
‘2 കോടി ആവശ്യപ്പെട്ട് പീഡനം’, യുവതിയുടെ ശരീരത്തിൽ 30 മുറിവുകൾ; കർണാടക മുൻ മന്ത്രിയുടെ മകനടക്കം 5 പേർ അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുംബൈ ∙ എൻസിപി അജിത് വിഭാഗം മുൻ നേതാവിന്റെ മരുമകൾ പുണെയിൽ ജീവനൊടുക്കിയ സംഭവത്തിൽ പ്രതികൾക്കു സഹായം ചെയ്തതിന്റെ പേരിൽ കർണാടക മുൻ മന്ത്രിയുടെ മകൻ ഉൾപ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എൻസിപി നേതാവായിരുന്ന രാജേന്ദ്ര ഹഗാവാനെ, മകൻ സുശീൽ എന്നിവർ ഒളിവിലായിരുന്ന സമയത്ത് കൊങ്കോളി ടോൾ പ്ലാസയ്ക്കടുത്തു റിസോർട്ടിൽ താമസസൗകര്യം ഒരുക്കിക്കൊടുത്തതിനാണു കോൺഗ്രസ് നേതാവും കർണാടക മുൻ മന്ത്രിയുമായ വീർകുമാർ പാട്ടീലിന്റെ മകൻ പ്രിതം പാട്ടീലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. രാജേന്ദ്ര ഹഗാവാനെയും സുശീലും പിന്നീട് അറസ്റ്റിലായിരുന്നു.
രാജേന്ദ്ര ഹഗാവാനെയുടെ മരുമകൾ വൈഷ്ണവിയെ (26) കഴിഞ്ഞ 16നാണു പുണെയിലെ ബാവ്ധനിൽ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 111 പവൻ സ്വർണവും വെള്ളിയും ഒരു ആഡംബരക്കാറും നൽകി വിവാഹം നടത്തിയിട്ടും, ഭൂമി വാങ്ങാനായി 2 കോടി രൂപ കൂടി നൽകണമെന്ന് ആവശ്യപ്പെട്ട് ഭർത്താവിന്റെ കുടുംബം വൈഷ്ണവിയെ തുടർച്ചയായി പീഡിപ്പിച്ചിരുന്നെന്നു യുവതിയുടെ മാതാപിതാക്കൾ ആരോപിച്ചു. അവർ നൽകിയ പരാതിയിൽ വൈഷ്ണവിയുടെ ഭർത്താവ് ശശാങ്ക്, ഭർതൃമാതാവ് ലത ഹഗാവാനെ, ഭർതൃസഹോദരി കരിഷ്മ എന്നിവരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ശരീരത്തിൽ 30 മുറിവ്
എൻസിപി നേതാവിന്റെ മരുമകൾ വൈഷ്ണവിയുടെ ശരീരത്തിൽ മരണസമയത്ത് 30 മുറിവുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രോസിക്യൂഷൻ ഇത് കോടതിയിൽ സമർപ്പിച്ചു. വൈഷ്ണവിയുടെ മരണം കൊലപാതകമാണെന്ന ആരോപണം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. 15 മുറിവുകൾ മരണത്തിന്റെ 24 മണിക്കൂറിനുള്ളിൽ സംഭവിച്ചതാണ്. 11 മുറിവുകൾ 5 മുതൽ 7 ദിവസങ്ങൾക്കിടയിലും സംഭവിച്ചു. മരിക്കുന്നതിനു മുൻപ് യുവതി ക്രൂരമായ പീഡനത്തിനു വിധേയയായിട്ടുണ്ടെന്നാണ് അതു സൂചിപ്പിക്കുന്നതെന്നും ആരോപണമുണ്ട്.