽ പെട്ടാൽ
മുതിർന്നവരുടെ അപേക്ഷിച്ച് കുഞ്ഞുങ്ങളിലെ അപകടങ്ങൾ വ്യത്യസ്തമായിരിക്കാം. ശരീരവുമായി താരതമ്യം ചെയ്യുമ്പോൾ അവരുടെ ശിരസ്സിന് വലുപ്പം കൂടുതലായിരിക്കും. അതിനാൽ തന്നെ കുഞ്ഞുങ്ങളിലെ അപകടങ്ങളിലും തലയ്ക്കും കഴുത്തിനും പരിക്ക് പറ്റാനുള്ള സാധ്യത കൂടുതലാണ്.
ചൂടാക്കി നിർത്തുക – കുഞ്ഞുങ്ങൾക്ക് പരിക്ക് പറ്റിയാൽ പെട്ടെന്ന് തണുപ്പനുഭവപ്പെടും. ശാന്തത പാലിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുക. പരിഭ്രാന്തരായ കുഞ്ഞുങ്ങളെ ചികിത്സിക്കാൻ പ്രയാമാണ്. കരയുന്ന കുഞ്ഞ് ശാന്തനായ കുഞ്ഞിനേക്കാൾ നല്ലതാണ്.
ഇരുചക്ര വാഹന അപകടങ്ങൾ.
വ്യക്തിക്ക് ശാവ്സതടസ്സമുണ്ടാവുകയോ, സി പി ആർ നൽകാനുണ്ടെങ്കിലോ ്അല്ലാതെ ഹെൽമറ്റ് ഊരരുത്.
കൂടുതൽ പേർക്ക് പരിക്ക് പറ്റിയിട്ടുണ്ടെങ്കിൽ
1. ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന വ്യക്തിയെ അവസാനം സഹായിക്കുക : കാരണം പൊതുവെ ഏറ്റവും ഗുരുതരമായി പരിക്കേറ്റത് അവർക്കായിരിക്കില്ല.
2. നിശ്ശബ്ദരായ, അല്ലെങ്കിൽ അബോധാവസ്ഥയിലുള്ള വ്യക്തിയെ ആദ്യം പരിശോധിക്കുക.
3. ഗുരുതരമായി പരിക്കേറ്റ വ്യക്തിക്ക് നിങ്ങളാൽ സാധിക്കുന്നതെല്ലാം ചെയ്ത് നൽകുക.
4. സാധ്യമാണെങ്കിൽ കൂടുതൽ സഹായം നൽകുക.
ഓർമ്മിക്കേണ്ട പ്രധാന കാര്യങ്ങൾ
1. മരുന്നിനേക്കാൾ നല്ലത് മുൻ കരുതലാണ് : സീറ്റ്ബെൽറ്റ് ധരിക്കുക, അമിതവേഗം ഒഴിവാക്കുക, ഡ്രൈവിംഗിൽ ശ്രദ്ധപുലർത്തുക
2. അപകടങ്ങൾക്ക് മുന്നിൽ ശാന്തനായിരിക്കുക : ദീർഘനിശ്വാസമെടുത്ത ശേഷം എനിക്ക് എന്ത് ചെയ്യാനാകുമെന്ന് ചിന്തിക്കുക.
3. സ്വയം ചെയ്യുന്നതിനേക്കാൾ നല്ലത് പ്രൊഫഷണൽ സഹായം തേടുന്നതാണ്.
4. സുരക്ഷിതമായി മാത്രം ഇടപെടുക: നിങ്ങളെ കൊണ്ട് സാധിക്കുന്ന സഹായമെല്ലാം നൽകുക അതോടൊപ്പം സ്വന്തം സുരക്ഷകൂടി ഉറപ്പ് വരുത്തുക.
5. ഓരോ നിമിഷവും പ്രധാനപ്പെട്ടതാണ് : പെട്ടെന്നുള്ള ഇടപെടലുകൾ എന്നാൽ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള സമയം എന്നാണർത്ഥം.
എന്തനാണ് ഈ സന്ദേശം?
ലോക വ്യാപകമായി മരണങ്ങൾക്കും അംഗവൈകല്യങ്ങൾക്കുമുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം റോഡപകടങ്ങളാണ്. അതോടൊപ്പം തന്നെ മനുഷ്യന് സ്വയം പ്രതിരോധിക്കാൻ ഏറ്റവും കൂടുതൽ സാധിക്കുന്നതും റോഡപകടങ്ങളാണ്. അഥവാ അപകടങ്ങൾ സംഭവിക്കുകയോ ദൃക്സാക്ഷിയായി മാറേണ്ടി വരികയോ ചെയ്താൽ ആദ്യ മിനിറ്റുകളിൽ നമുക്ക് എന്തെല്ലാം ചെയ്യുമെന്നറിയണം.
ഓർക്കുക, ഒരു അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തണമെങ്കിൽ താങ്കൾ ഡോക്ടറോ മെഡിക്കൽ ഫീൽഡിലെ ജീവനക്കാരനോ ആകണമെന്നില്ല. സഹായത്തിന് വിളിക്കുക, രക്തസ്രാവം നിർത്തുക, തുടങ്ങിയ ചെറിയ കാര്യങ്ങളിലൂടെ തന്നെ നിങ്ങൾക്ക് ജീവൻ രക്ഷകനായി മാറാം. താങ്കളുടെ അറിവും പെട്ടെന്നുള്ള തീരുമാനവും ഒരു ജീവൻ രക്ഷികനായി മാറാൻ സഹായകരമാകും – ചിലപ്പോൾ അത് താങ്കളുടെ സ്വന്തം ജീവൻ തന്നെയുമാകാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]