
ഇന്ത്യന്‍ രൂപയെ ആഗോള തലത്തില്‍ കൂടുതല്‍ സ്വീകാര്യമാക്കുന്നതിനുള്ള വലിയൊരു ചുവടുവെപ്പുമായി റിസര്‍വ് ബാങ്ക് . വിദേശ രാജ്യങ്ങളിലെ വായ്പക്കാര്‍ക്ക് ഇന്ത്യന്‍ രൂപയില്‍ വായ്പ നല്കാന് ബാങ്കുകളെ അനുവദിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ് റിസര്‍വ് ബാങ്ക്. രൂപയുടെ അന്താരാഷ്ട്രവല്‍ക്കരണത്തിനായുള്ള സുപ്രധാന നീക്കമാണിത്.
രൂപയുടെ ആഗോള വ്യാപനം ലക്ഷ്യം
കഴിഞ്ഞ മാസം റിസര്‍വ് ബാങ്ക് ധനമന്ത്രാലയത്തിന് അയച്ച ശുപാര്‍ശയില്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാന് തുടങ്ങിയ അയല്‍ രാജ്യങ്ങളിലെ പ്രവാസി വായ്പക്കാര്‍ക്ക് രൂപയില്‍ വായ്പ നല്കാന് ഇന്ത്യന്‍ ബാങ്കുകളെയും അവരുടെ വിദേശ ശാഖകളെയും അനുവദിക്കണമെന്ന് നിര്‍ദ്ദേശിച്ചതായി വൃത്തങ്ങള്‍ പറയുന്നു. നിലവില്‍, ഇന്ത്യന്‍ ബാങ്കുകളുടെ വിദേശ ശാഖകള്‍ക്ക് വിദേശ കറന്‍സികളില്‍ മാത്രമേ വായ്പ നല്കാന് അനുമതിയുള്ളൂ. ഈ വായ്പകള്‍ പ്രധാനമായും ഇന്ത്യന്‍ കമ്പനികള്‍ക്കാണ് നല്‍കുന്നത്.
ഇന്ത്യന്‍ കറന്‍സിയുടെ വിദേശ ഇടപാടുകളിലെ ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ കുറച്ചുകാലമായി ശ്രമിച്ചുവരികയാണ്. അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചുകൊണ്ടാണ് ഈ നീക്കം ആരംഭിക്കുന്നത്. വിദേശ ബാങ്കുകള്‍ക്ക് ഇന്ത്യന്‍ രൂപയില്‍ വായ്പ നല്കാന് കഴിഞ്ഞാല്‍, വിദേശ വ്യാപാര ഇടപാടുകള്‍ ഇന്ത്യന്‍ രൂപയില്‍ നടത്തുന്നതിനുള്ള സാധ്യതകള്‍ തുറക്കും. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാന് എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 25 ബില്യണ്‍ ഡോളറായിരുന്നു.
തന്ത്രപരമായ നടപടികള്‍
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിദേശ ഇടപാടുകളില്‍ രൂപയുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതിനായി റിസര്‍വ് ബാങ്ക് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. അടുത്തിടെ, പ്രവാസികള്‍ക്ക് രൂപ അക്കൗണ്ടുകള്‍ തുറക്കാന്‍ കേന്ദ്ര ബാങ്ക് അനുമതി നല്കി. ഈ മാസം ആദ്യം, രൂപ അധിഷ്ഠിത നിക്ഷേപവും വ്യാപാരവും വര്‍ദ്ധിപ്പിക്കുന്നതിനായി, വോസ്ട്രോ അക്കൗണ്ടുകളുള്ള വിദേശ ബാങ്കുകള്‍ക്ക് ഹ്രസ്വകാല സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ വാങ്ങുന്നതിനുള്ള പരിധി നീക്കം ചെയ്യാന്‍ റിസര്‍വ് ബാങ്ക് സര്‍ക്കാരിന്റെ അനുമതി തേടിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഒരു വിദേശ ബാങ്കിന് വേണ്ടി ഒരു ആഭ്യന്തര ബാങ്ക് സൂക്ഷിക്കുന്ന അക്കൗണ്ടാണ് വോസ്ട്രോ അക്കൗണ്ട്.
രൂപയിലുള്ള ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ അയല്‍ രാജ്യങ്ങളുമായി നിരവധി കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ജനുവരിയില്‍, ഇന്തോനേഷ്യ, മാലിദ്വീപ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ കേന്ദ്ര ബാങ്കുകളുമായി ഇന്ത്യന്‍ രൂപ ഉള്‍പ്പെടെയുള്ള പ്രാദേശിക കറന്‍സികളിലെ ഇടപാടുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി റിസര്‍വ് ബാങ്ക് ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]